നിമിഷ കവിയായ ബിച്ചു കുറിച്ചുതന്ന സ്നേഹവരികൾ
കെ.കെ.മേനോൻ
എന്നെ മാനസികമായി വളരെ തളർത്തിയ ഒരു വാർത്തയായിരുന്നു അത്. ബിച്ചുവിന്റെ മരണവാർത്ത വലിയ മാനസിക ആഖാതമാണ് നൽകിയത്. വാക്കുകളെ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള കവി, പ്രണയ വിചാരങ്ങൾക്കും, മോഹങ്ങൾക്കും പുതിയ ഭാവം പകർന്ന ഗാനരചയിതാവ്… അങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത അനന്യമായ ഗാനസൃഷ്ടികൾ നമുക്ക് നൽകിയ മഹാപ്രതിഭ.
“പരശുറാം എക്സ്പ്രസ്സ്” എന്ന എന്റെ ലേഖനത്തിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ഒരു വിഷയമാണ് ഞാൻ ഈ കുറിപ്പിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായി ബിച്ചുവിനെ പരിചയപ്പെട്ടത് ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു എന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ആ സൗഹൃദ സമ്മേളനത്തിലാണ് “പരശുരാം എക്സ്പ്രസ്സ്” എന്ന മ്യൂസിക് ആൽബം റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുന്നത്. ദീർഘനേരത്തെ ചർച്ചക്ക് ശേഷം ഞാനും എന്റെ കസിൻ സഹോദരനും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം എന്റെ കസിന്റെ അഭ്യർത്ഥന മാനിച്ചു ബിച്ചു ഒരു ഓട്ടോഗ്രാഫ് നൽകി. കണ്ണടച്ചു ചാരുകസേരയിൽ കിടന്നുകൊണ്ട് ഒട്ടും ആലോചിക്കാതെ വളരെ പെട്ടെന്ന് പറഞ്ഞ, എന്റെ കസിൻ എഴുതിയെടുത്ത വരികൾ ഇങ്ങിനെയാണ്.
” ഒരു വിനോദ രംഗത്തിലെൻ ജീവിതം
ഒരു വിനാഴിക തൂവൽ പൊഴിക്കവേ
അവിടെ മോട്ടിട്ടൊരീ സൗഹൃദമേളനം
അതു പ്രതിഭലിപ്പിച്ചതീ കാവ്യലേഖനം
ഇത് കുറിച്ചിട്ട യാമങ്ങളും
ഇതിൽ നിന്നൂർന്നോരീ വികാരശതങ്ങളും
അവയിൽ നിന്നുയർന്നോരീ ഗാനതല്ലജ കുസുമങ്ങളും
സദാ വാടാതിരുന്നെങ്കിൽ ”
ഇത്രയും അർത്ഥവത്തായ, മനസ്സിന്റെ ആഴങ്ങളിലേക്കു ഇറങ്ങിച്ചെന്ന വരികൾ സമ്മാനിച്ച ബിച്ചുവിനെ ഈ ജന്മം മറക്കാൻ സാധിക്കുകയില്ല. ബിച്ചു ഒരു നിമിഷകവി ആയിരുന്നു എന്നതിന് ഇതിൽ കൂടുതൽ വേറെ എന്തു പറയാൻ?
ബിച്ചുവുമായുള്ള കൂട്ടുകെട്ടിൽ നിന്ന് പിറവിയെടുത്ത ഒരു അസുലഭ സൃഷ്ടിയാണ് “പുണ്യാഹം. ” 1988ൽ CBS റെക്കോർഡ്സിനു വേണ്ടി ഞാൻ റെക്കോർഡ് ചെയത ബിച്ചുവിന്റെ കവിത. ബിച്ചു തന്നെ സംഗീതം നൽകി ആലപിച്ച വളരെ വിഭിന്നമായ ഒരു കാവ്യസൃഷ്ടി. ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്ന പൂക്കളിൽ നിന്ന് ഒരു തുള്ളി ജലം ശ്രീകോവിലിലെ ഓവുചാലിലൂടെ ഒഴുകി പുറത്തേക്കു വന്ന് ഒരു നീർച്ചാലായി ചേർന്നോഴുകി, ഒരു പുഴയായി, വളരെ ദൂരം താണ്ടി കടലിൽ ചേരുന്നു. അപ്പോഴും തിരിച്ചു ഭഗവാന്റെ പാദപൂജക്കായി ആഗ്രഹിച്ച ആ ജലത്തുള്ളിയുടെ മോഹങ്ങൾ… അങ്ങനെ പോകുന്നു കവിതയുടെ ഇതിവൃത്തം. കവിതകളുടെ ഓഡിയോ കാസറ്റുകൾ വിരളമായിരുന്ന ആ കാലത്ത് വളരെ ശ്രദ്ധ നേടിയ ഒരു ഓഡിയോകാസറ്റായിരുന്നു “പുണ്യാഹം” എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
ഞങ്ങളുടെ സൗഹൃദം വളരെ കാലം ഊഷ്മളമായിത്തന്നെ തുടർന്നുവെങ്കിലും പിന്നീട് ആ ബന്ധം തുടർന്നു കൊണ്ട് പോകാൻ സാധിച്ചില്ല. ഞാൻ മ്യൂസിക് ഫീൽഡിൽ നിന്നും വിരമിച്ചതിന് ശേഷം പലരുമായുമുള്ള ബന്ധം നഷ്ടപ്പെട്ടു. ബിച്ചുവുമായുള്ള കൂട്ടുകെട്ടിൽ നിരവധി അമൂല്യമായ ഗാനസൃഷ്ടികൾ അവതരിപ്പിക്കുവാൻ സാധിച്ചു എന്ന കാര്യം ഒരു മഹാഭാഗ്യമെന്നുവേണം പറയുവാൻ.
ബിച്ചുവിലെ ഗായകനെ, സംഗീത സംവിധായകനെ പലർക്കും അറിയില്ല. ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്. കുളത്തൂപുഴയിലെ ബാലകനെ, ദീപം മകരദീപം എന്നീ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു ഏറെ പ്രിയപ്പെട്ടവയാണെന്ന് നിസ്സംശയം പറയാം.
ഇനിയും ഒരുപാട് ഗാനങ്ങൾ ആ തൂലികയിൽ നിന്ന് പിറവിയെ
ടുക്കേണ്ടതായിരുന്നു. പക്ഷെ വിധി ആ തൂലികയെ തട്ടിപ്പറിച്ചുകൊണ്ടു പോയി, ഇനിയും എഴുതാനായി ഏറെ ബാക്കി വെച്ചു കൊണ്ട്. ഓരോ പ്രതിഭകളും നമ്മെ വിട്ടു പോയി കൊണ്ടിരിക്കുമ്പോൾ നാം ദരിദ്രരായികൊണ്ടിരിക്കുകയാണ്. അവർ നമുക്ക് നൽകിയ മഹത്തരമായ സൃഷ്ടികൾ ഒരു കാലത്തിന്റെ കയ്യൊപ്പുകളായി ഈ പ്രപഞ്ചാവസാനം വരെ ഉണ്ടാവും, തീർച്ച. ബിച്ചുവിന് ശതകോടി പ്രണാമങ്ങൾ.
(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)
ബിച്ചു തിരുമല : വര – മനോജ് പൂളക്കൽ
Thanks for sharing. Let his soul rest in eternal peace.. Adieu to a great poet
ബിച്ചുതിരുമലയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
Very nicely expressed your thoughts and Memories about Bitchu Thirumala As long as one remembers his music he is alive
തികച്ചും അർത്ഥവത്തായ നിരവധി വൈവിദ്ധ്യം നിറഞ്ഞ ഗാനങ്ങൾ കൊണ്ട് ഭാഷയ്ക്കും, ഭാഷയിലൂടെ ചലച്ചിത്ര ഗാനശാഖയ്ക്കും ഏറെ ചാരുത പകർന്ന അതുല്യ കവിയാണ് ബിച്ചു.കാലാതിവർത്തിയായ ഹിറ്റ് ഗാനങ്ങൾ കൊണ്ട് എന്നും മലയാളികളുടെ ഓർമ്മയിൽ ബിച്ചു നിറഞ്ഞു നിൽക്കും.കെ.കെ.യ്ക്ക്, ബിച്ചുവിൻ്റെ പ്രതിഭ തിരിച്ചറിയാൻ എന്നോ കഴിഞ്ഞു എന്നത്,അതിശയകരം തന്നെ.
A genuine and remarkable tribute to a great poet! Well expressed thoughts and feelings. You’re blessed to have interacted with such noble souls.
Pranamam to Sri Bichu Thirumala!
Adieu to the great lyricist 🌹💖
പത്രത്തിൽ അദ്ദേഹമെഴുതിയ ഗാനങ്ങളെക്കുറിച്ചുള്ള വാർത്ത വായിച്ചപ്പോഴാണ് എനിക്കിഷ്ടപ്പെട്ട ഗാനങ്ങളിൽ പലതും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തതാണെന്നറിയുന്നത്… മരണമില്ലാത്ത വരികൾ സമ്മാനിച്ചുകൊണ്ടാണ്ആ പ്രതിഭ കടന്നുപോയത്… എന്റെ ആദരാഞ്ജലികൾ…
ബിച്ചു തിരുമലയെക്കുറിച്ചു മേനോൻ സാർ എഴുതിയ വാക്കുകൾ എത്രയോ അർത്ഥവത്താണ്.. ഇത് വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും ബിച്ചു തിരുമലയുടെ പ്രതിഭ എത്ര വലുതായിരുന്നു എന്ന്.. ആദരാജ്ഞലികൾ…
Well articulated memoir. Didn’t know this side of the great poet. Pranamam.
ചരിത്രം അങ്ങിനെയാണ്. ഹൃദയം കൊണ്ടു സ്നേഹം പകർന്ന മനുഷ്യർ സർഗ്ഗാത്മകത്വത്തിൻ്റെ സ്വർഗ്ഗവാതിലുകൾ സഹൃദയർക്കു വേണ്ടി മലർക്കെ തുറന്നിടും -അത് കാലം ഏറ്റെടുക്കും. സൃഷ്ടികളുടെ ഗരിമയും സൗന്ദര്യവും വർദ്ധിച്ചു കൊണ്ടേ ഇരിയ്ക്കും. ചെയ്യുന്നവനും ചെയ്യിക്കുന്നവനും തമ്മിലുള്ള സൗന്ദര്യ ശാസ്ത്രപരമായ ഒരു രസതന്ത്രം ഇവിടെ ഗാനമാകുന്നു, ഈണമാകുന്നു; ഒരു ചൊല്ലൽ ആകുന്നു., അത് കാലം കഴിഞ്ഞും നിലനിൽക്കുന്ന മന്ത്രം ആയി മാറുന്നു.
ഇതാണ് കെ.കെ.യും ബിച്ചുവും തമ്മിലും, കെ.കെ.യും ഒടുവിലാനും തമ്മിലും, കെ.കെ.യും പോറ്റിയും തമ്മിലും ഓരോ കാലത്ത് സംഭവിച്ചത്. തിരിഞ്ഞു നോക്കുമ്പോൾ സുവർണ്ണാക്ഷരങ്ങളിൽ
എഴുതിയ ചരിത്രം.