നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം – മുഖ്യമന്ത്രി

നിയമസഭാ പുരസ്‌ക്കാരം എം.മുകുന്ദന് സമ്മാനിച്ചു

കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷൻസിന്റെ പുസ്തക തലസ്ഥാനം ‘വേൾഡ് ബുക്ക് ക്യാപിറ്റൽ’ എന്ന പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.

യു.എൻ രൂപീകൃതമായ1945ൽതന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മൾ. എം.പി.പോൾ എസ്.പി.സി.എസ് രജിസ്റ്റർ ചെയ്യുന്നതും അന്നാണ്. നാഷണൽ ബുക് സ്റ്റാൾ തുറക്കുന്നതും അന്നാണ്. യു.എന്നിന്റെ സമാരംഭത്തിൽ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങൾ ആഘോഷപൂർവ്വം ആരംഭിച്ച കേരളത്തിന്റെ തലസ്ഥാനത്തിന് തന്നെയാണ് യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ പദവി കിട്ടേണ്ടത്.

അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സർവയോഗ്യതയുമുള്ള തിരുവനന്തപുരം ലോക

സാഹിത്യ ഉത്സവ ഭൂപടത്തിൽ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌ക്കാരം സമ്മാനിച്ചു. ലഭിച്ച പുരസ്‌ക്കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്‌ക്കാരമാണെന്ന്‌ മറുപടി പ്രസംഗത്തിൽ എം. മുകുന്ദൻ പറഞ്ഞു.

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങൾക്കും അരാജകചിന്തകൾക്കുമെതിരായ ചെറുത്തു നിൽപ്പാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അദ്ധ്യക്ഷനായിരുന്ന സ്പീക്കർ എ. എൻ. ഷംസീർ  പറഞ്ഞു. സംസ്‌കാര ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റേയും പുരോഗതിയുടേയും ആഗോള മുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്  പറഞ്ഞു.

തലമുറകളെ വായനയിലേക്ക് നയിച്ച എം. മുകുന്ദനെ നിയമസഭാ അവാർഡ് നേടിയതിൽ പ്രതിപക്ഷനേതാവ്  വി. ഡി. സതീശൻ അഭിനന്ദിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക  സാഹിത്യകാരൻ ദേവ്ദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാർ, ജി.ആർ. അനിൽ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജില്ലാ കളക്ടർ അനുകുമാരി, നിയമസഭ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *