വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയ്ക്കാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്ക്കാരം.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് വയലാർ രാമവർമ്മ മെമോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ അറിയിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥ മാതൃഭൂമി ബുക്സ് പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ. രാജശേഖരൻ, ഡോ.എൽ. തോമസ്കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

പരേതരായ കളരിക്കൽ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് എത്തുന്നത്. മൂവായിരത്തിലധികം സിനിമാ ഗാനങ്ങൾ  രചിച്ചിട്ടുണ്ട്.

മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. എൺപതോളം സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് സിനിമകളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. ലളിതഗാനങ്ങൾ, ആൽബം ഗാനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങി ആയിരത്തോളം രചനകൾ വേറെയുമുണ്ട്.

‘നീലത്താമര’, ‘അച്ഛന്റെ ചുംബനം’, ‘അമ്മയ്ക്കൊരു താരാട്ട്’, ‘പുരതലാഭം’ തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ ‘ഹൃദയസരസ്സ്’  എന്നിവയും ശ്രീകുമാരൻ തമ്പിയുടേതായിട്ടുണ്ട്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് ജെ.സി. ഡാനിയൽ പുരസ്കാരം അടക്കം ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് ഭാര്യ. കവിത, പരേതനായ രാജകുമാരൻ തമ്പി എന്നിവർ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *