കോഴിക്കോട് കോർപ്പറേഷന്റെ കോകോ ഫിലിം ഫെസ്റ്റ് തുടങ്ങി
സാംസ്കാരിക നിധികളാണ് ഓരോ സിനിമയുമെന്ന് പ്രേംകുമാർ
ഒരു സിനിമ ആ രാജ്യത്തിന്റെ സർവ സംസ്കാരങ്ങളുടെയും രാഷ്ട്രീയത്തിന്റെയും ആലേഖനമാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സാംസ്‌കാരിക നിധികളാണ് ഓരോ സിനിമയും. സിനിമയ്ക്ക് ഒരു വിശ്വഭാഷയുണ്ട്. അതുകൊണ്ടാണ് നല്ല സിനിമയ്ക്ക് ഭാഷ പ്രശ്നമല്ലാത്തത് – പ്രേംകുമാർ അഭിപ്രായപ്പെട്ടു.
യുനസ്കോയുടെ സാഹിത്യനഗരമെന്ന അംഗീകാരം ലഭിച്ച കോഴിക്കോടിന്റെ ഖ്യാതി ഉയർത്തിപ്പിടിച്ച് കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കോകോ ഫിലിം ഫെസ്റ്റ് ശ്രീ തിയ്യറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യം, സംഗീതം, സിനിമ എന്നീ മേഖലകളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ, പാട്ടും നാടകവും മനസ്സിൽ സൂക്ഷിക്കുന്ന ജനങ്ങൾ ഉള്ള മാതൃകാ നഗരമാണ് കോഴിക്കോട്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയത് കോഴിക്കോടാണ്.
കോഴിക്കോടിന് നഷ്ടപ്പെട്ട ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ ബീന ഫിലിപ്പ് ചൂണ്ടിക്കാട്ടി. സിനിമാ ആസ്വാദനവും ചലച്ചിത്ര വിദ്യാഭ്യാസവും ഉണ്ടാവേണ്ടതുണ്ട്. മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണുവിനെ ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയിൽ ആദരിച്ചു. ചെലവൂർ വേണു ജീവിതം മുഴുവൻ സിനിമയ്ക്കായി ചെലവഴിച്ച വ്യക്തിയാണെന്ന് പ്രേംകുമാർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, സംവിധായകരായ വി.എം. വിനു, ഷാജോൺ കാര്യാൽ, നടന്മാരായ സുധി കോഴിക്കോട്, വിജയൻ കാരന്തൂർ, ദീദി ദാമോദരൻ, മുരളി ബേപ്പൂർ, നവീന വിജയൻ എന്നിവർ പങ്കെടുത്തു.
ജനുവരി 11 വരെയുള്ള ചലച്ചിത്ര മേളയുടെ ആദ്യദിനം അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.