ബഷീറിനെ അടുത്തു കണ്ടപ്പോൾ ഇൻ്റർവ്യം ചോദ്യങ്ങൾ മറന്നു
രാധാകൃഷണൻ പെരുമ്പള
ചിത്രങ്ങൾ : പി.വി. കൃഷ്ണൻ
യുദ്ധം ഇല്ലാതാവണമെങ്കിൽ നേതാക്കൾക്കെല്ലാം വരട്ടുചൊറി വരണമെന്ന് ബഷീർ.
കുട്ടിക്കാലത്തു തന്നെ ബഷീർ എന്ന എഴുത്തുകാരനെ സ്കൂൾ പാഠപുസ്തകങ്ങളിലൂടെയും ബാല പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും പരിചയപ്പെട്ടിരുന്നുവെങ്കിലും കാസർകോട് ഗവ.കോളേജ് ലൈബ്രറിയിൽ നിന്നും എട്ടൻ (കുമാരൻ മേലത്ത്) കൊണ്ടുവന്ന പുസ്തകങ്ങളിലൂടെയാണ് ചില ബഷീർ കൃതികൾ വായിക്കുന്നത്. പിന്നീട് ഞാൻ കോളേജിൽ ചേർന്നതോടെ ഗൗരവ പൂർണമായ വായനക്ക് അവസരമുണ്ടായി.
അക്കാലത്ത് ബഷീറിൻ്റെ ഒട്ടുമിക്ക കൃതികളും വായിച്ചു. അതോടെ എഴുത്തുകാരനുമായി വല്ലാത്തൊരു അടുപ്പം തോന്നി. ‘ശബ്ദങ്ങൾ’ വായിച്ചതോടെ കിടിലം കൊണ്ടു. ബഷീർ താമസിക്കുന്ന കോഴിക്കോട് ബേപ്പൂരിൽ പോകാൻ പലതവണ പദ്ധതിയിട്ടെങ്കിലും നടന്നില്ല. അങ്ങനെയിരിക്കെയാണ് അത്ഭുതപ്പെടുത്തിക്കൊണ്ട് ബഷീർ ഞങ്ങളുടെ നാട്ടിൽ വരുന്നെന്ന വിവരം കിട്ടിയത്.
1986 ലോ-87 ലോ ആണ് . ഞാൻ ബി.എസ്.സി.ക്ക് പഠിക്കുന്ന കാലം. കൃത്യമായി പറയണമെങ്കിൽ എം.എ. റഹ്‌മാന്‍ മാഷുടെ കല്യാണത്തീയ്യതിയറിയണം. മാഷുടെ വിവാഹത്തിന് ഉദുമയിലെ വീട്ടിൽ ബഷീർ വന്നു. വിവാഹത്തിന് ക്ഷണമുണ്ടായിരുന്നോ എന്നൊന്നും ഓർമ്മയില്ല. റഹ്‌മാന്‍ മാഷ്
ബ്രണ്ണൻ കോളേജിലോ മറ്റോ പഠിപ്പിക്കുന്ന കാലം. അടുത്ത പരിചയം കൈവന്നിരുന്നില്ല.അദ്ദേഹം ‘ബഷീർ ദ മാൻ’എന്ന ഡോക്യുമെൻററി സിനിമ തയ്യാറാക്കിക്കൊണ്ടിരുന്ന കാലം. പൂർത്തിയായിരുന്നോ എന്ന് ഇപ്പോൾ പറയാനാവുന്നില്ല. മാഷുടെ കുടുംബത്തിൽപ്പെട്ട എം.എ.ഹമീദലി , എം.എ.ഹസ്സൻ എന്നിവർ പരിചയക്കാരായി ഉണ്ടായിരുന്നു. അതൊരു ധൈര്യമായി .
ഏതായാലും ഇടിച്ചു കയറാമെന്നു തീരുമാനിച്ച് പുറപ്പെട്ടു. ബഷീറിനെക്കണ്ടേ പറ്റു എന്ന നിലയായിരുന്നു. അന്നത്തെ കോളേജ് മാഗസിൻ എഡിറ്ററായിരുന്ന കെ. കുമാരനും (അഡ്വ.കെ.കുമാരൻ നായർ ) എന്നോടൊപ്പം ചേർന്നു. ബഷീറിനെ ഒത്തു കിട്ടിയാൽ മാഗസിനിലേക്ക് ഒരു ഇൻ്റർവ്യൂവും ഒപ്പിക്കണമെന്ന കുമാരൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ കുറച്ചു ചോദ്യങ്ങളൊക്കെ മനസ്സിൽ കരുതുകയും ചെയ്തിരുന്നു.
വിവാഹത്തിന് കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരായ ആളുകൾ സന്നിഹിതരായിരുന്നു . ഞങ്ങൾ ചെല്ലുമ്പോൾ ബഷീർ സുഹൃദ് വലയത്തിൽ സംഭാഷണത്തിലായിരുന്നു. ഞാൻ റഹ്‌മാന്‍
മാഷെ കണ്ട് കോളേജ് മാഗസിനു വേണ്ടി ബഷീറിനെ ഒന്ന് ഇൻ്റർവ്യു ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
അന്നത്തെ കല്യാണച്ചെറുക്കനായിരുന്ന മാഷ് അതിൻ്റെ തിരക്കുകളെല്ലാം അല്പസമയം മാറ്റി വെച്ച് വളരെ സന്തോഷത്തോടെ ഞങ്ങളെ ബഷീറിനു പരിചയപ്പെടുത്തി. ബഷീർ ഇരിക്കുന്നതിനു സമീപത്ത് രണ്ടു കസേര നീക്കിവെച്ച് ഞങ്ങൾക്ക് ഇരിക്കാൻ സൗകര്യമൊരുക്കി. ബഷീറിനെ തൊട്ടടുത്ത് കിട്ടിയപ്പോൾ പക്ഷെ എനിക്ക് സ്വരൂപിച്ചു കൂട്ടിയ ചോദ്യങ്ങൾ ഓർമ്മ കിട്ടാത്ത സ്ഥിതിയായി. മനസ്സിൽ വന്ന മറ്റെന്തൊക്കെയോ ചോദിച്ചു. ബഷീർ ആ ചോദ്യങ്ങളെയൊക്കെ പരിഹസിച്ചും പരിഗണിച്ചും മറുപടി പറഞ്ഞു.
ചോദിക്കാതെ തന്നെ പലതും പറഞ്ഞു തന്നു. ലോക കാര്യങ്ങൾ രാഷ്ട്രീയം,സാഹിത്യം, യുദ്ധം എല്ലാം. വർഷങ്ങളായി ഇറാൻ -ഇറാക്ക് യുദ്ധം നടന്നു വരുന്ന സന്ദർഭമായിരുന്നു അത്. യുദ്ധം ഇല്ലാതാവണമെങ്കിൽ നേതാക്കൾക്കെല്ലാം വരട്ടു ചൊറി വരണമെന്ന് ബഷീർ പറഞ്ഞു. തനിക്ക് ഭ്രാന്തു വന്നിട്ടുണ്ടെന്നും ഇനിയും വന്നേക്കാമെന്നുമൊക്കെ അദ്ദേഹം തൻ്റെ അര മണിക്കൂറിലേറെ നേരം നീണ്ട സംഭാഷണത്തിൽ പറഞ്ഞു.
എന്നെ സംബന്ധിച്ചേടത്തോളം ഒരു അപൂർവ്വ ഭാഗ്യാനുഭവമായിരുന്നു അത്. ആ ഇൻറർവ്യൂവിനെ അടിസ്ഥാനമാക്കി “മഹത്തരമായ ഭ്രാന്ത് ” എന്ന പേരിൽ ഒരു കുറിപ്പ് എഴുതി ആ വർഷത്തെ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചു.
നല്ലൊരു ഫോട്ടോഗ്രാഫറായ എം.എ.ഹസ്സൻ അന്ന് ഫോട്ടോകൾ എടുത്തിരുന്നു. പിൽക്കാലത്ത് മാതൃഭുമി ആഴ്ചപ്പതിപ്പിൽ
റഹ്‌മാന്‍ മാഷ് എഴുതിയ ലേഖനത്തിൽ ബഷീറിൻ്റെ മറ്റു ചില ഫോട്ടോകളോടൊപ്പം ഞങ്ങൾ ബഷീറിനെ ഇൻ്റർവ്യു ചെയ്യുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചു കണ്ടു ആഹ്ലാദിച്ചു.
അതിനിടയിൽ തന്നെ, ഡോ.അംബികാസുതൻ മാങ്ങാട് ബഷീറിനെക്കുറിച്ച് തയ്യാറാക്കിയ “നൂറ് ബഷീർ ” എന്ന ഓർമ്മ പുസ്തകത്തിൽ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് നൽകിയ എൻ്റെ ബഷീർ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചതിൻ്റെ സന്തോഷവും എടുത്തുപറയത്തക്കതാണ്.