കിഴക്കുണരും പക്ഷിയും തിരുവനന്തപുരം ‘സെസ്സും’
ശശിധരന്‍ മങ്കത്തില്‍
തിരുവനന്തപുരത്ത് ജോലി ചെയ്തപ്പോൾ സിനിമാക്കാരായ സുഹൃത്തുക്കളുടെ കൂടെ ഷൂട്ടിംഗ് കാണാൻ പോവുക രസകരമായിരുന്നു. ഭംഗിയേറിയ കെട്ടിടമുള്ള സ്ഥാപനങ്ങളിലെല്ലാം അന്ന് ഷൂട്ടിംഗ് കാണും. ഞാൻ ജോലി ചെയ്ത തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലും (സെസ്സ് ) ഒരു ദിവസം പകൽ മുഴുവൻ നീണ്ട ചിത്രീകരണമുണ്ടായി. ഇവിടെ വെച്ച് 1991ലാണ് മോഹൻലാൽ എന്ന നടനെ ആദ്യമായി നേരിൽ കാണുന്നത്. 30 വർഷം മുമ്പ്. അന്ന് ലാലേട്ടൻ സൂപ്പർ സ്റ്റാറായി തിളങ്ങാൻ തുടങ്ങുന്ന കാലമാണ്.
വേണു നാഗവള്ളിയുടെ കിഴക്കുണരും പക്ഷിയുടെ ചിത്രീകരണമാണ് സെസ്സിൽ നടന്നത്. ആക്കുളത്ത് കായലിനരികിൽ പ്രകൃതി സുന്ദരമായ
ഒരു കുന്നിൻ പുറത്താണ് സെസ്സ് എന്ന ഭൗമ ശാസ്ത്ര പഠനകേന്ദ്രം. മരങ്ങൾക്കിടയിൽ പലതട്ടുകളിലായി കിടക്കുന്ന വാസ്തു ഭംഗി തുടിക്കുന്ന കെട്ടിടങ്ങളാണ് സെസ്സിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെയാകാം സിനിമാക്കാരുടെ കണ്ണ് സെസ്സിലേക്ക് തിരിഞ്ഞതും .
അന്ന് രാവിലെ സെസ്സിലെത്തിയ ശാസ്ത്രജ്ഞരെല്ലാം അമ്പരന്നു. സെസ്സിലെ മുഖ്യ കെട്ടിടത്തിനു മുന്നിൽ ഒരു ബോർഡ്. ചക്രപാണി സ്റ്റുഡിയോ – 70 MM. ഷൂട്ടിംഗ് പാർട്ടി തലേന്ന് രാത്രി തന്നെ ബോർഡും മറ്റും സെസ്സിൽ സ്ഥാപിച്ചിരുന്നു. ശാസ്ത്രജ്ഞർ ഇത് സിനിമാ ഷൂട്ടിംഗിനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
രാവിലെ പത്ത് മണിയോടെ ഷൂട്ടിംഗ് തുടങ്ങി. സംവിധായകൻ വേണു നാഗവളളി രാവിലെ തന്നെ എത്തി. ജുബ്ബയും പാന്റുമിട്ട് മോഹൻലാലും റെഡി. മോഹൻലാൽ, മുരളി, രേഖ എന്നിവരുടെ ഒരു സീനാണ് ചിത്രീകരിച്ചത്. ഇവർക്കിടയിൽ എന്റെ നാട്ടുകാരനും സഹസംവിധായകനുമായ സുധീഷിനെ കണ്ടപ്പോൾ ഞാൻ പോയി പരിചയപ്പെട്ടു. എൻ്റെ ജൂനിയറായി കാസർകോട് ഗവ.കോളേജിൽ പഠിച്ച ചിത്രകാരൻ കൂടിയായ വത്സരാജിൻ്റെ സഹോദരി ലേഖയുടെ ഭർത്താവാണ് സുധീഷ്. സുധീഷ് ഈ ചിത്രത്തിൽ വില്ലനായി
അഭിനയിച്ചിട്ടുമുണ്ട്. അനന്തു എന്ന സംഗീത സംവിധായകനായ മോഹൻലാലും സുഹൃത്ത് ജോണി (മുരളി )യും ചേർന്ന് ഗായിക മീരയെ (രേഖ) ചക്രപാണി സ്റ്റുഡിയോയിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോകുന്ന സീനാണ്ചിത്രീകരിക്കേണ്ടിയിരുന്നത്. ഇവരെ തടയുന്ന സംഘത്തിലേക്ക് ആളുകളെ വേണം. അഭിനയം എന്നു പറഞ്ഞപ്പോൾ പലരും മടിച്ചു. ഓഫീസിലെ സെക്രട്ടറി ശശിയുടെ നേതൃത്വത്തിൽ മൂന്നാലു പേർ പിന്നീട് തയ്യാറായി. ഇവരെ തള്ളിമാറ്റി മോഹൻലാലും മുരളിയും ചേർന്ന് ബുള്ളറ്റിൽ രേഖയെ കയറ്റി കൊണ്ടു പോകുന്ന സീൻ ഒരു മണിക്കൂർ കൊണ്ട് ചിത്രീകരിച്ചു. മുരളി പിടിച്ചു തള്ളുന്നതിനിടയിൽ ശശി നിലത്തു വീണു.നിലത്തു നിന്ന് എഴുന്നേറ്റ്
ഇൻചെയ്ത ഷർട്ട് ശരിയാക്കിയത് ക്യാമറയിൽ പതിഞ്ഞു. ഇത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. അതിനാൽ ഈ സീൻ ഒന്നു കുടി എടുക്കേണ്ടി വന്നു. രേഖ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങുമ്പോൾ ഒപ്പം വയലിൻപെട്ടി തൂക്കിപ്പിടിച്ച് ഒരു വയലിനിസ്റ്റും കൂടെ വേണമായിരുന്നു. വയലിനിസ്റ്റായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയത്
ശാസ്ത്രജ്ഞനായ ഡോ. ശ്രാവൺ കുമാറിനാണ്. കണ്ണട വെച്ച് നീണ്ട് മെലിഞ്ഞ ശരീര പ്രകൃതമാണ് അദ്ദേഹത്തിന് ഈ അവസരം നൽകിയത്. പക്ഷെ അദ്ദേഹത്തിന് സിനിമയിൽ മുഖം കാണിക്കാനായില്ല. ഈ ഭാഗം സിനിമയിൽ ചേർത്തില്ല. ഷൂട്ടിംഗിന് ആളു കുടുന്നത് സിനിമാക്കാർക്ക്
വലിയ പ്രശ്നമാണ്. ചിലപ്പോൾ പോലീസ് സഹായം പോലും തേടാറുണ്ട്. എന്നാൽ സെസ്സിനകത്ത് ഷൂട്ടിംഗ് കാണാൻ ആരും വരാത്തത് സിനിമാ സംഘത്തെ അത്ഭുതപ്പെടുത്തി. അതും മോഹൻലാലും മുരളിയും മറ്റും കൺമുന്നിൽ അഭിനയിക്കുമ്പോൾ .എല്ലാ ശാസ്ത്രജ്ഞരുടെയും മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ ഈ ഷൂട്ടിംഗ് പരിസരം കാണാം. പലരും ഇവിടെ നിന്ന് സീൻ കാണുന്നുണ്ടായിരുന്നു. ശാസ്ത്ര സ്ഥാപനമല്ലേ . ഷൂട്ടിംഗ് കാണാൻ ചെന്നാൽ ഡയരക്ടർ കോപിക്കും എന്ന പ്രശ്നവുമുണ്ട്. ഇതിനിടയിൽ വേണു നാഗവള്ളിയെ കാണാൻ സെസ്സിലെ മറൈൻ സയൻസ് ഡിവിഷൻ തലവൻ ജി.കെ സുചിന്ദൻ വന്നത്. എല്ലാവർക്കും കൗതുകമായി. ചോദിച്ചപ്പോൾ
സുചിന്ദൻ സാർ പറഞ്ഞു – അവൻ എന്റെ ക്ലാസ് മേറ്റാ… എങ്ങിനെ കാണാതിരിക്കും. നെടുമുടി വേണു, ജഗതി,ശങ്കർ, കവിയൂർ പൊന്നമ്മ, സുകുമാരി, ഉണ്ണിമേരി,കരമന, ശങ്കരാടി , ഇന്നസെന്റ്, മാളാ അരവിന്ദൻ തുടങ്ങി വലിയൊരു താര നിര ഈ സിനിമയിലുണ്ടായിരുന്നു. ഷിർദ്ദിസായി ക്രീയേഷൻസിന്റെ ബാനറിൽ പി.കെ.ആർ പിള്ളയാണ് സിനിമ നിർമ്മിച്ചത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ സൗപർണ്ണികാമൃത വീചികൾ പാടും… ഘനശ്യാമ മോഹനകൃഷ്ണ.. തുടങ്ങിയ അഞ്ച് പാട്ടുകൾ ഈ സിനിമ ഹിറ്റാകാൻ സഹായിച്ചു.