‘മകൾ’ ഉടന്‍ തീയേറ്ററുകളിലെത്തും – സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നതെന്ന് പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സത്യൻ അന്തിക്കാട് ഫേസ് ബുക്കിൽ കുറിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തുമെന്നും സംവിധായകൻ കുറിച്ചു. സത്യൻ അന്തിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
‘മകൾ’ ഒരുങ്ങുകയാണ്. കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി
ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.
‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്.
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല;
മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.