ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം തുടങ്ങി 

ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞതോടെ 15 ദിവസത്തെ സംഗീതാർച്ചനയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിലിൽ നിന്ന് പകർന്ന ദീപം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടാണ് ചെമ്പൈസംഗീത മണ്ഡപത്തിലെ നിലവിളക്കിൽ  തെളിയിച്ചത്.

ക്ഷേത്രം അടിയന്തിര വിഭാഗത്തിലെ നാദസ്വരം തവിൽ കലാകാരൻമാർ മംഗളവാദ്യം മുഴക്കി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവർ വാതാപി… എന്ന കീർത്തനം ആലപിച്ചു .

പ്രൊഫ. എസ്. ഈശ്വര വർമ്മ വയലിനിലും എൻ. ഹരി മൃദംഗത്തിലും പക്കമേളമൊരുക്കി. തുടർന്ന് തൃശൂർ അയ്യന്തോൾ സ്വദേശി അദ്രിജ സിബിയുടെ കീർത്തനത്തോടെ സംഗീതാർച്ചന ആരംഭിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി  അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ മാസ്റ്റർ, എൻ.ഹരി, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ എന്നിവർ സന്നിഹിതരായി..