മോഹൻലാലിന് കേരളത്തിന്റെ ആദരമായി ‘ലാൽ സലാം’
മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറി.സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനുള്ള സ്നേഹാദരമായി.
മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദര സൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു.
കവി പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചു. ഇന്ത്യൻ ചിത്രകലാ രംഗത്തെ വിഖ്യാത പ്രതിഭയായിരുന്ന എം. രാമചന്ദ്രൻ വരച്ച ‘താമരക്കുളത്തിന്റെ ലോകം’ എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
വൻ ജനപങ്കാളിത്തത്തിന് സാക്ഷിയായ പരിപാടിയിൽ പ്രവേശനം സൗജന്യമായിരുന്നു. ആയിരക്കണക്കിന് ആരാധകർ തിരുവനന്തപുരം നഗരഹൃദയത്തിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.ഉദ്ഘാടന ചടങ്ങിന് ശേഷം മോഹൻലാലിന്റെ അഭിനയ മികവിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനും സംഘവും അവതരിപ്പിച്ച ‘തിരനോട്ടം’ വേദിയിൽ അരങ്ങേറി.
വിഖ്യാത നടൻ മധുവും മലയാളത്തിന്റെ വാനമ്പാടിയായ ഗായിക കെ.എസ്.ചിത്രയും വീഡിയോ സന്ദേശത്തിലൂടെ അഭിനന്ദനങ്ങളറിയിച്ചപ്പോൾ ഗായകൻ എം.ജി.ശ്രീകുമാർ മോഹൻലാലിന് ആദരമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ വേദിയിൽ ആലപിച്ചു.നടി ലക്ഷ്മി ഗോപാലസ്വാമിയും ഗാനമാലപിച്ചു.
മലയാളത്തിന്റെ പ്രിയഗായികമാർ ഒന്നിച്ചെത്തിയ ‘രാഗമോഹന’വും ശ്രദ്ധേയമായി.സുജാത, റിമി ടോമി, ജ്യോത്സ്ന, സിത്താര, മഞ്ജരി, സയനോര, മൃദുല, രഞ്ജിനി ജോസ്, രാജലക്ഷ്മി, നന്ദിനി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളിൽ സ്റ്റേഡിയം ആനന്ദലഹരിയിൽ മുങ്ങി. എന്നാൽ, ഈ സംഗീതവിരുന്നിന്റെ ഹൃദയസ്പന്ദനമായി മാറിയത്. മോഹൻലാൽ തന്നെ വേദിയിൽ ഗാനവിരുന്നുമായി എത്തിയതാണ്.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, എ.എ. റഹിം എം.പി., ആന്റണി രാജു എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സംസ്ഥാന സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, മാനേജിങ് ഡയറക്ടർ പ്രിയദർശൻ പി.എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. മധു, അഭിനേതാക്കളായ ജഗതി ശ്രീകുമാർ, അംബിക, ഇന്ദ്രൻസ്, രഞ്ജിനി, മണിയൻപിള്ള രാജു, അലൻസിയർ, മാളവിക മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















