എനിക്ക് അച്ഛൻ്റെ എല്ലാ അനുഗ്രഹവും കിട്ടിയിട്ടുണ്ട്
കവിതയെന്ന തൻ്റെ നിത്യ കാമിനിയെ തേടിയലഞ്ഞ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ ഓണവും വിഷുവും പുത്തരിയും ആഘോഷിച്ചിരുന്നു. നാല്പതിലധികം ഓണക്കവിതകൾ എഴുതിയിട്ടുള്ള മഹാകവി പി. കുഞ്ഞിരാമൻ നായർ പ്രകൃതിയുടെ ഉപാസകനായിരുന്നു.
വിശേഷ ദിവസങ്ങളിൽ കാഞ്ഞങ്ങാടിനടുത്ത വെള്ളിക്കോത്ത് മഠത്തിൽ വളപ്പ് വീട്ടിൽ വന്നാൽ ഇഷ്ടവിഭവങ്ങൾ കവിയുടെ മുന്നിൽ നിറയും. കുഞ്ഞിരാമൻ എന്നെങ്കിലും വന്നാൽ കൊടുക്കാൻ അമ്മ പല വിഭവങ്ങളും കരുതി വെക്കുമായിരുന്നു. പറയാതെ എപ്പോഴെങ്കിലും വീട്ടിലെത്തുന്ന കവിയച്ഛൻ്റെ ഓർമ്മകളിലൂടെ മകൾ എം.രാധഅമ്മ…
അച്ഛൻ്റെ അനുഗ്രഹം എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്. നിനക്ക് ദൈവാധീനമുണ്ടാകും വിഷമിക്കരുത് എന്നൊക്കെ കത്തിൽ എഴുതി അയക്കും. കവിതയെഴുതി നാടു ചുറ്റുന്നതിനിടയിൽ പല സ്ഥലത്തു നിന്നും കത്തയക്കുമായിരുന്നു. പക്ഷെ മറുപടി അയക്കാൻ സ്ഥിരമായ
വിലാസം ഉണ്ടായിരുന്നില്ല. ‘സി.പി.സത്രം, തിരുവനന്തപുരം’, ‘കിഴക്കേനട ഗുരുവായൂർ’ എന്നൊക്കെ എഴുതിയാണ് ഞാൻ അയക്കുക. അച്ഛന് കത്ത് കിട്ടും. പക്ഷെ മാസങ്ങൾ കഴിഞ്ഞായിരിക്കും മറുപടി വരുക.
അവസാന കാലത്ത് അച്ഛൻ എഴുതിയ ചില കത്തുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പഴയ കത്തുകൾ പലതും നഷ്ടപ്പെട്ടു പോയി. ഓണം പോലുള്ള ആഘോഷ ദിവസങ്ങളിലൊന്നും അച്ഛൻ വീട്ടിൽ വന്നതായി ഓർമ്മയില്ല. നാട്ടിൽ വരുമെന്ന് കത്തെഴുതുമെങ്കിലും പറഞ്ഞ ദിവസം വരില്ല.
എപ്പഴോ ഒരിക്കൽ ഓണത്തിന് കുറേ ദിവസം മുമ്പ് വന്നപ്പോൾ അനുജത്തി വത്സലയ്ക്ക് കുപ്പായങ്ങളും മിഠായിയും കൊണ്ടു വന്നിരുന്നു. മകൻ വരുന്നതും കാത്ത് അച്ഛൻ്റെ അമ്മ പല പലഹാരങ്ങളും മoത്തിലെ വളപ്പിൽ വീട്ടിൽ കരുതി വെക്കുമായിരുന്നു. തോര പുഴുക്ക്, വെളളരിക്ക ഓലൻ, കൊട്ടിക ,ചക്ക വരട്ടിയത് എന്നിവയൊക്കെ ഉണ്ടാക്കി വെക്കും.
ഒരിക്കൽ കുറേ പലഹാരങ്ങൾ ഉണ്ടാക്കി വലിയമ്മ അച്ഛൻ്റെ കൂടെ കാഞ്ഞങ്ങാട് നിന്ന് തീവണ്ടി കയറി. ഇറങ്ങേണ്ട സ്റ്റേഷനിൽ വലിയമ്മ ഇറങ്ങിയെങ്കിലും അച്ഛൻ തീവണ്ടിയിൽ നിന്ന് ഇറങ്ങിയില്ല. സ്റ്റേഷനിൽ ഒറ്റയ്ക്കായ വലിയമ്മ പിന്നെ സ്റ്റേഷൻ മാഷിൻ്റെ സഹായത്താലാണ്
വീട്ടിലെത്തിയത്. ഇനി ഞാൻ കുഞ്ഞിരാമൻ്റെ കൂടെ ഒരു സ്ഥലത്തും പോകില്ല എന്ന് വലിയമ്മ അന്ന് പറഞ്ഞിരുന്നു.
അമ്മ തിരുവില്വാമല മുല്ലത്തൊടി കാർത്യായനി അമ്മയോടൊപ്പം അച്ഛൻ്റെ കൂടെ ഞങ്ങൾ തൃശ്ശൂർ പാമ്പാടിയിൽ താമസിച്ചിട്ടുണ്ട്. അന്ന് ഭാരത വിലാസം പ്രസ്സിൽ അച്ചന് പ്രൂഫ് നോക്കലായിരുന്നു
പണി. പിന്നെ അച്ഛൻ എന്നെയും അനുജത്തി വത്സലയെയും വെള്ളിക്കോത്ത് തറവാട്ടുവീട്ടിൽ കൂട്ടിക്കൊണ്ടു വന്നു. ഞങ്ങൾ അന്ന് കുട്ടികളായിരുന്നു. അവിടെ അച്ഛൻ്റെ അമ്മയാണ് ഞങ്ങളെ പോറ്റി വളർത്തിയത്. വത്സല പിന്നീട് മരിച്ചു. അതു കഴിഞ്ഞ് അമ്മ ഞങ്ങളെ കാണാൻ വന്നിരുന്നു. വലിയ മാളിക വീട്ടിലാണ് താമസം എന്നു കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. ഞങ്ങളെ കൂട്ടാതെ അമ്മ നാട്ടിലേക്ക് പോയി. കുത്താമ്പുള്ളിയിൽ സഹോദരിയുടെ വീട്ടിലാണ് അമ്മ പിന്നീട് താമസിച്ചത്. കുറച്ചു കഴിഞ്ഞ് അമ്മ മരിച്ചു.
അച്ഛൻ്റെ സുഹൃത്തും ബന്ധുവുമായ ഹിന്ദി മാഷ് ചെട്ടി വളപ്പിൽ ശങ്കരൻ നായരാണ് എന്നെ കല്യാണം കഴിച്ചത്. നാട്ടിൽ വന്നാൽ എല്ലായിടത്തും പോകാൻ അച്ഛൻ ശങ്കരൻനായരെ കൂട്ടുപിടിക്കും. മഡിയൻ കൂലോം, പടിഞ്ഞാറെക്കര വീട് എന്നിവിടങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചാണ് പോകാറ്. പ്രായമായപ്പോൾ അച്ഛന് വെള്ളിക്കോത്ത് താമസിക്കണമെന്നുണ്ടായിരുന്നു. ‘നീ ശങ്കരനോട് പറയണം ഞാൻ ചെട്ടി വളപ്പിൽ സ്ഥിര താമസത്തിനായി വരുന്നുണ്ടെന്ന് ‘ – അച്ഛൻ പലപ്പോഴും എന്നോട് പറയുമായിരുന്നു.
എനിക്ക് കുറച്ചു കാലം ആനന്ദാശ്രമത്തിൽ താമസിക്കണമെന്നുണ്ട്. ആശ്രമത്തിലെ സ്വാമിയോട് പറഞ്ഞ് താമസം ഏർപ്പാടാക്കാൻ നീ ശങ്കരനോട് പറണമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുന്നതല്ലാതെ നടപ്പാകാറില്ല. പിന്നീട് അത് അച്ഛൻ മറന്നു പോകും. എനിക്ക്
പണമൊന്നും അധികം തരാനില്ലാത്തതിനാൽ അച്ഛന് വിഷമമുണ്ടായിരുന്നു. മക്കൾ വളർന്നു വലുതായാൽ അവർ നിന്നെ നോക്കിക്കോളും, വിഷമിക്കണ്ട എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഒരിക്കൽ വീട്ടിൽ ബന്ധുവായ ഗംഗാധരൻ്റെ കല്യാണ ചടങ്ങിന് കഥകളി ഉണ്ടായിരുന്നു. അത് അച്ഛൻ വീടിൻ്റെ മുകളിലത്തെ നിലയിലിരുന്ന് കണ്ടത് ഞാൻ ഓർക്കുന്നു. അച്ഛൻ എല്ലാ ആവലാതികളും ഗുരുവായൂരപ്പനോടാണ് പറയുക. മാസങ്ങളോളം ഗുരുവായൂരിൽ ഭജനമിരിക്കുമായിരുന്നു. എല്ലാം ഗുരുവായൂരപ്പന് സമർപ്പിച്ചായിരുന്നു ജീവിതം. ഇതെല്ലാം ‘തിരുമുടിമാല’ എന്ന കവിതാ സമാഹാരത്തിൽ എഴുതിയിട്ടുണ്ട്. (തയ്യാറാക്കിയത് : ശശിധരൻ മങ്കത്തിൽ )
good