അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച
തിരുവനന്തപുരത്ത് തിരശ്ശീല ഉയരും. വൈകീട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.
എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയും പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം.അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഉദ്ഘാടനശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.




















