വായന ജീവിതത്തിന് വഴികാട്ടിയാകും- വായനദിന സമ്മേളനം

വായന ജീവിതത്തിന് വഴികാട്ടുമെന്ന സന്ദേശം ഉയർത്തി ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ മാനിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.ബാലകൃഷ്ണൻ, സാഹിത്യകാരൻ രാജൻ തുവ്വാര എന്നിവരെ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പുതിയ സാങ്കേതിക വിദ്യകളുടെ വരവ് വായന സംസ്കാരത്തെ നവീകരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ജീവിതം എന്താവണമെന്ന് വായന നമ്മെ പഠിപ്പിക്കുന്നു. വായിക്കുക, മനസിലാക്കുക, പ്രവൃത്തിക്കുക എന്നതിലൂടെ വായന ജീവിതത്തിന് വഴികാട്ടിയാകുമെന്നും ചെയർമാൻ പറഞ്ഞു.

ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായനയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ.സുവർണ്ണ നാലപ്പാട് പറഞ്ഞു. കാലമാകുന്ന സാഗരത്തിലെ ദീപസ്തംഭമാണ് ഓരോ പുസ്തകവും. കൂടുതൽ ഭാഷപഠിച്ചാൽ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ ഉൽപ്പാദനക്ഷമത കൂടുമെന്നും അവർ ചൂണ്ടിക്കാട്ടി.

വായന പുതിയ ലോകത്തേക്ക് നയിക്കുമെന്ന് ചടങ്ങിൽ വായനദിന സന്ദേശം നൽകിയ രാധാകൃഷ്ണൻ കാക്കശ്ശേരി പറഞ്ഞു. ഉപാധികൾ മാറിയെങ്കിലും വായനക്ക് മരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ അധ്യക്ഷനായിരുന്നു. പുരസ്കാര ജേതാക്കളെ വി.പി.ഉണ്ണിക്കൃഷ്ണൻ, കെ.ജി.സുരേഷ് കുമാർ എന്നിവർ പരിചയപ്പെടുത്തി. വായന ദിന ആദരവിന് ടി.ബാലകൃഷ്ണനും രാജൻ തുവ്വാരയും നന്ദി പറഞ്ഞു.

വായനദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.എച്ച്.ഡി ലഭിച്ച ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഭരണ സമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *