പി.കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട് മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റിൻ്റെ പി.കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്. ‘അഭിന്നം’ എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌ക്കാരം. ഡി.സി. ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മഹാകവിയുടെ ചരമവാർഷികദിനമായ  മെയ് 27 ന് കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.ജയകുമാർ പുരസ്ക്കാരം സമ്മാനിക്കും.

1965 മാർച്ച് 5 ന് കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ച ദിവാകരൻ വിഷ്ണുമംഗലം പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജിയോളജിയിൽ  റാങ്കോടെ എം.എസ്.സി. ബിരുദം നേടി. സംസ്ഥാന മൈനിങ് ആൻ്റ് ജിയോളജി വകുപ്പിൽ സീനിയർ ജിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, മുത്തശ്ശി കാത്തിരിക്കുന്നു, കൊയക്കട്ട, ഉറവിടം,

അഭിന്നം, വെള്ള ബലൂൺ, ശലഭച്ചിറകിൽ തുടങ്ങി 11 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, അബുദാബി ശക്തി അവാർഡ്, മഹാകവി.പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്ക്കാരം, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, വി.വി.കെ.പുരസ്കാരം, മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം, വയലാർ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാർഡ്, ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം, പകൽക്കുറി പുരുഷോത്തമൻ സ്മാരക കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി പുരസ്ക്കാരം  തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മദനോത്സവം, ഒരു ജാതി ജാതകം, വർഷങ്ങൾക്കുശേഷം, അൻപോട് കൺമണി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. ഭാര്യ: നിഷ, മകൾ: ഹർഷ (ഫോൺ: 9446339708)

2 thoughts on “പി.കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

Leave a Reply

Your email address will not be published. Required fields are marked *