‘സമയത്ത് ഡോക്ടർ എത്തിയിരുന്നെങ്കിൽ ഈ ഓർമ്മക്കുറിപ്പ് ഉണ്ടാവുമായിരുന്നില്ല’
എൻ. ഇ. സുധീർ
ഞാൻ ഗിരിഷ് കർണാഡിന്റെ ആത്മകഥയായ this life at play മറിച്ചു നോക്കുകയായിരുന്നു.
‘1973 – ദാർവാഡ് :
ഞാൻ അച്ഛനോടും അമ്മയോടുമൊപ്പം വീട്ടിൽ ഉച്ച ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു. എന്റെ ആദ്യ സിനിമയായ സംസ്കാര പ്രസിഡണ്ടിന്റെ ഗോൾഡ് മെഡൽ നേടിയിരുന്നു. രണ്ടാമത്തെ സിനിമയായ വംശവൃക്ഷ വലിയ പ്രദർശന വിജയം നേടുകയും സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. കാട് എന്ന മൂന്നാമത്തെ സിനിമ ഏകദേശം പൂർത്തിയായിരുന്ന കാലം. ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ സ്ഥാനത്തേക്ക് എന്റെ പേര് വന്ന സമയമായിരുന്നു. സ്വയം അഭിനന്ദനങ്ങളാൽ വീട്ടിലെ അന്തരീക്ഷം നിറഞ്ഞിരുന്നു. ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോൾ അച്ഛനെ നോക്കി അമ്മ പറഞ്ഞു,
“നിന്നെ വേണ്ടെന്നു വെക്കാൻ പോലും ഞങ്ങൾ ഒരിക്കൽ ചിന്തിച്ചിരുന്നു.” അച്ഛന്റെ മുഖം ചുവന്നു. കുറച്ചു വിക്കിയും മടിച്ചും അച്ഛൻ പറഞ്ഞൊപ്പിച്ചു.
“അത് നിന്റെ ആശയമായിരുന്നു. എന്റെതല്ല. അതിപ്പഴെന്തിനാ എടുത്തിടുന്നത്? ”
മുന്നിലെ പ്ലേറ്റിലേക്ക് നോക്കി അച്ഛനിരുന്നു.
“എനിക്കതറിഞ്ഞേ പറ്റൂ.”
ഞാൻ അമ്മയോട് പറഞ്ഞു. അവർ അത് വിശദീകരിച്ചു :
“ഞാൻ നിന്നെ ഗർഭം ധരിച്ചപ്പോഴേക്കും എനിക്കു മൂന്നു കുട്ടികളുണ്ടായിരുന്നു. അത് മതിയെന്ന ഒരു ചിന്ത എങ്ങനെയോ എന്നിലുണ്ടായി. അങ്ങനെ ഞങ്ങളൊരു ഡോക്ടറെ കാണാൻ പോയി. മധുമാലതി ഗുണെ എന്ന പൂനയിലെ ഒരു ഡോക്ടറെ.”
“എന്നിട്ട് ?”
“അവർ അവരുടെ ക്ലിനിക്കിലുണ്ടാവുമെന്നാണ് പറഞ്ഞത്. ഞങ്ങളവിടെയെത്തിയപ്പോൾ അവരവിടെ ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം കാത്തു നിന്നതിനു ശേഷം ഞങ്ങൾ മടങ്ങി.” “അതിനുശേഷം ?”
“അതിനു ശേഷം ഒന്നുമില്ല. ഞങ്ങൾ പിന്നീടങ്ങോട്ട് പോയതേയില്ല.”
ഇത്രയും കേട്ടപ്പോൾ ഞാൻ അന്ധം വിട്ടിരുന്നു പോയി. എനിക്കപ്പോൾ മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഞാനില്ലാതെയും ഈ ലോകം മുന്നറുമായിരുന്നു എന്ന സാധ്യതയോർത്ത് ഞാനാകുലപ്പെട്ടു. എന്റെ അഭാവത്തെപ്പറ്റി ചിന്തിച്ച് കുറച്ചു സമയത്തേക്ക് എനിക്ക് പരിസര ബോധം നഷ്ടപെട്ടു. തുടർന്ന് ഒരു കൗതുക ചിന്ത കൂടി മനസ്സിലെത്തി. അല്പം മടിയോടെ ഞാനെന്റെ അനിയത്തിയെപ്പറ്റിക്കൂടി അമ്മയോട് ചോദിച്ചു :
” അപ്പോൾ ലീനയുടെ കാര്യം… ? ”
അമ്മ അതത്ര കാര്യമാക്കാതെ പറഞ്ഞു. “ആ ചിന്തയൊക്കെ നമ്മളപ്പോഴേ ഉപേക്ഷിച്ചിരുന്നു.”
അതും പറഞ്ഞ് അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അച്ഛനപ്പോഴും മുന്നിലെ പ്ലേറ്റിൽ നോക്കിയിരിക്കുക തന്നെ ചെയ്തു. പറഞ്ഞ സമയത്ത് ഡോക്ടർ എത്തിയിരുന്നെങ്കിൽ ഈ ഓർമ്മക്കുറിപ്പുകളും ഇതിന്റെ ആഖ്യാതാവും ഉണ്ടാവുമായിരുന്നില്ല. അതിനാൽ ഇതെല്ലാം സാധ്യമാക്കിയ ആളിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഞാനീ ആത്മകഥ സമർപ്പിക്കുന്നു : ഡോക്ടർ മധുമാലതി ഗുണെയുടെ ഓർമ്മയ്ക്കു മുമ്പിൽ.’
ഗിരിഷ് കർണാഡിന്റെ ആത്മകഥ ഇത്രയും വായിച്ച് ഞാൻ നെടുവീർപ്പിട്ടു. എന്തൊരു സമർപ്പണമാണിത് !
അനിർവചനിയമായ ഒരു ഊർജ്ജം എന്റെ സിരകളിലേക്ക് പടർന്നു കയറുന്നതു പോലെ എനിക്കു തോന്നി. അസാധാരണമായ ഒരു ജീവിതത്തിന്റെ ഉള്ളിലേക്ക് ഞാൻ കടക്കുകയാണ് എന്നൊരു തോന്നലെനിക്കുണ്ടായി. പ്രതിഭാശാലികൾ ഇങ്ങനെയാണ്. അവർ എഴുതുന്ന വാക്കുകളിലെല്ലാം പ്രതിഭയുടെ അഗ്നി ജ്വലിച്ചു നിൽക്കും.
ആധുനിക ഇന്ത്യയിലെ വലിയൊരു പ്രതിഭാശാലിയായിരുന്നു ഗിരിഷ് കർണാഡ് . നാടകം കൊണ്ടും സിനിമ കൊണ്ടും അഭിനയം കൊണ്ടും ഭരണനിപുണത കൊണ്ടും സവിശേഷമായ അധ്യായങ്ങൾ എഴുതിച്ചേർത്ത ആ ജീവിതമാണ് ഈ ഓർമ്മക്കുറിപ്പുകളിൽ നിറഞ്ഞിരിക്കുന്നത്.
( this life at play- Memoirs – girish karnad – Fourth. Estate Publishers . New Delhi )