‘ഭൂപാലി’യിൽ സംഗീതവിരുന്നുമായി ദിപാൻവിത ചക്രവർത്തി
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടിയിൽ ഗസൽ-സിത്താർ വിരുന്നൊരുക്കാൻ ഗസൽ ഗായിക ദിപാൻവിതചക്രവർത്തി തിരുവനന്തപുരത്തെത്തുന്നു. ധിപാൻവിതയോടൊപ്പം അരങ്ങിലെത്തുന്നത് കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും.
ജനുവരി മൂന്നിന് വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ‘ഭൂപാലി’ രാഗവിസ്മയങ്ങളാൽ സംഗീത പ്രേമികൾക്ക് പുത്തൻ അനുഭവമാകും. പ്രവേശനം സൗജന്യമാണ്. ബംഗാളിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ദിപാൻവിതയുടെ ജനനം. അഞ്ചാം വയസ്സിൽ ഉസ്താദ് മുനവ്വർ അലി ഖാന്റെ ശിഷ്യനായ ശ്രീ ത്രിദിബ് സന്യാലിൽ നിന്നാണ് ദിപാൻവിത ശാസ്ത്രീയ സംഗീതത്തിലെ ആദ്യപാഠങ്ങൾ ആരംഭിച്ചത്.
പത്താം വയസ്സിൽ കൊൽക്കത്തയിലെ പ്രശസ്തമായ ശ്രുതിനന്ദനിൽ പ്രവേശനം നേടി, പണ്ഡിത് അജോയ് ചക്രബർത്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യ ബിദുഷി ചന്ദന ചക്രബർത്തിയുടെയും ശിഷ്യത്വത്തിൽ പരിശീലനം ആരംഭിച്ചു. ശ്രുതിനന്ദനിൽ 15 വർഷം സംഗീത പരിശീലനം നേടിയ ദിപാൻവിത നിരവധി സംഗീതോത്സവങ്ങളിൽ സ്ഥിരസാന്നിധ്യമായി.
കൊൽക്കത്ത ദൂരദർശനിൽ ശാസ്ത്രീയ സംഗീതവും ലൈറ്റ് ക്ലാസിക്കൽ ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലായി നടന്ന തത്സമയ സംഗീത പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ജാദവ്പൂർ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ദിപാൻവിത.
സംഗീത പാരമ്പര്യം കുടുംബത്തിലൂടെ പകർന്നുകിട്ടിയ കലാകാരിയാണ് സിത്താർ വാദക ശ്രീജ രാജേന്ദ്രൻ സംഗീതസംവിധായികയും ഗാനരചയിതാവും സംഗീത അധ്യാപികയുമാണ്.
കൃഷ്ണകുമാർ മാസ്റ്ററുടെ ശിക്ഷണത്തിൽ സിത്താർ പഠനം ആരംഭിച്ച ശ്രീജ തുടർന്ന് കർണാടകയിലെ ധാർവാഡിൽ ‘ഇന്ദോർ ബീൻകാർ ഘരാന’യിലെ ഉസ്താദ് ഹമീദ് ഖാന്റെ കീഴിൽ സിത്താറിൽ തുടർ പഠനം നടത്തി. മുംബൈ അഖില ഭാരതീയ ഗാന്ധർവ മഹാവിദ്യാലയത്തിൽ നിന്ന് സിത്താറിൽ വിശാരദ് ബിരുദവും നേടി.
കേരളത്തിലെ ആദ്യ വനിതാ സിത്താർ കലാകാരികളിൽ ഒരാളായ ശ്രീജ രാജേന്ദ്രൻ തൃശ്ശൂരിലെ ജയശ്രീ സുന്ദരേശനിൽ നിന്ന് കർണാടക സംഗീതത്തിൽ വോക്കൽ പരിശീലനവും നേടിയിട്ടുണ്ട്.
ശാസ്ത്രീയ സംഗീത കച്ചേരികൾ, ഫ്യൂഷൻ പരിപാടികൾ, റെക്കോർഡിംഗുകൾ, കഥക് നൃത്തവാദ്യം, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ സജീവമാണ്.
നോർത്ത് പരവൂരിലെ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ സംഗീത അധ്യാപിക കൂടിയാണ് ശ്രീജ. രത്നശ്രീ അയ്യർ, ദേബ്ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ സംഗീതസന്ധ്യയിൽ പങ്കാളിയാകും.




















