ഓടാപ്പൊഴി ഓമനപ്പുഴയായി ; അമരത്തിൻ്റെ ഓർമ്മയിൽ ജോയ്

ഗ്രാമത്തിലെ പഴയകാല ഓർമ്മകൾ പങ്കുവെക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യൻ. ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്ജെൻഷ്യ സോഫ്റ്റ് വേർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സി.ഇ.ഒ ആണ് ജോയ്.
 

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് നാട്ടിൽ ഓടാപ്പൊഴി എന്നറിയപ്പെട്ടിരുന്ന ഓമനപ്പുഴ പൊഴിനാക്കിൽ അമരം സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. സിനിമ വന്നിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും അതിൻ്റെ ഓർമ്മകൾ ഇന്നും മനസ്സിലോടിയെത്തുന്നു.
അമ്മച്ചിയുടെ വീട്ടിൽ അപ്പാപ്പനും അമ്മാച്ചന്മാരും ഓടാപ്പൊഴി പ്രദേശത്തെ പ്രധാന വീച്ചുകാരായിരുന്നു. കുട്ടിക്കാലം 

തൊട്ടേ അവർക്കൊപ്പം കുടം പിടിക്കാൻ പോയിരുന്നത് കൊണ്ട് പത്താംക്ലാസിലൊക്കെ എത്തിയപ്പോൾ വീച്ചു പഠിച്ചു. ഇളയ അമ്മാച്ചൻ ഒരു ചെറിയ വലയും ഉണ്ടാക്കി തന്നു. നവംബർ – ഡിസംബർ മാസത്തിലെ വൈകുന്നേരങ്ങൾ സ്‌കൂൾ വിട്ടു വന്നാൽ പൊഴിനാക്കിൽ ചേക്ക ചെമ്മീൻ വീശാൻ പോകലാണ് പ്രധാന പരിപാടി. പൊഴിനാക്കിൽ ചേക്കൽ ആവുന്നതിനു മുൻപേ ചെല്ലും. പൊഴിനാക്കിലെ കരഭാഗത്തെ മണൽ വകഞ്ഞു ഒരു തടമുണ്ടാക്കും. പടിഞ്ഞാറ് നിന്നുള്ള കാറ്റ്‌ വീശി മണ്ണെണ്ണ വിളക്ക്‌ അണയാതിരിക്കാൻ മണ്ണ് വകഞ്ഞു കൂട്ടി ആ വശം ഒരുകോട്ടയാക്കി മാറ്റും. എല്ലാം തയ്യാറാക്കി

കരിക്കലാവാൻ കാത്തിരിപ്പാണ്. സൂര്യൻ വെള്ളത്തിൽ മുട്ടുമ്പോൾ പൊഴിനാക്കിൽ ചേക്കൽ ചെമ്മീനിന്റെ കണ്ണ് തിളങ്ങും. അപ്പോൾ വീശിത്തുടങ്ങും. പത്ത് പന്ത്രണ്ട് വലക്കാരും അവരുടെ കുടം പിടുത്തക്കാരും കാഴ്ചക്കാരും ഒക്കെ ചേർന്ന് ഒരു ചെറിയ ആൾകൂട്ടം തന്നെയുണ്ടാവും. വല വീശി കുടയുന്നത് മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ച മൺതടത്തിലേക്കാണ്. തിളങ്ങുന്ന കണ്ണുകൾ നോക്കിയാണ് ചെമ്മീൻ കുടത്തിൽ പെറുക്കിയിടുന്നത്. ആദ്യവലയിലെ ചെമ്മീനുകളുടെ എണ്ണം

കണ്ടിട്ടാണ് പലരും വലയെടുക്കാൻ  പോകുന്നത് തന്നെ. ഇരുട്ടും വെളിച്ചവും സമാസമം ആകുമ്പോൾ വലയിൽ പെടുന്ന ചെമ്മീനുകളുടെ എണ്ണം കൂടും. കുറെ കൂടി വലിയ ഇനങ്ങളായ നാരനും വെട്ടനും ഒക്കെ കിട്ടിത്തുടങ്ങും. ഭാഗ്യമുണ്ടെങ്കിൽ രണ്ടോ മൂന്നോ കമ്മട്ടിയും കുടുങ്ങും. എട്ടര ഒൻപത് മണിയാവുമ്പോഴേക്കും കൊണ്ടു വന്ന കുടവും ചാക്കുമൊക്കെ നിറയും. നിലാവ് ഉയർന്നു പൊങ്ങുമ്പോഴേക്കും കിഴക്കു നിന്ന് പൊഴിനാക്ക് സന്ദർശിക്കാനായി യാത്ര ചെയ്തു വരുന്ന ചെമ്മീനുകളുടെ എണ്ണം കുറയും.വർഷത്തിൽ നാലോ അഞ്ചോ ആഴ്ചകളിൽ മാത്രാമാണ് ഇങ്ങനെ ചേക്കൽ ചെമ്മീൻ വീച്ചു നടക്കുക. അങ്ങനെ ഒരു വീച്ചിന്  ചെന്നപ്പോഴാണ് പൊഴിനാക്കിന്റെ

ഇരുവശവും രണ്ടു പുതിയ കുടിലുകൾ ഉയരുന്നത് കണ്ടത് . ആരോ കൂട്ടത്തിൽ നിന്ന് പറഞ്ഞു. മമ്മൂട്ടിയുടെ സിനിമയ്ക്കാണ്. വടക്കേക്കര മമ്മൂട്ടിയുടെ വീട് , തെക്കേക്കരയിൽ മുരളിയുടെയും. എന്റെ വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് മലയാളത്തിലെ ആദ്യകാല സിനിമകൾ ഭൂരിഭാഗവും ചിത്രീകരിച്ച ഉദയ സ്റ്റുഡിയോയെങ്കിലും അന്ന് വരെ ഒരു സിനിമയുടെ ഷൂട്ടിങ് പോലും കണ്ടിട്ടില്ല. ഇത്തവണ പക്ഷെ ഷൂട്ടിങ് ആദ്യമായ് കണ്ടു. ചെക്കൽ വീശുന്ന പൊഴിനാക്കിലെ മണലിൽ മമ്മൂട്ടി കുഞ്ഞിനൊപ്പം തിര തെറിപ്പിച്ചു ഓടിനടക്കുന്നു . അഞ്ചാറു പേര്

പിന്നിൽ താങ്ങി പിടിച്ച ചെറുവള്ളത്തിൽ മമ്മൂട്ടി കുഞ്ഞിനെ ഓമനിക്കുന്നു. ബാക്ക് ഗ്രൗണ്ടിൽ പുലരേ പൂന്തോണിയിൽ… എന്ന പാട്ട്. ഒരേ കാര്യം 10-15 തവണ ആവർത്തിക്കുന്നു. അവസാനമാണ് അത് ഫിലിമിലാക്കുന്നത്. ഒറ്റ ദിവസമേ ഷൂട്ടിങ് കണ്ടുള്ളു. കാണാൻ നിറയെ ആളായിരുന്നു. മുപ്പത് വർഷം മുമ്പത്തെ ആ അനുഭവം മറക്കാനാവില്ല. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. മനോഹരമായ ഗാനങ്ങൾ. പിന്നെ കുറെ കാലം കഴിഞ്ഞാണ്  

പൊഴിനാക്കിൽ വീശാൻ പോയത് . അപ്പോഴേക്കും സിനിമയിലൂടെ ഓടാപ്പൊഴി പൊഴിനാക്ക് പ്രസിദ്ധമായി. ഓടാപ്പൊഴി എന്ന പേരിന് ഒരു പക്ഷെ പുരോഗമനം പോരാഞ്ഞിട്ടാവും ഇപ്പോൾ ഓമനപ്പുഴ എന്നാണ് ഈ പൊഴി അറിയപ്പെടുന്നത്. മറ്റൊരു പ്രസിദ്ധമായ ചാന്ത്പൊട്ട് എന്ന സിനിമയിലെ ഗാനത്തിലൂടെ ഈ പേരും പ്രസിദ്ധമായി. ആ സിനിമയുടെ ചിത്രീകരണം പക്ഷെ ഇവിടെങ്ങും ആയിരുന്നില്ല . അർത്തുങ്കൽ കടപ്പുറത്തു ആയിരുന്നു എന്നാണ് തോന്നുന്നത്.

നാട്ടിലെ വാക്കുകൾ:

വീച്ച് – വല വീശൽ, പൊഴിനാക്ക് -ചെറിയ തോട് അല്ലെങ്കിൽ പൊഴി കടലിൽ ചെന്ന് ചേരുന്നയിടം, ചേക്കൽ -സന്ധ്യാസമയം,
കരിക്കലാവുക -നേരം ഇരുണ്ട്‌ തുടങ്ങുക, നാരൻ – നാരൻ ചെമ്മീൻ , വെട്ടൻ -ടൈഗർ ചെമ്മീൻ, കമ്മട്ടി -ഒരിനം ഞണ്ട്

Leave a Reply

Your email address will not be published. Required fields are marked *