അന്താരാഷ്ട്ര അവാർഡുകൾ നേടിയ‘നിഷിദ്ധോ’ തിയേറ്ററുകളിലേക്ക്
നിരവധി അവാർഡുകൾ നേടിയ നിഷിദ്ധോ’ എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിലേക്ക്. സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വനിതകളുടെ സംവിധാനത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ രണ്ടു ചിത്രങ്ങളിലൊന്നാണ് ‘നിഷിദ്ധോ.’
ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളിൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതും അന്താരാഷ്ട്ര തലത്തിൽ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ചിത്രമാണിത്. താരാ രാമാനുജനാണ് സംവിധായിക. ‘നിഷിദ്ധോ’ നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സാമൂഹിക പ്രസക്തിയും മേന്മയും കണക്കിലെടുത്ത് വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബംഗാളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ പരമ്പരാഗത ശില്പി കൂടിയായ രുദ്രയുടെയും മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന വയറ്റാട്ടി കൂടിയായ ചാവിയെന്ന തമിഴ് പെൺകുട്ടിയുടെയും ബന്ധത്തിന്റെ കഥ പറയുകയാണ് ‘നിഷിദ്ധോ’. രുദ്രയായി തന്മയ് ധനാനിയും ചാവിയായി കനി കുസൃതിയും വേഷമിടുന്നു.