ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലി വൈക്കത്ത് ആഘോഷിച്ചു
ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി കോട്ടയം വൈക്കത്ത് ആഘോഷിച്ചു. സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ പ്രഭാഷണം,മുതിർന്ന സംഗീതജ്ഞരെ ആദരിക്കൽ, വയലിൻ കച്ചേരി തുടങ്ങിയ പരിപാടികളോടെയായിരുന്നു ആഘോഷം.
വൈക്കം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന സുവർണ ജൂബിലി ആഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. കേരളാ കലാമണ്ഡലം മുൻ ഡെപ്പൂട്ടി രജിസ്ട്രാർ വി.കലാധരൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ്, നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി,ദേവസ്വം ഭരണ സമിതിയംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ സ്വാഗതസംഘം ഭാരവാഹികളായ മുൻ എം.എൽ.എ കെ.അജിത്, ഗായകൻ ദേവാനന്ദ്, വി.ആർ.സി. നായർ, ഗിരീഷ് വർമ്മ, ആർ.സുരേഷ് ബാബു,പി.സന്തോഷ്, ജെ.എസ്.വിഷ്ണു എന്നിവർ സന്നിഹിതരായി.
ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന്
കുമാരി എ.കന്യാകുമാരിയുടെ വയലിൻ കച്ചേരി അരങ്ങേറി.അർജുൻ ഗണേഷ് (മൃദംഗം) തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളം ഒരുക്കി.




















