തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സിനിമാ ആസ്വാദകരെ സാക്ഷിയാക്കി 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു.
ഐ.എസ് ഭീകരാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട സംവിധായിക ലിസ ചലാനെ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്നൽകി ആദരിച്ചു.
ഉദ്‌ഘാടന ചിത്രമായ ‘രഹ്ന മറിയം നൂറിലെ’ നടി അസ്മരി ഹഖ്, നടി ഭാവന എന്നിവർ അതിഥികളായി പങ്കെടുത്തു.
മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. ഡെയിലി
ബുള്ളറ്റിൻ മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു.
ചലച്ചിത്ര അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുണിന് നൽകി പ്രകാശനം നിർവഹിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആശംസ നേർന്നു. അക്കാദമി സെക്രട്ടറി സി.അജോയ് നന്ദി പറഞ്ഞു. പിന്നണിഗായിക ഗായത്രിയും പ്രശസ്ത അക്കോർടിയനിസ്റ്റ് സൂരജ് സാഥെയും സംഗീതാർച്ചന നടത്തി.