ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു
ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ. കരുണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചലച്ചിത്രകലയെ ചിത്ര കലയുമായി സന്നിവേശിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ ഷാജി എൻ. കരുണിന്റെ പ്രത്യേകതയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേദകമായ കഥ അദ്ദേഹം പിറവിയിലൂടെ ആവിഷ്കരിച്ചു.
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ യാഥാർഥ്യം അദ്ദേഹം ലോകത്തിന് മുന്നിൽ വരച്ചു കാട്ടി. കാൻ ഫെസ്റ്റിവലിൽ പിറവി, സ്വം, വാനപ്രസ്ഥം എന്നീ മൂന്ന് സിനിമകൾ തെരെഞ്ഞെടുക്കപ്പെട്ടത് തന്നെ ഈ അതുല്യ പ്രതിഭയുടെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ്. മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുള്ള ഇടപെടലിലൂടെയും ഷാജി എൻ കരുൺ സജീവ സാന്നിധ്യമായി. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ചിത്രമായ ‘കാതൽ ദി കോർ’ നുള്ള പുരസ്കാരം സംവിധായകൻ ജിയോ ബേബിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജ് സുകുമാരനും മികച്ച നടിമാർക്കുള്ള പുരസ്കാരം ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസിയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രമായ ഇരട്ടയ്ക്കുള്ള പുരസ്കാരം നിർമ്മാതാക്കളായ ജോജു ജോർജ്ജ്, മാർട്ടിൻ പ്രാക്കാട്ട്, സിജോ വടക്കൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനായ വിജയരാഘവനും സ്വഭാവ നടി ഗ്രീഷ്മ ചന്ദ്രനും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.
ജൈവം എന്ന ചിത്രത്തിലെ അഭിനയത്തിന് കൃഷ്ണനും ആടുജീവിതത്തിലെ അഭിനയത്തിന് കെ.ആർ. ഗോകുലും കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോടും ഗഗനചാരി എന്ന സിനിമയുടെ നിർമ്മാതാവ് അജിത് കുമാർ സുധാകരനും സംവിധായകൻ അരുൺ ചന്ദുവും ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
മികച്ച ബാലതാരം ആൺ വിഭാഗത്തിൽ അവ്യുക്ത് മേനോനും മികച്ച ബാലതാരം പെൺ വിഭാഗത്തിൽ തെന്നൽ അഭിലാഷും മികച്ച കഥാകൃത്തായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും മികച്ച ഛായാഗ്രാഹകനായ സുനിൽ കെ.എസും മികച്ച തിരക്കഥാകൃത്തായ രോഹിത് എം.ജി കൃഷ്ണനും മികച്ച തിരക്കഥ അഡാപ്‌റ്റേഷൻ വിഭാഗത്തിൽ ബ്ലെസിയും മികച്ച ഗാനരചയിതാവായ ഹരീഷ് മോഹനനും മികച്ച സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസും മികച്ച പശ്ചാത്തല സംഗീത സംവിധായകനായ മാത്യൂസ് പുളിക്കനും മികച്ച പിന്നണി ഗായകനായ വിദ്യാധരൻ മാസ്റ്ററും മികച്ച പിന്നണി ഗായികയായ ആൻ ആമിയും അവാർഡ് സ്വീകരിച്ചു.
മികച്ച ചിത്ര സംയോജകനായ സംഗീത് പ്രതാപും മികച്ച കലാ സംവിധായകനായ മോഹൻദാസും മികച്ച സിങ്ക് സൗണ്ടിസ്റ്റായി ഷമീർ അഹമ്മദും മികച്ച ശബ്ദ മിശ്രണത്തിന് റസൂൽപൂക്കുട്ടിയും ശരത് മോഹനും മികച്ച ശബ്ദരൂപകൽപ്പനയ്ക്ക് ജയദേവൻ ചക്കാടത്തും അനിൽ രാധാകൃഷ്ണനും മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് വൈശാഖ് ശിവഗണേഷ് / ന്യൂബ് സിറസും മികച്ച മേക്കപ്പ് ആർട്ടിസ്റ്റാ രഞ്ജിത് അമ്പാടിയും മികച്ച വസ്ത്രാലങ്കാരത്തിന് ഫെമിന ജബ്ബാറും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ വിഭാഗത്തിൽ റോഷൻ മാത്യുവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ വിഭാഗത്തിൽ സുമംഗലയും മികച്ച നൃത്ത സംവിധാനത്തിന് ജിഷ്ണുവും ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയും മികച്ച നവാഗത സംവിധായകനായ ഫാസിൽ റസാഖും മികച്ച വിഷ്വൽ ഇഫക്റ്റ്‌സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ശാലിനി ഉഷാദേവിക്ക് ചടങ്ങിൽ സമ്മാനിച്ചു.
ചലച്ചിത്ര അവാർഡ് ബുക്കിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ധന മന്ത്രി കെ.എൻ ബാലഗോപാലിന് നൽകി നിർവഹിച്ചു. കൊട്ടാരക്കരയിൽ നടക്കുന്ന വനിതാ ചലച്ചിത്ര മേളയുടെ ഡിസൈൻ പ്രകാശനം റവന്യൂ മന്ത്രി കെ. രാജൻ മേയർ ആര്യാ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ജൂറി അംഗം ആൻ അഗസ്റ്റിൻ എന്നിവർക നൽകി നിർവഹിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ.ജാനകി ശ്രീധരൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് എന്നിവർ സംബന്ധിച്ചു.