ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റിനെക്കുറിച്ച്…
ബാലകൃഷ്ണന്‍
തികച്ചും അപ്രതീക്ഷിതമായിട്ടാണ് മനോജ് മേനോനെ പരിചയപ്പെടുന്നത്. മനോജിന്റെ ലേഖനങ്ങളിലൂടെയും സമഗ്രവിവരണങ്ങളിലൂടെയും വ്യക്തിപരിചയങ്ങളിലൂടെയും ഞാന്‍ വായനക്കാരനായി മാറുകയായിരുന്നു. ഇന്നുവരെ നേരില്‍ ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ ഞങ്ങളുടെ ആത്മബന്ധത്തിന് എത്രയോ പഴക്കമുണ്ടെന്നാണ് എന്റ തോന്നല്‍. ‘ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ‘ എന്ന പുതിയ പുസ്തകം ഇത്തരത്തിലുള്ള എഴുത്തുകളുടെയും വായനകളുടെയും സമാഹാരമാണ്.
മനോജ് മേനോന്റെ ലേഖനങ്ങള്‍ കാര്യമാത്ര പ്രസക്തമായ വിവരണങ്ങളല്ല. അവയോരോന്നും മനുഷ്യകഥാനുഗായികളാണ്. ബംഗാളിലെയും യു.പിയിലെയും തിരഞ്ഞെടുപ്പ് വീക്ഷണങ്ങളില്‍പോലും മനസ്സിനെ സ്പര്‍ശിക്കുന്ന സംഭവങ്ങളുടെ നിഴലാട്ടം കാണാവുന്നതാണ്. തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ പോലും നിര്‍ജലീകരണമില്ല. അറിയാത്ത മനുഷ്യസ്‌നേഹികളെയും ദീനര്‍ക്കും
ദരിദ്രര്‍ക്കും വേണ്ടി സ്വന്തം സുഖഭോഗങ്ങളും കുടുംബബന്ധങ്ങളും ത്യജിച്ച് കഠിന ജീവിതം നയിക്കുന്ന മനുഷ്യരെയും അന്വേഷിച്ചുള്ള സഞ്ചാരമാണ് ഈ പത്രപ്രവര്‍ത്തകന്‍ നടത്തുന്നതെന്ന് ഞാന്‍ കരുതുന്നു.
അങ്ങനെയുള്ള ഒരാള്‍ക്ക് മാത്രമേ മുട്ടറ്റം ചെളി നിറഞ്ഞ വഴിയിലൂടെ നീന്തി സൈക്കിള്‍ ദീദിയെ അന്വേഷിച്ചു പോകാനാവു. (പുസ്തകത്തിലെ ആദ്യ ലേഖനമായ സൈക്കിള്‍ ദീദി ).
കോട്ടയം കാഞ്ഞിരത്താനത്തു നിന്ന് ബിഹാറിലെ ജംസത്തിലത്തിയ വെളിച്ചമാണ് സുധാ വര്‍ഗ്ഗീസ് എന്ന സൈക്കിള്‍ ദീദി. ബീഹാറിലെ മുസഹറുകള്‍ പാര്‍ക്കുന്ന ഗ്രാമങ്ങളിലെ ദാരിദ്ര്യവും ശോചനീയാവസ്ഥയും നേരില്‍ കണ്ട് മനസ്സലിഞ്ഞ് എഴുതിയതാണ് സൈക്കിള്‍ ദീദിയെന്ന ലേഖനം. ബിഹാറിലെ ജാതിവ്യവസ്ഥയും അനാചാരങ്ങളും നേരില്‍ കണ്ട സുധാ ദീദിയുടെ ജീവിത ലക്ഷ്യം ആ സമൂഹത്തെ ഉയര്‍ത്തലായി. അവര്‍ക്ക് എങ്ങനെയും മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുമെന്ന ദൃഢനിശ്ചയത്തോടെ ദീദി ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു.
സ്വന്തം കുടുംബവും ജീവിതവും ത്യജിച്ച് മനുഷ്യദു:ഖങ്ങളെ ലഘൂകരിക്കാനും, കഴിയുമെങ്കില്‍ അവയ്ക്ക് പരിഹാരം കണ്ടെത്താനും ഒരു മനസ്സുണ്ടാവുക എന്നത് അപൂര്‍വമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. യുക്രൈനില്‍ സർവ്വനാശം വിതയ്ക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും സ്‌കൂളില്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ നിഷ്ഠൂരമായി വെടിവച്ചുകൊല്ലുന്നതും മനുഷ്യമനസ്സിന്റെ ചോദനകളാണെന്നത് ഹൃദയം പിളര്‍ക്കുന്ന സത്യമാണ്.
36 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ ഗജാനന്ദ് ശര്‍മ്മയുടെ തിരോധാനവും അദ്ദേഹത്തിന്റെ സഹധര്‍മിണിയായ മഖ്‌നി ദേവിയുടെ കാത്തിരിപ്പിന്റെയും കഥയാണ് അടുത്തത്. എട്ടും പൊട്ടും തിരിയാത്ത മക്കളെയും കൊണ്ട് വിശാലമായ ലോകത്തില്‍ ഭര്‍ത്താവിനെ തേടി എവിടെ പോകും എന്നറിയാതെ വഴി മുട്ടി നിന്നതും മക്കളെ വളര്‍ത്താന്‍ പെടാപ്പാട് പെടുന്നതുമായ കരളലിയിപ്പിക്കുന്ന കഥയാണ് ഇത്.
കരോലിയില്‍ നിന്ന് കമലാ ശര്‍മ്മ സ്‌നേഹത്തിന്റെ കെട്ടുകളും ചുംബനങ്ങളും ചാര്‍ത്തി വിട്ട രാഖികള്‍ നിറം കെട്ട് അനാഥമായി കിടക്കുന്ന കാഴ്ച നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നു.
പട്ടാളത്തൊപ്പിയിട്ട പുസ്തകങ്ങള്‍ എന്ന ലേഖനത്തിന്റെ വായന എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു. കാരണം അതില്‍ സൂചിപ്പിച്ചിട്ടുള്ള കഥാകൃത്തുക്കള്‍ എന്റെ ആദ്യകാലവായനയിലെ പ്രിയപ്പെട്ടവരായിരുന്നു. നന്തനാരുടെ മരണം എന്നെ വല്ലാതെ വ്യാകുലപ്പെടുത്തി.
മഞ്ഞക്കെട്ടിടവും ഉണ്ണിക്കുട്ടന്റെ ഒരു ദിവസവും ഞാന്‍ ആര്‍ത്തിയോടെ വായിച്ചവയാണ്. പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല, നിണമണിഞ്ഞ കാല്പാടുകള്‍, അരനാഴികനേരം തുടങ്ങിയ കൃതികള്‍ മനസ്സിനെ ആര്‍ദ്രമാക്കിയവയാണ്. കോവിലനെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞത് ഏറെ കഴിഞ്ഞാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കഥകള്‍ കേട്ടിരിന്നിട്ടുണ്ട്.
തോറ്റങ്ങൾ, ഏ മൈനസ് ബി, താഴ്വാരങ്ങൾ, തട്ടകം മുതലായ നോവലുകള്‍ ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ വായിച്ചിട്ടുണ്ട്. നാട്ടില്‍ പോകുമ്പോള്‍ അരിയന്നൂരില്‍ കുന്നുംപുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയി വളരെ നേരം പട്ടാളക്കാരന്റെ അനുഭവകഥകള്‍ കേട്ടിരിക്കുമായിരുന്നു. ഇവരുടെയൊക്കെ കഥകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത എന്‍.കുഞ്ചുവിനെക്കുറിച്ചാണ് പട്ടാളത്തൊപ്പിയിട്ട പുസ്തകങ്ങള്‍ എന്ന ലേഖനം.
അയ്യപ്പന്‍ വരവ് എന്ന ലേഖനം കവി ഏ.അയ്യപ്പനെക്കുറിച്ചാണ്. അയ്യപ്പൻ വരവ് കവിയുടെ വരവ് പോലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു വരവ് തന്നെ. ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്നത് അയ്യപ്പന് തന്നെ. എവിടെയും ഏത് സമയത്തും പ്രത്യക്ഷപ്പെടാറുള്ള കവിയുടെ സ്വഭാവത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കവിയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. വണ്ടി തട്ടി മരിച്ചവന്റെ പോക്കറ്റിലെ അഞ്ച് രൂപാ നോട്ടില്‍ കണ്ണു വെച്ചുനില്‍ക്കുന്ന കവിയുടെ ചിത്രം എങ്ങനെയോ എന്റെ മനസ്സിലുണ്ട്.
രണ്ട് കവികളുടെ മരണങ്ങളെക്കുറിച്ച് മനോജ് എഴുതുന്നു. അതില്‍ ഡി.വിനയചന്ദ്രന്‍ എന്ന കവിയെ മുംബൈയിലെ ഡോംബില്ലിയില്‍ വെച്ച് നടത്തിയ കേരള സാഹിത്യ അക്കാദമിയുടെ ഒരു സമ്മേളനത്തില്‍ വെച്ച് അടുത്തറിഞ്ഞതും കവിതകള്‍ മനോഹരമായി ചൊല്ലുന്നത് ആസ്വദിക്കാനായതും മായാത്ത ഓര്‍മകളാണ്. ജോസ് വെമ്മേലി എന്ന കവിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും പരിചയമില്ല. നഷ്ടപ്പെട്ട കവിപ്രതിഭകള്‍ക്ക് ആദരാഞ്ജലികള്‍.
ചേതന്‍ഭഗത് എഴുത്തിന്റെ ഉത്സവമാഘോഷിക്കുന്നയാളാണെന്ന കാര്യത്തില്‍ തരിമ്പും സംശയമില്ല. ബുദ്ധിമാനായ അദ്ദേഹത്തിന് എഴുതാനും എഴുത്തുകൊണ്ട് ധാരാളം സമ്പത്തുണ്ടാക്കാനും അറിയാം. ബെസ്റ്റ് സെല്ലിംഗ് ഓതറെന്ന വിശേഷണത്തിന് അര്‍ഹനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയും രണ്ടോ മൂന്നോ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. യാത്രയിലോ സമയം കൊല്ലാനോ വായിക്കാമെന്നല്ലാതെ ഗഹനമായ വായന ആവശ്യപ്പെടുന്നവയാണോ അദ്ദേഹത്തിന്റെ കൃതികള്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
കുറഞ്ഞ ചെലവില്‍ പ്രകൃതി സൗഹൃദമായ വീടുകളുടെ ശില്പിയും നിര്‍ മ്മാതാവുമായ ലാറി ബേക്കറെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയുന്നത് മനോജിന്റെ ഈ പുസ്തകത്തില്‍ നിന്നാണ്. ആ അറിവ് ഒരു
മുതല്‍ കൂട്ടാണെന്ന് കരുതുന്നു. ഇന്ദിരയുടെ സുഹൃത്തും വിമര്‍ശകനുമായിരുന്ന കുല്‍ദീപ്‌നയ്യാരെക്കുറിച്ച് കൂടുതല്‍ അറിയുന്നത് 2012 ല്‍ മനോജ് മാതൃഭൂമി ആഴ്ചപ്പതിപ്പിനായി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ്. അന്ന് മനോജിനെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല.
കെ.മാധവന്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ പത്രത്താളുകളില്‍ കണ്ടിട്ടേയുള്ളു. അദ്ദേഹത്തെക്കുറിച്ച് മനോജ് മേനോന്റെ ഈ പുസ്തകത്തിലെ ലേഖനം നല്‍കുന്ന അറിവെ എനിക്കുള്ളു.
ചിരിച്ചും കരഞ്ഞും എന്ന ഇ.കെ.നായനാരെക്കുറിച്ചുള്ള ലേഖനം വളരെ താല്‍പര്യത്തോടെയാണ് ഞാന്‍ വായിച്ചത് .കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഏറമ്പാല കൃഷ്ണന്‍ നായനാരെയും പത്‌നി ശാരദടീച്ചറെയും അറിയാത്തവര്‍ പഴയ തലമുറയില്‍ ഉണ്ടാകില്ല.
നായനാരുടെ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടി എത്രമാത്രം ജനപ്രിയമായിരുന്നു. അന്ന് സ്പീക്കറായിരുന്ന പി.എ.സാങ്മയെ തങ്കമ്മ എന്നേ വിളിക്കു. നര്‍മ്മമറഞ്ഞിരിക്കുന്ന കണ്ണൂര്‍ ഭാഷയില്‍ ജനലക്ഷങ്ങളെ ചിരിപ്പിച്ച ആ മുഖ്യമന്ത്രിയുടെ ഓര്‍മകളുണ്ട് ഈ പുസ്തകത്തില്‍. സാംബശിവനെയും പാച്ചിയെയും കുറിച്ചുള്ള ലേഖനങ്ങള്‍ എനിക്ക് പുതിയ അറിവുകള്‍ തന്നു.
മനോജിന്റെ ഈ ലേഖന സമാഹാരം സമൂഹത്തിലും രാഷ്ട്രീയത്തിലും പത്രമാധ്യമങ്ങളിലും തിളങ്ങിയ വ്യക്തിത്വങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. പലരെയും അകലെ നിന്ന് പഠിക്കുകയും സന്ദര്‍ഭം വരുമ്പോള്‍ മുഖാമുഖം ഇരുന്ന് അവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്നു. ഈ ആര്‍ജവവും ആവേശവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
(മലയാളത്തിലെ മുതിര്‍ന്ന കഥാകൃത്തും നോവലിസ്റ്റുമായ
ബാലകൃഷ്ണന്‍ മുംബൈയിലാണ് താമസം )
മനോജ് മേനോൻറെ പുസ്തകംഅറിയാത്ത പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന തായിരുന്നു.പുസ്തകത്തിൻറ പേര് ലേഖകനെക്കുറിച്ചുംഅന്വർത്ഥമാണ്.