പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മോഹൻലാൽ ഉദ്ഘാടനം ചെയ്യും
സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് സരിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ മുഖ്യാതിഥിയായിരിക്കും.
ടി.ജെ. വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കും കൊച്ചി മേയര്‍ എം.അനില്‍ കുമാർ ഫെസ്റ്റിവല്‍ ബുള്ളറ്റിനും പ്രകാശനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.
ചടങ്ങിനു ശേഷം ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സുവര്‍ണചകോരം ലഭിച്ച ‘ക്ലാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റു നെറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.
വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്‍റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.
Heartening to note that film festivals have gained momentum after the pandemic…Cannot think of anyone better than Mohanlal to spearhead this….