രചനാ മത്സരാർത്ഥികൾ വൈലാലിൽ വീട്ടിലെത്തി
സ്ക്കൂൾ കലോത്സവത്തിൻ്റെ രചനാ മത്സരത്തിനെത്തിയ പ്രതിഭകൾ വൈലാലിൽ വീട്ടിലെത്തി. മലയാളത്തിൻ്റെ വിശ്വവിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
യാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ വി.ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു. വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിൻ്റെ മകൻ അനീസ് ബഷീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എം.ടിയെയും ബഷീറിനെയും പോലുള്ള എഴുത്തുകാർ വളർന്ന് വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ബഷീർ ഇന്നും ഓർമിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
മാങ്കോസ്റ്റിൻ മരവും ബഷീറിൻ്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ കുട്ടികൾ ബഷീറിൻ്റെ എഴുത്തുമുറിയും പുസ്തക ശേഖരവും കണ്ടറിഞ്ഞു. തുടർന്ന് കുട്ടികൾക്കെല്ലാം ഹൽവ വിതരണം ചെയ്തു. കോഴിക്കോടിൻ്റെ ചരിത്രം വിവരിച്ച് നൽകാൻ രജീഷ് രാഘവനും യാത്രയെ നയിക്കാൻ ഡി.ടി.പി.സി പോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഇർഷാദുമുണ്ടായിരുന്നു.