നാടകത്തെ പ്രണയിച്ച രവി
നാടക നടനായി അറിയപ്പെടാൻ കൊതിച്ച രവി വള്ളത്തോളിന്റെ നാടക ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും നാടക രചയിതാവും നടനും തിരക്കഥാകൃത്തും കോളേജ് അധ്യാപകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്ണൻ
തിരുവനന്തപുരം നാടകവേദിയുടെ ഒരു കാലഘട്ടത്തിന്റെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ അനുസ്മരണം.
രവി വള്ളത്തോൾ നമ്മെ വിട്ടു പോയിരിക്കുന്നു. സിനിമാസീരിയൽ നടൻ സിനിമാ ഗാന രചയിതാവ് എന്നിങ്ങനെയുള്ള വർണ്ണനകളല്ലാതെ രവിയിലെ നാടകക്കാരനെക്കുറിച്ചുള്ള പരാമർശം മാധ്യമങ്ങൾ വിട്ടുകളഞ്ഞു. പരാമർശിച്ചവർ പോലും അദ്ദേഹത്തിൻ്റെ നാടകം “രേവതി എന്ന പാവക്കുട്ടി ” സിനിമ ആയപ്പോൾ തിരക്കഥ എഴുതിയ കാര്യം മാത്രമാണ് ഊന്നിപ്പറഞ്ഞത്. രവി നൂറു ശതമാനം ഒരു നാടകക്കാരനായിരുന്നു. അതങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളു. നാടകത്തെ ജീവനോടു ചേർത്തു വെച്ച ഒരു മഹാനുഭാവനായിരുന്നല്ലോ രവിയുടെ പിതാവ് ടി .എൻ ഗോപിനാഥൻ നായർ. തിരക്കഥകൾ എഴുതുകയും ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സാംസ്കാരിക ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് നാടകക്കാരനായിട്ടാണ് . ടി എൻ. ആഗ്രഹിച്ചതും നാടകക്കാരനായി അറിയപ്പെടാൻ തന്നെയാണ്.
കവിയും, നോവലിസ്റ്റും പത്രാധിപരും എല്ലാമായിരുന്ന അദേഹം അഭിരമിച്ചിരുന്നത് നാടക വേദിയിലാണ്. തിരുവനന്തപുരം നാടകവേദിയിലെ പ്രഗത്ഭരുടെ സംഗമവേദിയായിരുന്നൂ ടി എൻ്റെ വീട്. ആ സാംസ്കാരിക കൂട്ടായ്മകൾ കണ്ടും അതിൻ്റെ ഭാഗമായുമാണ് കൊച്ചു രവി വളർന്നു വന്നത്. അടിമുടി നാടകക്കാരനായിരുന്ന അച്ഛൻ്റെ മകൻ നാടകത്തെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ?മഹാരഥന്മാർക്കിടയിൽ വിഹരിക്കുന്നവർക്കു സാധാരണയായി കണ്ട് വരാറുള്ള ഒന്നാണ് അന്തർമുഖത്വം. ആൾക്കൂട്ടത്തിൽ തനിയേ ആണെന്നു തോന്നുന്ന അവസ്ഥ. ഒരു തരം ഒറ്റപ്പെടൽ. അത് രവിക്കുമുണ്ടായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ നാടകത്തിൽ പെൺവേഷമായിരുന്നു രവിക്ക്. ജഗതി ശ്രീകുമാറിൻ്റെ നായികയായി അഭിനയിക്കുന്നതിൻ്റെ ഫോട്ടോ കാണാത്തവരുണ്ടാവില്ല. കൂട്ടുകാർ പലപ്പോഴും രവിച്ചേച്ചി എന്നു കളിയാക്കി വിളിക്കുന്നത് മൃദു മന്ദഹാസത്തോടെ കേട്ടിരിക്കും.
രവിയുടെ ഉള്ളിൻ്റെ ഉള്ളിൽ അന്നും ഒരു കനലെരിയുന്നുണ്ടായിരുന്നു. അരങ്ങില്‍ ആടിത്തിമിർക്കാനുള്ള ഒരഭിനിവേശം. പക്ഷെ അവസരത്തിനു വേണ്ടി ആരോടും കെഞ്ചാൻ അഭിമാനം അനുവദിച്ചില്ല.അച്ഛന്‍ തിരക്കഥ എഴുതിയ ”വൈതരണി ” എന്ന സീരിയലിലും, ലെനിൻ രാജേന്ദ്രൻ്റെ “സ്വാതി തിരുനാൾ ” സിനിമയിലും അഭിനയിച്ചു. രവി എഴുതിയ രേവതിക്കൊരു പാവക്കുട്ടി എന്ന നാടകം സിനിമയായി. അതിന് തിരക്കഥ എഴുതി .കുറേ സിനിമാ ഗാനങ്ങൾ എഴുതി. എങ്കിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുന്ന ഒരു വേഷം ചെയ്തു എന്നഭിമാനിക്കാൻ രവിക്ക് പിന്നേയും കാത്തിരിക്കേണ്ടി വന്നു. ഈ ലേഖകൻ രചിച്ച വെറുതേ “മോഹിക്കുവാൻ മോഹം ” എന്ന നാടകത്തിൻ്റെ പ്രസക്തി ഇവിടെയാണ്. 1988-ൽ ടി എൻ ഗോപിനാഥൻ നായരുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു നാടകോത്സവം സംഘടിപ്പിച്ചിരുന്നു. പി .സി സോമൻ, വേണു വടക്കേടം , അനന്തപുരം രവി, വിമല സേനൻ നായർ, ഈ ലേഖകൻ തുടങ്ങിയവർ നിർവ്വഹണ സമിതിയിലുണ്ടായിരുന്നു. ഒരാഴ്ച നീണ്ടു നിന്ന ടി.എൻ നാടകോത്സവത്തിൽ അദ്ദേഹമെഴുതിയ ഏഴു നാടകങ്ങൾ അവതരിപ്പിച്ചു.
മധു, കരമന ജനാർദ്ദനൻ നായർ, ഡോ. അംബി, തുടങ്ങിയ പ്രഗത്ഭന്മാർ നാടകങ്ങളിൽ പങ്കെടുത്തു .ഈ ഉത്സവത്തിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട് പി സി സോമനോടൊപ്പം ഒട്ടേറെ തവണ എനിക്ക് ടി. എൻ ചേട്ടന്റെ വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട്. രവിയുമായുള്ള സൗഹൃദം സുദൃഢമായതപ്പോഴാണ്.ടി എൻ ഗോപിനാഥൻ നായർ വിക്രമൻ നായർ ട്രോഫി നേടുന്നത്. 1964ൽ പരീക്ഷ എന്നനാടകത്തിനാണത്. തൊട്ടടുത്ത വർഷം സിമത്തേരി എന്ന നാടകത്തിന് എനിക്ക് സമ്മാനം കിട്ടി. അന്ന് ഞാൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു.തുടർന്നുള്ള വർഷം എന്റെ “പ്രവാഹ”ത്തിനായിരുന്നു സമ്മാനം. ഇതിനിടെ കുറെ പ്രൊഫഷണൽ നാടകങ്ങൾ, പാദസരം സിനിമ… അങ്ങനെ പലതും ചെയ്തു. അതു കൊണ്ടെല്ലാം വളരെ മുതിർന്ന സ്വപിതാവിനു സമശീർഷനായ ഒരു സാംസ്കാരിക പ്രവർത്തകനാണ് ഞാനെന്നായിരുന്നൂ രവിയുടെ ധാരണ. ഒരു ജ്യേഷ്ഠ സഹോദരനാവാനുള്ള പ്രായമേ എനിക്കുള്ളൂ എന്ന രവിയുടെ തിരിച്ചറിവ് പിന്നീട് പുതിയൊരു സൗഹൃദത്തിന് വഴിയൊരുക്കി. നാടകത്തിൽ നല്ലൊരു വേഷം ചെയ്യണം എന്ന മോഹം രവി സൂചിപ്പിച്ചു. അക്കാലത്ത്നാടകലഹരി തലക്കു പിടിച്ചു നിൽക്കുകയാണ് ഞാനും സോമനുമെല്ലാം. അങ്ങനെയാണ് കൊല്ലം ചൈതന്യക്കു വേണ്ടി ഞാൻ എഴുതിയ “വെറുതേ മോഹിക്കുവാൻ മോഹം” അവതരിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നത് .വില്യം ഡിക്രൂസ് സംവിധാനം നിർവ്വഹിച്ച നാടകത്തിൽ ഡോ.അംബി, പി സി സോമൻ, രവി വളളത്തോൾ, ഉണ്ണികൃഷ്ണൻ , വിന്ദുജാ മേനോൻ ,ചിപ്പി തുടങ്ങിയവർ വേഷം ചെയ്തു. ഞാനും അഭിനയിച്ചു. ഞാനെഴുതിയ ഒരു കവിത പുല്ലാങ്കുഴൽ വിദഗ്ധനായ സുരേഷ് ചിട്ടപ്പെടുത്തി രവി പാടി റിക്കോഡ് ചെയ്തു.
മേഖലാ മത്സരം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിലായിരുന്നു. 1993 ജനുവരിയിൽ. നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ച നാടകം ഫൈനൽ മത്സരത്തിനു തെരഞ്ഞെടുക്കപ്പെട്ടു. കഥാപാത്രങ്ങൾ മത്സരിച്ചഭിനയിച്ച നാടകത്തിൽ രവിയുടെ രവിവർമ്മ എന്ന കിറുക്കൻ തമ്പുരാൻ വേറിട്ടുനിന്നു. കഥാപാത്രത്തിനേറ്റവും ഇണങ്ങുന്ന ശരീരഭാഷ , ശബ്ദ വിന്യാസം, രംഗ ചലനങ്ങൾ… അക്ഷരാർത്ഥത്തിൽ ഒരു പരകായപ്രവേശം. അരങ്ങിൽ രവി ജീവിക്കുകയായിരുന്നു. റിഹേഴ്സൽ സമയത്തു തന്നെ പ്രത്യക്ഷമായിരുന്നു , രവിക്ക് അരങ്ങിനോടുളള പ്രതിബദ്ധത. സദസ്സിലുണ്ടായിരുന്ന ഗുപ്തൻ നായർ സാറും ഒ എൻ വി സാറുമൊക്കെ അഭിനന്ദനം വാരി വിതറുകയായിരുന്നു. അഭിനയചാതുരി മകനിലി ത്രത്തോളമുണ്ടെന്നറിഞ്ഞിരുന്നില്ലെന്നു അഭിമാനപൂർവ്വം ടി .എൻ പ്രതികരിച്ചു. ഫൈനൽ മത്സരം ഫെബ്രുവരി ആദ്യവാരം തൃശ്ശൂർ റീജ്യണൽ തിയേറ്ററിലായിരുന്നു. നാടകാവതരണത്തിന്റെ തലേന്നാൾ ഞങ്ങൾ തൃശ്ശൂരെത്തി. ഫൈനൽ റിഹേഴ്സലിന് സിനിമാനടൻ ടി. ജി രവിയുണ്ടായിരുന്നു. നല്ല ചില നിർദ്ദേശങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു.അതിഗംഭീരമായി നാടകം അരങ്ങേറി. പ്രതീക്ഷകളേറെ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. നടനായി രവി സമ്മാനം നേടുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ഡോ. അംബിയും സോമനുമൊക്കെ മികവുറ്റ അഭിനയം പുറത്തെടുത്തുെവെങ്കിലും കഥാപാത്രത്തിന്റെ പ്രത്യേകത രവിക്ക് മുൻതൂക്കം നൽകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അവതരണത്തിനും സംവിധാനത്തിനും നടിക്കും ഞങ്ങൾക്കു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മത്സരഫലം നിരാശാജനകമായിരുന്നു. നാടകം രണ്ട് രണ്ടാം സമ്മാനങ്ങൾ നേടി, നല്ല നടിക്ക് വിന്ദുജാ മേനോനും രചനക്ക് എനിക്കും. കഥകളിഭ്രാന്തനായ രവി വർമ്മത്തമ്പുരാൻ്റെ പ്രിയ കാമിനിയായഭിനയിച്ച ചിപ്പിയുടെ ആദ്യ നാടകമായിരുന്നു “വെറുതേ മോഹിക്കുവാൻമോഹം.” വില്യം ഡിക്രൂസിൻ്റെ സംവിധാനമികവും മറ്റഭിനേതാക്കളുടെ നിസ്സീമമായ സഹകരണവും ചിപ്പിയുടെ അർപ്പണബോധവും ആ കുട്ടിയേയും ശ്രദ്ധേയയാക്കി.തികച്ചും അർഹിച്ചതെന്നു കരുതിയ പുരസ്കാരം കൈവിട്ടു പോയതിൻ്റെ നൊമ്പരം രവിയേക്കാളേറെ മറ്റുള്ളവർക്കായിരുന്നു. പിന്നീട് “വെറുതേ മോഹിക്കുവാൻ മോഹം” ആകാശവാണി പ്രക്ഷേപണം ചെയ്തു.സ്റ്റേഷൻ ഡയരക്ടറായി വിരമിച്ച വിമലസേനൻ നായരായിരുന്നു നിർമ്മാണ നിർവ്വഹണം. ചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ പേരിലാണ് നാടകാവതരണം നടത്തിയത്. പ്രധാന നടൻ്റെയും പിന്നണി ഗായകൻ്റെയും ശബ്ദം ഒന്നു തന്നെയാകുന്നതിൻ്റെ അഭംഗി ഒഴിവാക്കാൻ അന്ന് തിരുവനന്തപുരം വിമൺസ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന എൻ.ജയകുമാറിനെ കൊണ്ടാണ് ഗാനം പാടിച്ചത്. പിന്നീട് അദ്ദേഹം അതേ കോളേജിൽ പ്രിൻസിപ്പലായി. ഗാനത്തിന്റെ തുടക്കം ഇങ്ങിനെയാണ് : കളമൊഴീ മതിമുഖീ,കരിമിഴികളിലെന്തേകദന വിധുര ഭാവം ,കമനീ പറയില്ലേ….
രവിയുടെ സ്വഭാവത്തിൽ ആരോഗ്യകരമായ പല മാറ്റങ്ങൾക്കും നാടക പ്രവർത്തനം വഴിതെളിച്ചു. അരങ്ങിലും അണിയറയിലും നിറഞ്ഞു നിന്ന സൗഹൃദത്തിൻ്റെ ചാരുത രവിയിൽ ആത്മവിശ്വാസം വളർത്തി. അന്തർമുഖത്വം പതിയെപ്പതിയെ മാഞ്ഞു പോയി. അന്തർലീനമായിരുന്ന നേതൃഗുണങ്ങൾ ഉണർന്നു. ടെലിവിഷൻ കലാകാരന്മാരെ ഒരു കൊടിക്കീഴിലണിനിരത്തി സംഘടന ഉണ്ടാക്കാനും അതിന് നേതൃത്വം കൊടുക്കാനുമെല്ലാം രവി വള്ളത്തോളിനായത് നാടകരംഗത്തെ അനുഭവങ്ങൾ കൊണ്ടാണെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ഞാനും രവിയും പിന്നെ ഒന്നിക്കുന്നത് മഹാകവി വളളത്തോളിൻ്റെ ഖണ്ഡകാവ്യമായ മഗ്ദലനമറിയത്തിന് ഞാൻ രംഗഭാഷ്യമൊരുക്കിയപ്പോഴാണ് വില്യം ഡിക്രൂസ് തന്നെയായിരുന്നു സംവിധാനം. നർത്തകി താരാ കല്ല്യാൺ മറിയത്തിൻ്റെ വേഷമിട്ടു. മാവേലിക്കര പൊന്നമ്മ, ശ്രീലത എന്നിവരായിരുന്നു മറ്റു നടിമാർ. ഞാനും ഡോ. അംബി , പി സി സോമൻ, അനന്തപുരം രവി, വാസുദേവൻ നായർ ,.അശോകൻ തുടങ്ങിയവരും അഭിനയിച്ചു. യേശുദേവൻ്റെ ശബ്ദം കൊടുക്കാൻ ഞങ്ങൾ കണ്ടെത്തിയത് രവി വള്ളത്തോളിനെയാണ്. യേശുവിൻ്റെ സംഭാഷണങ്ങൾ ശബ്ദലേഖനം ചെയ്താണ് ഉപയോഗിച്ചത്. പലതവണ നാടകം അവതരിപ്പിച്ചു. യേശുവിൻ്റെ വേഷം ബാസ്കറ്റ് ബോൾ താരമായ ജോൺസൺ ആദ്യമവതരിപ്പിച്ചു.പിന്നെ ജോർജ് ഓണക്കൂറിൻ്റെ മകൻ ആദർശും.മഹാകവിയുടെ പ്രസിദ്ധമായ ചില വരികളും പ്രബോധ ചന്ദ്രൻ നായരുടെ മകളോടൊപ്പം രവി ആലപിച്ചു.“വാനമേ ഗഗനമേ സുരസിദ്ധ സ്ഥാനമേ വിഹായസ്സേ നഭ സ്സേ നമസ്കാരം”എന്ന മഹാകവിയുടെ വരികൾക്കു പൂരകമായി ഞാനും ചേർത്തു എൻ്റെ രണ്ടു വരികൾ. “കേരള കവിതയേ വാനോളമുയർത്തിയ വള്ളത്തോൾ മഹാകവേ സാഷ്ടാംഗ നമസ്കാരം”. മറ്റു പലരും എഴുതിയ നാടകങ്ങളിൽ രവിയോടൊപ്പം പങ്കെടുത്തിരുന്നുവെങ്കിലും എടുത്തു പറയേണ്ട ഒരു കൂട്ടായ്മ 2009 ലെ ആകാശവാണി നാടകോത്സവത്തിലാണ്. ഡയറക്ടർ മുരളീധരൻ പ്രിയ സുഹൃത്ത് വിമല സേനൻ്റെ ശുപാർശയിലായിരിക്കണം ഉദാത്തമായ ഒരു സൃഷ്ടികർമ്മം എന്നെ ഏല്പിച്ചത്. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ റേഡിയോ രൂപാന്തരം എഴുതാനുള്ള നിയോഗം എനിക്കായിരുന്നു.കാർത്തിക തിരുനാൾ മഹാരാജാവിന് ഉണ്ണായി വാര്യർ, താനെഴുതിയ നളചരിതം ആട്ടക്കഥ ചുരുക്കി പറഞ്ഞു കേൾപ്പിക്കുന്ന രീതിയിലാണ് നാടകം രൂപപ്പെടുത്തിയത്. ഗദ്യസംഭാഷണത്തോടൊപ്പം കഥകളിപ്പദങ്ങളും സന്ദർഭാനുസൃതം സമന്വയിപ്പിച്ചു. സംവിധാനം എസ് രാധാകൃഷ്ണൻ നായർ നിർവ്വഹിച്ചു. ഉണ്ണായിവാര്യരായി നെടുമുടി വേണുവും മഹാരാജാവായി കെ. എ മുരളീധരനും ( സ്റ്റേഷൻ ഡയറക്ടർ ) അഭിനയിച്ചു.പ്രധാന കഥാപാത്രമായ നളന് ശബ്ദം പകർന്നത് രവി വള്ളത്തോളായിരുന്നു. ജി.കെ.പിള്ള, അലിയാർ, കലാധരൻ, എം.ആർ ഗോപകുമാർ, പി സി സോമൻ, സതീശ് സംഘമിത്ര, ഭാഗ്യലക്ഷ്മി ,ഓമന തുടങ്ങിയവർ കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്തു .നല്ലൊരു ശ്രവ്യാനുഭവമാണ് നളചരിതം സംഗീത നാടകം പ്രദാനം ചെയ്തത്. നളചരിതത്തിനു ശേഷം പല കാര്യങ്ങളാലും ഒരുമിച്ചൊരു സംരംഭത്തിനവസരം ലഭിച്ചില്ല.ടി എൻ ഗോപിനാഥൻ നായരുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ പോലും ആരോഗ്യപരമായ കാരണങ്ങളാൽ രവിക്ക് സന്നിഹിതനാകാൻ കഴിഞ്ഞില്ല.രോഗമന്വേഷിച്ചു പോകാനും എന്തുകൊണ്ടോ എനിക്കവസരം വന്നില്ല. രവിയേക്കുറിച്ചോർക്കുമ്പോൾ എൻ്റെ മനസ്സിൽ തെളിയുന്നത് ആ മൃദുമന്ദഹാസമാണ്, മന്ദ്ര സംഗീതം പോലെയുള്ള ആ മേദുര ശബ്ദമാണ്.
“അശ്രുപൂജയർപ്പിക്കുന്നൂ പ്രിയനെൻ്റെ സഹജനാം രവീവള്ളത്തോളെന്നെന്നും തെളിയും ദീപം”