സപര്യ രാമായണ കവിതാ പുരസ്ക്കാരം രാജീവ് ആലുങ്കലിന്

രാമായണമാസത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ സപര്യ രാമായണ കവിതാ പുരസ്ക്കാരം കവി രാജീവ് ആലുങ്കലിൻ്റെ “ഭരതായനം” എന്ന കവിതയ്ക്കു ലഭിച്ചു.180 രചനകളാണ് പുരസ്ക്കാര നിർണ്ണയ സമിതിയുടെ പരിഗണനയ്ക്കായി എത്തിയത്. ഔചിത്യപൂർണ്ണമായ പദാവലിയും വേറിട്ട ബിംബകൽപ്പനകളും സംവേദനക്ഷമതയുമാണ് ഭരതായനത്തെ വ്യത്യസ്ഥമാക്കുന്നതെന്ന് സമിതി വിലയിരുത്തി.

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ രാജീവ് ആലുങ്കൽ നൂറ്റി മുപ്പതോളം ചലച്ചിത്രങ്ങൾക്കും 250 ൽപ്പരം നാടകങ്ങൾക്കും മുന്നൂറിലേറെ ആൽബങ്ങൾക്കുമായി നാലായിരത്തിൽപ്പരം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ട് കാലമായി മലയാള കാവ്യരംഗത്തെ സജീവ സാന്നിധ്യമാണ്.

കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആഗസ്റ്റ് ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിംടെക് മാരുതി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ അവാർഡ് സമ്മാനിക്കും.