‘ആർ.ഹേലി- കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ’ പ്രകാശനം ചെയ്തു

‘ആർ.ഹേലി – കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ’ എന്ന പുസ്തകം വായനക്കാരുടെ കൈകളിലേക്ക്. പുസ്തകത്തിൻ്റെ പ്രകാശനം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. ഹേലി അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. മുൻ കൃഷി വകുപ്പ് ഡയറക്റ്ററും കാർഷിക വിജ്ഞാന വ്യാപന രംഗത്തെ അതികായനുമായിരുന്ന ആർ. ഹേലിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണ സന്ദേശം ചടങ്ങിൽ വായിച്ചു. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ ആർ.ഹേലി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി 

പറഞ്ഞു. കാർഷിക മേഖല ആധുനികവൽക്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലം കർഷകരിൽ എത്തിക്കാനും അദ്ദേഹം പ്രയത്നിച്ചുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, കെ.പി.മോഹനൻ എം.എൽ.എ, മുൻ മന്ത്രി എ. നീലലോഹിതദാസ്, ആനത്തലവട്ടം ആനന്ദൻ, മുൻ എം.എൽ.എ. ജമീലാ പ്രകാശം, പ്രശാന്ത്ഹേലി, ഡോ. പൂർണ്ണിമ ഹേലി, ഡോ.സുശീല ഹേലി, ഡോ.വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ആർ. ഹേലിയുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന വിവിധ മേഖലകളിലുള്ള 66 വ്യക്തികൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന ലേഖന സമാഹാരമാണ് പുസ്തകം. ആർ.ഹേലിയുടെ കാർഷിക മേഖലയിലെ സംഭാവനകൾ  പുസ്തകം എടുത്തു കാട്ടുന്നു. 1958 മുതൽ 2022 വരെയുള്ള കാർഷിക മേഖലയിലെ വികസനവും പുസ്തകത്തിൽ ചർച്ചയാകുന്നുണ്ട്. ഡോ. വി. ശ്രീകുമാറാണ് പുസ്തകത്തിൻ്റെ എഡിറ്റർ. വിതരണം: ഒഥൻ്റിക്ക് ബുക്ക്സ്, ഫോൺ: 9847758979

Leave a Reply

Your email address will not be published. Required fields are marked *