ഓര്‍മ്മയില്‍ നെഹറു കോളേജിലെ ‘കാമ്പസ് ടൈംസ്’
ദിവാകരന്‍ വിഷ്ണുമംഗലം
പ്രിയപ്പെട്ട കഥാകാരന് പ്രണാമം.
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ സതീഷ്ബാബു പയ്യന്നൂർ നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്ത ഏറെ സങ്കടപ്പെടുത്തുന്നു.
എൺപതുകളുടെ ആദ്യം ഞാൻ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അവിടെ എൻ്റെ സീനിയറായി അദ്ദേഹം ബികോമിന് പഠിക്കുന്നുണ്ടായിരുന്നു.
അക്കാലത്ത് അദ്ദേഹത്തിൻ്റെ പത്രാധിപത്യത്തിൽ “ക്യാമ്പസ് ടൈംസ് ” എന്നൊരു പത്രം കോളേജിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നത് ഞാനിപ്പൊഴും ഓർക്കുന്നു. കാമ്പസ് നുറുങ്ങുകളുമായി ഇറങ്ങിയ ആ പത്രം കോളേജിൽ ഹിറ്റായിരുന്നു. പിന്നീട് കാസർകോട് നിന്നിറങ്ങിയ “ഈയാഴ്ച” എന്ന ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരിക്കുന്ന സമയത്ത് സാഹിത്യസംബന്ധമായ വലിയ ഉപദേശങ്ങളും നിർദ്ദേശങ്ങളും തരികയും എൻ്റെ കവിതയെ ഏറ്റവും സ്നേഹവാത്സല്യത്തോടെ നോക്കിക്കാണുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ അദ്ദേഹം ജോലി ചെയ്യുന്ന സമയത്തും പിന്നീട് അത് രാജിവച്ച് “പനോരമ ടെലിവിഷൻ” തുടങ്ങിയപ്പോഴും അദ്ദേഹം വളരെ സ്നേഹപൂർവ്വം ഒരു അനുജനോട് എന്നപോലെ എന്നോട് പെരുമാറി വന്നു. പനോരമ തുടങ്ങിയ സമയത്ത് മലയാള കവിതകൾ പരിചയപ്പെടുത്തുന്ന ടെലിവിഷൻ പരിപാടിയിൽ ഉൾപ്പെടുത്തി എൻ്റെ കുറേ കവിതകൾ ആ സ്റ്റുഡിയോവിൽ വിളിപ്പിച്ച് റെക്കാഡ് ചെയ്ത് സംപ്രഷണം ചെയ്തിരുന്നു.
“നീ പോടാ പ്രാന്താ,നിന്നെ വെച്ച് ഞാനൊരു സിനിമയെടുക്കും” എന്നെല്ലാം ഇടയ്ക്കിടയ്ക്ക് എന്നെക്കാണുമ്പോൾ തമാശയ്ക്ക് പറയുമായിരുന്നു. ഏറ്റവും ഒടുവിൽ കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് വന്നപ്പോൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവൽ രചിക്കുന്നു എന്ന് പറഞ്ഞിരുന്നു. പ്രിയപ്പെട്ട ബാബുവേട്ടൻ്റ അപ്രതീക്ഷിതമായ ഈ അന്ത്യം മലയാള സാഹിത്യത്തിനും കലാ സാംസ്ക്കാരിക രംഗത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രിയപ്പെട്ട ബാബുവേട്ടാ…
പ്രണാമം.
Really Very sad.
He was editor of our SBT magazine
വലിയൊരു സൗഹൃദ ബന്ധം എല്ലാവരോടും ഉണ്ടായിരുന്നു സതീഷ് ബാബുവിന്..പ്രീഡിഗ്രി കാലം മുതൽ ഉള്ള ഓർമകൾക്ക് മുന്നിൽ പ്രണാമം🌹🌹🌹