സ്വപ്നങ്ങളിലെ നൊമ്പരങ്ങൾ… 

 കെ. കെ.മേനോൻ
ഫോൺ അടിച്ചു നിന്നു. വീണ്ടും അടിച്ചു കൊണ്ടേയിരുന്നപ്പോൾ പാതി മയക്കത്തിൽ നിന്നുണർന്ന്, ആ സമയത്ത് പതിവുള്ള എന്റെ ഉച്ചയുറക്കം കളഞ്ഞവനെ മനസ്സിൽ ശപിച്ചുകൊണ്ട് ഫോൺ എടുത്തു. ഹലോ… ഹലോ.. ശബ്ദം തീരെ മനസ്സിലായില്ല. വീണ്ടും ഹലോ.. പിന്നെ നിശ്ശബ്ദം. ഫോൺ താഴെ വെച്ച് മാടി വിളിച്ചിരുന്ന തലയിണയിൽ മെല്ലെ തല വെച്ച് കിടക്കാനൊരുങ്ങുമ്പോൾ വീണ്ടും ഫോണിന്റെ അസ്സഹനീയമായ ശബ്ദം.
 
ഫോൺ എടുത്തു.. ഹലോ.. എടാ ഞാൻ മുരളിയാണ്. എന്താ നീ ഫോൺ എടുക്കാതിരുന്നത് ? കുറെ നേരമായി ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.  എന്റെ ഉറക്കം തടസ്സപ്പെടുത്തിയ അവന്‌
വായിൽ വന്ന സഭ്യത ഇല്ലാത്ത വാക്കുകളാൽ അഭിഷേകം നൽകാനാണ് ആദ്യം മനസ്സ് വന്നത്. പിന്നെ സംസ്കാരത്തിന്റെ അതിർവരമ്പുകൾ ഒരിക്കലും കടന്ന് ചിന്തിക്കുകയോ, സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യരുതെന്ന ഗുരു ജനങ്ങളുടെയും, മാതാപിതാക്കളുടെയും  കർശനമായ നിർദ്ദേശങ്ങൾ ഓർമ്മയിൽ വന്നു.
 
എന്റെ പ്രതികരണം” എന്താ മുരളി ഈ സമയത്ത്, വിശേഷിച്ച് ? മുരളി “നീ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞു. നാളെ വൈകുന്നേരം നമ്മളെല്ലാവരും വോൾഗ ഹോട്ടലിൽ ഒത്തുചേരുന്നു. ” എല്ലാവരും എന്നുപറഞ്ഞാൽ? ”  ” നീയും ഞാനും. പിന്നെ വേണു, അജയൻ, സതീഷ്, രവി, സുരേഷ്, സുധി. ഇവരെല്ലാം വരാമെന്ന് ഏറ്റിട്ടുണ്ട്. ” 
 
പറഞ്ഞ സമയത്തിനു മുൻപുതന്നെ സുധി ഒഴിച്ച് ഞങ്ങളെല്ലാവരും വോൾഗ ഹോട്ടലിൽ എത്തിച്ചേർന്നു. ബാംഗ്ലൂരിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ സുധിക്കു അവിചാരിതമായ കാരണങ്ങളാൽ എത്തിച്ചേരാൻ സാധിച്ചില്ല. കുറേക്കാലത്തിനുശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കളുമായി കുശലാന്വേഷണം.. തമാശകൾ.. കോവിഡ് കാലത്ത് സംഭവിച്ച രൂപവ്യത്യാസങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ… നർമ്മരസം കലർന്ന വിമർശനങ്ങൾ.. അങ്ങനെ സമയം കടന്നു പോയപ്പോൾ, എല്ലാവരോടുമായി മുരളി  ” ഇങ്ങനെ സംസാരിച്ച് സമയം കളയണ്ട, നമുക്ക് ബാർ ടേബിളിലേക്ക് നീങ്ങാം”
 
 
എന്നു പറഞ്ഞു. എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട മദ്യം ഗ്ലാസുകളിൽ ഒഴിച്ച് വെള്ളമോ സോഡയോ  ചേർത്ത് ചീയേഴ്സ് പറഞ്ഞ് ഗ്ലാസുകൾ ചുണ്ടുകളോട് അടുപ്പിച്ചു. രണ്ടാമത്തെ റൗണ്ട്  കഴിഞ്ഞപ്പോൾ പാട്ട് പാടാനും കേൾക്കുവാനുമുള്ള മാനസികാവസ്ഥയിലായി എല്ലാവരും. അന്നത്തെ സംഗീതസാന്ദ്രമായ സായാഹ്നത്തിന് “പൊന്നുഷസിൻ ഉപവനങ്ങൾ ” എന്ന ഗാനം ആലപിച്ചുകൊണ്ട് മുരളി  തുടക്കം കുറിച്ചു. സന്യാസിനി…, രാക്കുയിലിൻ രാഗസദസ്സിൽ… മന്ദസമീരനിൽ… എന്ന ഗാനങ്ങളുമായി എന്റെ ഗാനസാന്നിധ്യം ഞാൻ കുറിച്ചു.
 
അറിയാതെ മനസ്സ് ഒരു ഫ്ളാഷ് ബാക്കിലൂടെ കടന്നുപോയി. കോളേജിലെ സുവർണ്ണ കാലങ്ങൾ, ആർട്സ് ഫെസ്റ്റിവൽ, കോളേജ് ഡേ അങ്ങനെ നിരവധി അമൂല്യമായ അവിസ്മരണീയ മുഹൂർത്തങ്ങൾ. നിത്യകാമുകിക്കായി കോളേജ് അങ്കണത്തിലെ മാവിൻചുവട്ടിൽ അക്ഷമയോടെ കാത്തിരുന്ന നാളുകൾ.. ക്ലാസുകൾ കഴിഞ്ഞ്, പരീക്ഷകൾക്കായി കോളേജ് അടയ്ക്കുമ്പോൾ ഉണ്ടായിരുന്ന വേർപാടിന്റെ വേദനകൾ.. അവൾ കാണുമെന്നു കരുതി അവൾ വായിക്കുവാനായി അവൾ നിത്യം നടന്നുവരുന്ന വഴിയരികിലെ ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതിവെച്ച എന്റെ പ്രണയ വിചാരങ്ങൾ.
 
പ്രണയാർദ്രമായ അവളുടെ നോട്ടത്തിൽ ഉദിച്ചുവന്ന ഒരായിരം താരങ്ങൾ… ഒരു ചന്ദ്രോദയം പോലെ തെളിഞ്ഞു വന്ന അവളുടെ പുഞ്ചിരി..മനസ്സിനെ മോഹിപ്പിക്കുകയും പ്രണയത്തിന്റെ ആനന്ദസാഗരത്തിൽ ആറടിക്കുകയും ചെയ്ത്, വേർപാടിന്റെ ദുഃഖങ്ങൾ സമ്മാനിച്ച്, പിരിയാൻ നേരത്ത് ‘ഐ ലൗ യു’ എന്നെഴുതിയ ഒരു തൂവാല എന്റെ കെയ്യിൽ വെച്ച് വിദൂരതയിലേക്ക് മറഞ്ഞു പോയ അവളെയോർത്തു ഞാൻ പാടിയ  കരിനീലക്കണ്ണുള്ള പെണ്ണെ… എന്ന ഗാനം.
അങ്ങിനെ ഓർമകളുടെ  പെരുമഴത്തുള്ളികളിൽ നൊമ്പരങ്ങൾ അലിഞ്ഞുചേർന്നു. പൂർവ്വകാല പ്രണയചിന്തകളിലൂടെ മനസ്സ് പാറിപറന്നപ്പോൾ വേണു എൻ്റെ പുറത്തു തട്ടി. എടോ, നീ സ്വപ്നം കാണുകയാണോ? അത് ഞങ്ങൾക്ക് കൂടി ഒന്നു പറഞ്ഞു താടോ.
 
മുറിയിലെ ബെല്ലടിച്ചപ്പോൾ എല്ലാവരുടെയും നോട്ടം വാതിൽക്കലേക്കായി.. സ്വാതസിദ്ധമായ പുഞ്ചിരിയോടെ സുധി.. അതെ നമ്മുടെ സുധി തന്നെ. തീരെ പ്രതീക്ഷിക്കാതെ ഞങ്ങളെയെല്ലാം ആശ്ചര്യപെടുത്തികൊണ്ട് റൂമിലേക്ക് കയറിവന്ന സുധി പറഞ്ഞു “ആരും എന്നെ പ്രതീക്ഷിച്ചിരുന്നില്ല, അല്ലെ? ഒരു സർപ്രൈസ് തരാമെന്നു  വിചാരിച്ചു “. സുധിയോട്  ഞാൻ കുശാലാന്വേഷണം നടത്തുമ്പോൾ, വേണുവിന്റെ ചോദ്യം ” ഇന്നലെ വിളിച്ചപ്പോൾ നിനക്ക് വരാൻ പറ്റില്ല എന്നല്ലേ പറഞ്ഞത് ” അപ്പോൾ സുരേഷ് സുധിയോട് ” നീ ഫ്ലൈറ്റിൽ ആണോ വന്നത് ” ഇതിനൊന്നും ഉത്തരം നൽകാതെ സുധി മുരളിയോട്  “എടാ, സമയം കളയാതെ എനിക്കൊരു ഡ്രിങ്ക് ഒഴിക്, വിസ്ക്കി മതി”.
 
ഒരിക്കൽക്കൂടി സുധിയോടായി ചീയേഴ്സ് പറഞ്ഞ് എല്ലാവരും ഗ്ലാസുകൾ കയ്യിലെടുത്തു. ഗതകാലസ്മരണകൾ അന്യോന്യം പങ്കുവെച്ചുകൊണ്ട് ആ രാത്രി എല്ലാവർക്കും ആസ്വാദ്യകരമായ അനുഭവം കാഴ്ചവെച്ചു. കാലം കാത്തു സൂക്ഷിച്ച ഓർമ്മകൾ പങ്കുവെക്കുമ്പോൾ എല്ലാവരും നാലു പതിറ്റാണ്ടു മുൻപേ നടന്ന കാര്യങ്ങൾ ഒന്നും വിട്ടു പോവാതെ, എന്നാൽ ഒരല്പം പോലും വിരസതയില്ലാതെ പറയുവാൻ അവനവന്റെ ഊഴവും കാത്തു നിന്നു. ഗാനങ്ങളുടെ അകമ്പടി ആ സൗഹൃദമേളനത്തിന് മാറ്റ് കൂട്ടിയപ്പോൾ മദ്യകുപ്പികൾ ഓരോന്നായി കാലിയായി കൊണ്ടിരുന്നു.
 
വളരെ രസകരമായ സംഭാഷണങ്ങൾ തുടർന്നു കൊണ്ടിരുന്ന ആ സമയത്ത് ഒരു രസം കൊല്ലിയായി കറന്റ്‌ പോയപ്പോൾ മുറിയിൽ ആകെ ഒരു നിശ്ശബ്തത. അതിനൊരു വിരാമം കുറിച്ച് കൊണ്ട് അജയൻ ആരോടെന്നിലാതെ ഉച്ചത്തിൽ ദേഷ്യം കലർന്ന സ്വരത്തിൽ ഇലക്ട്രിസിറ്റി ബോർഡി നെ ചീത്ത വിളിക്കാൻ തുടങ്ങി.ഇരുട്ടിൽ മുറിയിൽ പെട്ടെന്നൊരു ശബ്ദം… ഗ്ലാസ്സ് വീണു പൊട്ടുന്ന പോലെ…
 
അധികം താമസിയാതെ   ജനറേറ്റർ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുറി പ്രകാശമാനമായി. എല്ലാവരും തമ്മിൽ തമ്മിൽ നോക്കി, പിന്നീട് നിലത്തേക്കു നോക്കിയപ്പോൾ ഗ്ലാസ്സ് പൊട്ടിയ കുപ്പിച്ചില്ലുകളൊന്നും കാണാൻ സാധിച്ചില്ല.  വാഷ്റൂമിലേക്ക് പോയ സതീഷ് ഭയചകിതനായി സ്പീഡിൽ പുറത്തേക്കോടി വന്നു. സംസാരിക്കാൻ വിഫല ശ്രമം നടത്തിനോക്കി, എങ്കിലും അവൻ അത്രക്കും ഭയപ്പെട്ടിട്ടുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. സതീഷ്  വാഷ് റൂമിലേക്ക് കൈ ചൂണ്ടി എന്തോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.
 
വളരെ പെട്ടെന്ന് വാഷ് റൂമിൽ കയറിനോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഞാനും ഞെട്ടി പോയി. വാഷ്ബേസിനിൽ രക്തത്തിന്റെ പാടുകൾ… തൂക്കിയിട്ട ടവലിലും രക്തത്തിന്റെ കറ… അവിടെയാകെ രക്തത്തിന്റെ മണം…പുറത്തു വന്ന് കൂട്ടുകാരോട്  ഇക്കാര്യം പറഞ്ഞപ്പോൾ ഓരോരുത്തരും  കയറി നോക്കി ഞാൻ പറഞ്ഞ കാര്യം സത്യമാണെന്നു ബോധ്യപ്പെടുത്തി. റൂം ബെൽ അടിക്കുന്നു. ക്ഷണിക്കപ്പെടാത്ത, ഞങ്ങളുടെ വേറൊരു കൂട്ടുകാരൻ അശോകൻ മുറിയിലേക്ക് കയറി വന്നു. മുരളിയോടായി “നിങ്ങളുടെ പാർട്ടിയിൽ പങ്കു കൊള്ളാനൊന്നുമല്ല ഞാൻ വന്നിരിക്കുന്നത്. ഒരു ദുഖവർത്തമാനം അറിയിക്കട്ടെ. നമ്മുടെ സുധി
 
 
ബാംഗ്ലൂരിൽ വെച്ച് ഒരു അരമണിക്കൂർ മുമ്പ് കാർ ആക്‌സിഡന്റിൽ മരിച്ചു എന്ന വിവരം ലഭിച്ചിരിക്കുന്നു. ആക്‌സിഡന്റ് നടന്ന സ്ഥലത്തു വെച്ച് തന്നെ തൽക്ഷണം മരണപ്പെട്ടു എന്നാണ് ലഭിച്ച വിവരം. നിങ്ങളെല്ലാവരും ഇവിടെയുണ്ടെന്നറിഞ്ഞത് കൊണ്ടാണ് ഞാൻ വന്നത് ” ഞങ്ങൾ എല്ലാവരും ഞെട്ടിത്തരിച്ചു പരസ്പരം നോക്കി. സുധിയെ തിരഞ്ഞപ്പോൾ, സുധിയെ മുറിയിൽ കാണാനുണ്ടായിരുന്നില്ല. വിശ്വാസമാകാതെ ഞങ്ങൾ എല്ലാവരും പേടിച്ച് വിറങ്ങലിച്ച് നിൽപ്പായി. ഉടനെ മുരളി സുധിയെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ ഓഫാക്കിയിരുന്നു.
 
മൊബൈൽ അടിക്കുന്ന ശബ്ദം… ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഞാൻ സമയം നോക്കി, രാവിലെ നാലു മണി. ഫോൺ എടുത്തപ്പോൾ അതൊരു റോങ് നമ്പർ ആയിരുന്നു. ഞാൻ വിയർക്കുന്നുണ്ടോ? ശ്വാസം 
ധൃതഗതിയിലാവുന്നത് ഞാൻ ശ്രദ്ധിക്കാതെയിരുന്നില്ല. സ്വപ്നമായിരുന്നുവോ? അതെ…ഒന്നും മനസ്സിലാകാതെ കുറച്ചു നേരം ഞാൻ ആകെ പരിഭ്രാന്തനായി ബെഡിൽ തന്നെയിരുന്നു.
 
സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഓരോന്നായി മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി… കൂട്ടുകാരുമൊത്തു വോൾഗ ഹോട്ടലിൽ വെച്ച് ഓരോത്തുചേരലിന്  വിളിക്കാനായി വന്ന മുരളിയുടെ ഫോൺ കോൾ തൊട്ടു കാർ ആക്‌സിഡന്റിൽ മരിച്ച സുധിയുടെ മരണത്തിന്റെ നിജസ്ഥിതി അറിയുവാൻ  വേണ്ടി സുധിയുടെ മൊബൈലിൽ മുരളി വിളിച്ചത് വരെ…
 
കാണാനാഗ്രഹിച്ച് കാണാതെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്‍മാവുകൾ നമ്മെ തിരഞ്ഞു വരുമെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രെ നമ്മൾ എല്ലാ വർഷവും അവർക്കു ബലികർമ്മങ്ങൾ ചെയ്ത് വെള്ളം കൊടുക്കുന്നത്. നമ്മുടെ ഒരു വർഷമാണത്രെ ആത്‍മാവുകൾക്കു ഒരു ദിവസം.
 
ഇന്നത്തെ എന്റെ ഈ സ്വപ്നം കൂട്ടുകാരിലാരെങ്കിലും  കണ്ടു കാണുമോ? കുറച്ചു നേരം കഴിഞ്ഞാൽ മുരളിയെ വിളിക്കാമെന്ന് തീരുമാനിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമായി വീണ്ടും ബെഡിലേക്കു ചാഞ്ഞു. അപ്പോഴാണ് ഓർത്തത്‌, സുധി മരിച്ച് മൂന്നു വർഷം കഴിഞ്ഞില്ലേ? അതൊരു ആക്‌സിഡന്റ് മരണമായിരുന്നില്ലേ? ഇന്ന് അവന്റ അനിവേഴ്സറി ആണെന്ന് ഓർമ്മ വന്നപ്പോൾ ഉറപ്പിക്കാൻ വേണ്ടി മൊബൈലിൽ നോക്കി.. അതെ മാർച്ച്‌ രണ്ടാം തിയ്യതി…. മരിച്ചവരുടെ ആത്‍മാവുകൾ സ്വപ്നങ്ങളിലൂടെ തിരിച്ചു വരുന്നു… നമ്മളെ തേടിയെത്തുന്നു… ഒരിറ്റു സ്നേഹത്തിനായി… ഒരു സ്വാന്തനത്തിനായി….ഒരു ഓർമപ്പെടുത്തലുമായി…

36 thoughts on “സ്വപ്നങ്ങളിലെ നൊമ്പരങ്ങൾ… 

  1. സ്വപ്‌നം … നമുക്ക് പലതും കാണിച്ചുതരും…
    അതിൽ ചിലത് യാഥാർഥ്യങ്ങളും ആവും ..
    സ്വപ്‌നം കണ്ട് ഉണർന്നാൽ പലപ്പോഴും നമുക്ക് ഓർത്തെടുക്കാൻ പ്രയാസമാകും… അത്‌ നന്നായി എഴുതിയിട്ടുമുണ്ട് 🌹🌹👏👏👏👏👏👏

    1. ചില യാഥാർഥ്യങ്ങൾ സ്വപ്നങ്ങളായി വീണ്ടും മനസ്സിൽ തെളിഞ്ഞു വരുന്നു. പ്രതേകിച്ചു വേണ്ടപ്പെട്ടവരും സ്നേഹിച്ചവരും അകാലത്തിൽ ഈ ലോകം വിട്ടു പിരിയുമ്പോൾ! ഒരു പക്ഷെ അവർ നമ്മെ അത്രകണ്ടു ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാവാം!

  2. സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ എന്ന കവി യുടെ വരികൾ ഓർത്തു പോയി.. വളരെ മനോഹര മായി എഴുതി. ഇടക്ക് പ്രണയവും, സങ്കടവും ചേർന്ന് ഒരു നല്ല എഴുത്തു 👌👌👌👌👌👍👍❤

    1. പ്രണയവും, വിരഹവും, വേർപാടും, മോഹഭംഗങ്ങളും, എല്ലാം നിറഞ്ഞതാണല്ലോ എല്ലാവർക്കും ഏറ്റവും സന്തുഷ്ടവും സംതൃപ്തവും ആയ ജീവിതം. സ്വപ്‌നങ്ങൾ ചിലപ്പോൾ ഒരനുഗ്രഹമാണ്, മറന്നുപോയ ചിലരെ ഒന്നോർമപ്പെടുത്തുവാനും അവരോടൊപ്പം ചിലവഴിച്ച നല്ല സമയങ്ങൾ അയവിറക്കുവാനും അവ നമ്മെ സഹായിക്കുന്നു.

    1. ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം, നന്ദി!

  3. Volga… എറണാകുളം കച്ചേരിപ്പടിക്കും സരിത തീയേറ്ററിനും നടുവിൽ ഉള്ളതാണ്…… കേട്ടപ്പോൾ എന്റെ ഗതകാല സ്മരണകൾ ഉണർന്നു…. പിന്നീടങ്ങോട്ട് വിസ്മയത്തുമ്പതിരുത്തി…. ഉദ്വേഗജനകമായ അവതരണം….. ശരിക്കും മുൾമുനയിൽ നിർത്തി 👌👌👌👌👌

    1. ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ അതിയായ സന്തോഷം ഉണ്ട്. വളരെ നന്ദി!ചിലപ്പോൾ ചില സംഭവങ്ങൾ നമ്മുടെ ജീവിതവുമായി സദൃശ്യം തോന്നിയേക്കാം! അത്തരം മുഹൂർത്തങ്ങൾ വായനയിൽ കൂടുതൽ രസകരവും ആസ്വാദ്യകാരവും ആയിരിക്കും. ഈ ലേഖനം എഴുതിക്കഴിഞ്ഞപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു! വളരെ പെട്ടെന്ന്, ആരോടും യാത്ര പറയാതെ, ഞങ്ങളെ വിട്ടുപിരിഞ്ഞു പോയ സുഹൃത്ത്‌ രവിയെ കുറിചുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞു പൊങ്ങുകയായിരുന്നു.

  4. Dreams are our desires, hopes, wishes and fear all knit together and made into a kaleidoscope of colours and shadows. In this story you have portrayed all of them very beautifully. Bringing together (as if reminding all of us ) of our past days into full focus if by any chance they have been pushed back into our subconscious.
    Thank you 🙏🏽. Your little golden nuggets are enjoyed and cherished immensely by many. Please keep writing

    1. Thank you so much for your most appropriate and meaningful feedback. Sometimes we go through our past life and recollect those most beaitiful times we had but often we are reminded of the past experiences while reading, listening to music, travelling or sharing our thoughts with friends. Sometimes dreams turn out to be realities and vice versa.

  5. വായനക്കാരന് അവൻ്റെ മാതാപിതാക്കൾ, കോളേജ്, സംഗീതം, പ്രണയം, മൺമറഞ്ഞവർ, കൂട്ടുകാർ,… എന്നതിലൂടെയൊക്കൊ ഒരു യാത്ര നൽകിയതിന് നന്ദി👍👍👍👌👌

    1. അഭിനന്ദനങ്ങൾക്ക് വളരെ നന്ദി. ജീവിതത്തിലെ അനുഭവങ്ങൾ പലർക്കും പലവിധമായിരിക്കും!, എങ്കിലും നല്ല സുഹൃത്തുക്കൾ, പ്രണയം, സംഗീതം, നമ്മുടെ വിദ്യാഭ്യാസകാലങ്ങൾ ഇവയെല്ലാം എപ്പോഴും മനസ്സിന് കുളിർമയേകുന്ന ഓർമ്മകൾ നൽകുന്നു. നല്ല ഓർമ്മകൾ സുന്ദരങ്ങളാണ്!

  6. Continue to sleep with your dreams, wake up and chase them. Ormakal Ethra kemamayi avatharippikkan sadhichathil abhimanikkunnu. God bless you.

    1. Thank you for the compliments and most encouraging words. Memories are sweet, but they become sweeter in the hands of readers.

  7. ശീർഷകത്തിന് തന്നെ ഒരു പുതുമ! ഉണർന്നു കഴിയുമ്പോൾ അവസാനിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന സ്വപ്നങ്ങൾ, ഇത് പോലെ വിഭ്രമത്തിൽ ആഴ്ത്തുന്നവയും സ്വപ്നമോ സത്യമോ എന്ന് തോന്നിപ്പിക്കുന്ന സ്വപ്നങ്ങളും!!! നമ്മെ ചിലത് ഓർമ്മിപ്പിക്കാൻ സ്വപ്നത്തിലൂടെ
    വരുന്ന പ്രിയപ്പെട്ടവരും…വളരെ നന്നായി എഴുതി. 💐

    1. വളരെ നല്ല ആസ്വാദനത്തിനും അഭിനന്ദനകുറിപ്പിനും നന്ദി. Good moments in life don’t last forever. അതങ്ങിനെയാണ്, നല്ല സമയങ്ങൾ സ്വപ്നങ്ങളെപ്പോലെ വന്നു പോയി കൊണ്ടിരിക്കും, ആരോടും അനുവാദം ചോദിക്കാതെ. ചില സ്വപ്‌നങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നു, മറ്റു ചിലതെല്ലാം സന്തോഷിപ്പിക്കുന്നു! അവ കൊന്നപ്പൂക്കൾ പോലെ മനസ്സിൽ പൂത്തു വിരിഞ്ഞു നിൽക്കും.

  8. സ്വപ്നം… വളരെ മനോഹരമായി
    വർണ്ണിച്ചിരിക്കുന്നു.

  9. സ്വപ്നം…കഴിഞ്ഞ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുംവിധം മനോഹരമായി
    വിവരിച്ചിരിക്കുന്നു. 🙏❤

    1. അനുമോദനങ്ങൾക്കു വളരെ നന്ദി. അനുവാചകന്റെ നല്ല പ്രതികരണമാണ് ലേഖകന് കിട്ടുന്ന ഏറ്റവും വലിയ
      സമ്മാനം! തുടർന്നും എഴുതാനുള്ള പ്രചോദനവും!

    1. Thank you very much for your appreciation and encouragement. Yes, this sort of support would motivate me to continue writing!

  10. അനുമോദനത്തിന്റെ പൂച്ചെണ്ടുകളോടെ 🌹🌹…’സങ്കല്പങ്ങളിലെ നൊമ്പരങ്ങൾ ” വായനക്കാരുടെ മനസ്സിലും നൊമ്പരത്തെ പ്രദാനം ചെയ്യ്തു. പൂർവ കാല പ്രണയ ചിന്തകളെ വളരെ ആകർഷനീയമായി കണ്ട സ്വപ്നത്തിലൂടെ കഥയായി വിവരിക്കുന്നതിൽ വിജയം നേടിയിരിക്കുന്നു. നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ആദ്മാവ് ഒരു ഓർമപ്പെടുത്തതിലൂടെ നമ്മിലേക്ക്‌ ഒഴുകി വരുന്നു എന്നതിൽ സംശയം തീരെ യില്ല. അനുഭവങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കാൻ എളുതല്ല. ഇനിയും സങ്കൽപ്പങ്ങളും ചിന്തകളും കഥാരൂപത്തിൽ ജന്മം എടുക്കട്ടെ. നന്മകൾ നേർന്നുകൊണ്ട് 👍👍👍

    1. അനുമോദനങ്ങൾക്ക് വളരെ നന്ദി. സ്വപ്നത്തിലൂടെ സഞ്ചരിച്ചു അതിൽ നിന്നും സംജാതമായ ഒരു ലേഖനം! സ്വപ്നത്തിലെ പ്രണയവിചാരങ്ങളും , ഒരു ആത്‍മസുഹൃത്തിന്റെ ദരുണമായ മരണവും- ഇത് രണ്ടും വായനക്കാരിൽ വ്യത്യസ്തമായ വികാരങ്ങൾ ഉണ്ടാക്കും എന്നാൽ ലേഖനത്തിൽ അതെങ്ങിനെ എവിടെ ചേർക്കണമെന്ന് ഞാൻ ആലോചിച്ചപ്പോൾ അതിനൊരുത്തരമായി, ആ സമയം കോളേജിൽ ഞാൻ പാടിയ ഗാനം ഓർമ്മ വന്നു ” അഷ്ടപദിയിലെ നായികേ “. പിന്നെ ലേഖനം മുഴുമിപ്പിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

  11. വളരെ രസകരമായി എഴുതി വായിക്കുന്നവരെ എല്ലാവരെയും വോൾഗ ഹോട്ടൽ റൂമിൽ എത്തിച്ചത് എടുത്തു പറയേണ്ട ഒരു കാര്യമാണ് …. സ്വപ്നത്തിലൂടെ യെങ്കിലും നമ്മളെ നിരന്തരം വിട്ടുപോയ ആത്മാക്കളെ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ് ഞാൻ കാണാറുള്ളത് ….

    1. ഓർക്കാനും ഓർത്തോർത്തു സന്തോഷിക്കുവാനും നിറയെ മുഹൂർത്തങ്ങൾ സമ്മാനിച്ച സൗഹൃദമേളനങ്ങൾ നമുക്കേവർക്കും വേറിട്ട അനുഭവങ്ങൾ നൽകിയുട്ടുണ്ടാവാം. അത്തരം കൂട്ടായ്മകളിൽ സജീവമായിരുന്ന ചിലർ കാലയവനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും അവരുടെ സാന്നിധ്യം സ്വപ്നങ്ങളിലൂടെ നാം അറിയുന്നു. അനുമോദനങ്ങൾക്ക് നന്ദി.

  12. ഒരു സ്വപ്നത്തിന്റെ പശ്ചാതലത്തിൽ ഒത്തിരി ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. വളരെ മനോഹരമായ രചന.

    1. സൃഷ്ടികളോട് നീതി പുലർത്തുമ്പോൾ, അനുവാചകന്റെ ആസ്വാദനവും ഒരു പ്രധാന ഘടകമാണ് എന്ന കാര്യത്തെക്കുറിച്ചു ലേഖകൻ ബോധവാൻ ആയിരിക്കണം എന്നു ഞാൻ കരുതുന്നു. കാണികളില്ലാത്ത കലാസൃഷ്ടികൾ പോലെയല്ലേ വായനക്കാരില്ലാത്ത പ്രസിദ്ധീകരണങ്ങൾ? അനുമോദനങ്ങൾ ഒരു പ്രോത്സാഹനമാണ്! ആത്‍മാർത്ഥമായ നന്ദി അറിയിക്കുന്നു!

  13. Good presentation with a twist towards the end like that of a thriller movie! Open the floodgates of your creativity and let it flow!
    Reminiscing the song “സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ ……” 😜

    1. Sorry for the late response. I appreciate your most valuable and encouraging commemts and let me thank you for the same wholeheartedly.

  14. I’m delighted to see your comments and thank you very much for the same. I value your encouraging words.

Leave a Reply

Your email address will not be published. Required fields are marked *