മലയാള സിനിമ മണ്ണിലുറച്ചു നിന്നു – മുഖ്യമന്ത്രി
സാമൂഹിക പ്രതിബദ്ധതയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘നല്ല സിനിമ, നല്ല നാളെ’ – കേരള ഫിലിം പോളിസി കോൺക്ലേവ് തിരുവനന്തപുരം നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലയാള സിനിമയുടെ സർവതല സ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോൺക്ലേവും.
1928 നവംബർ 7 ന് തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ജെ.സി. ഡാനിയേലിന്റെ ‘വിഗതകുമാര’നിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകൾ അതിന്റെ ശൈശവദശയിൽ പുരാണകഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യ സിനിമയായ ‘വിഗതകുമാരനി’ലും ആദ്യ ശബ്ദസിനിമയായ ‘ബാലനി’ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ നവതരംഗ സിനിമയുടെ പതാകാവാഹകരായ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ യശസ്സുയർത്തി. ഷാജി എൻ കരുണിന്റെ ‘പിറവി’ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 31പുരസ്കാരങ്ങൾ നേടുകയും ചെയ്തു. നാല് മലയാളികൾ മുഖ്യവേഷങ്ങളിൽ അഭിനയിച്ച മലയാള ഭാഷയിലുള്ള ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രം കഴിഞ്ഞ വർഷം കാൻ മേളയിൽ ഗ്രാന്റ് പ്രി പുരസ്കാരം നേടുകയുണ്ടായി.
മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓർക്കുന്ന വേളയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ഇപ്പോൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമായവയിലുണ്ട്.
ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നവർക്കുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്.
കേരളത്തിൽ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാർഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കേരള ചലച്ചിത്ര രംഗത്തിന് അർഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ല എന്നതും ഈ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടണം.
ചടങ്ങിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിഖില വിമൽ, പത്മപ്രിയ, സന്തോഷ് ടി. കുരുവിള, ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ എന്നിവർ പങ്കെടുത്തു.




















