അഷ്ടപദി പുരസ്ക്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരം അഷ്ടപദി കലാകാരൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഏപ്രിൽ 30ന് വൈകിട്ട് ഏഴിന് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ കൃഷ്ണമണി മാരാർക്ക് പുരസ്കാരം സമ്മാനിക്കും. പുരസ്ക്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് കൃഷ്ണമണിമാരാരെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.
നീണ്ട ആറു പതിറ്റാണ്ടിലേറെയായി അഷ്ടപദി ആലാപന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണ്ണയ സമിതി കൺവീനർ ചെങ്ങറ സുരേന്ദ്രൻ അറിയിച്ചു. ജനാർദ്ദനൻ നെടുങ്ങാടി പുരസ്ക്കാരത്തിനുള്ള എൻഡോവ്മെൻറ് തുകയായി 10 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ മകനും റിട്ട. ഗുരുവായൂർ ദേവസ്വം മാനേജരുമായ പി.ഉണ്ണിക്കൃഷ്ണൻ ദേവസ്വത്തിൽ സമർപ്പിച്ചിട്ടുണ്ട്.