സർഗ്ഗവേദിയുടെ നാദത്തിന് 33 വയസ്സിന്റെ തിളക്കം

ശശിധരന്‍ മങ്കത്തില്‍

33 വർഷം മുമ്പത്തെ ഓർമ്മ. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് നെഹറു സർഗ്ഗവേദിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ കലാസാംസ്ക്കാരിക പ്രവർത്തനങ്ങളിൽ മുഴുകിയ കാലം. വിദ്വാൻ പി. യും മഹാകവി പി. യും ജനിച്ചു വളർന്ന നാടായ വെള്ളിക്കോത്ത് കലാകാരന്മാരും എഴുത്തുകാരും ഒട്ടേറെ. ഒരു മാസിക പുറത്തിറക്കണം. കൈയിൽ കാശില്ല. 

അതിനാൽ എഴുതി ഇറക്കാമെന്നായി. അങ്ങിനെ 1988 ൽ ‘നാദം’മാസിക പിറന്നു. മാസം തോറും ഇറക്കാനായില്ല. വിഷുവിനും ഓണത്തിനുമെല്ലാം നാദത്തെ അണിയിച്ചൊരുക്കി. അഡ്വ.പി.നാരായണന്റെ നിർദ്ദേശങ്ങൾ ,അന്ന് പത്രപ്രവർത്തകനായിരുന്ന കണ്ണൻ മുല്ലത്തൊടി എന്ന കണ്ണേട്ടന്റെ

സഹായം. വാട്ടർ അതോറിറ്റി യിലെ രാധാകൃഷ്ൻ കാരക്കുഴിയെ സബ്ബ് എഡിറ്ററാക്കി. എഡിറ്റിംഗും ലേ ഔട്ടും എന്റെ തലയിൽ. ചിത്രങ്ങൾ ഞാൻ തന്നെ വരച്ചു. എഴുതാൻ അനുജത്തി ശാലിനിയും അമ്മാവന്റെ മകൻ അശോകനും. സുഹൃത്തുക്കളായ ബാലകൃഷ്ണനും കെ.ടി. വിജയനും മുരളിയും ഒക്കെ വിഭവങ്ങൾ സമാഹരിച്ചു. സഹകരണ പ്രസ്സിലായിരുന്ന

ഗണപതിയുടെ ഗംഭീര ബയന്റിംഗ്. മൂന്ന് മാസിക ഇറക്കി. അതിൽ ഒന്ന് എന്റെ കൈയിൽ ഭദ്രമായി ഇരിക്കുന്നു. ഈയിടെ കാർട്ടൂണിസ്റ്റ് ഗോപീകൃഷണൻ മാസിക കണ്ടപ്പോൾ അവസാന പുറത്തിൽ കുറിച്ചു ‘ഒറ്റവാക്കിൽ പറയാം- അത്ഭുതം ! പത്രാധിപർക്ക് അഭിനന്ദനങ്ങൾ’. മാസിക വളരെ ഇഷ്ടപ്പെട്ടുവെന്ന് 30 വർഷം മുമ്പ് 

അംബികാസുതൻ മാങ്ങാടും കെ.എം.അഹമ്മദും പ്രൊഫ.ജി. ഗോപാലകൃഷ്ണനും മറ്റും കുറിച്ചിട്ടുണ്ട്. ഇതിലെ എഴുത്തുകാരെല്ലാം ഇന്ന് പ്രശസ്തരാണ്. കവി ദിവാകരൻ വിഷ്ണുമംഗലം, പ്രമോദ് രാവണേശ്വരം എന്ന പേരിൽ കവിതയെഴുതിയ പ്രമോദ് രാമൻ(മനോരമ ന്യൂസ് ) ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി (ഉത്തരദേശം), മാനുവൽ കുറിച്ചിത്താനം (ജന്മദേശം),

അഡ്വ.പി.നാരായണൻ, അഡ്വ.ഗംഗാധരൻ കുട്ടമത്ത്, കലാമണ്ഡലം ഗോപാലകൃഷ്ണൻ,പ്രൊഫ.കെ.രാധാകൃഷ്ണൻ (നിട്ടെ എഞ്ചി.കോളേജ്) ….
ലേഔട്ടിൽ അന്ന് പലതും പയറ്റി. സിങ്കിൾ, ഡബിൾ കോളം എഴുത്ത്, സ്ക്രീൻ, സെന്റർ സ്പ്രഡ്…. എല്ലാം ഇപ്പോൾ കാണുമ്പോൾ 

കൗതുകം. പഴയ സുഹൃത്തക്കളെ ഈയിടെ മാസിക കാണിച്ചപ്പോൾ അവർ പറഞ്ഞു. നമുക്ക് ഇതിൻ്റെ പിറവി ആഘോഷിക്കണമെന്ന്. എന്തായാലും നാദം ഒരുക്കാൻ ഒപ്പം നിന്ന എല്ലാവരെയും ഓർക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *