കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി

അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന – മുഖ്യമന്ത്രി

ടി. പത്മനാഭന് നിയമസഭ ലൈബ്രറി അവാർഡ് സമ്മാനിച്ചു

മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന ഉപാധി പുസ്തകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.

ചടങ്ങിൽ പ്രഥമ നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥകൾ കൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനായ വ്യക്തിയാണ് ടി. പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ് പതിറ്റാണ്ടിനിപ്പുറവും ചെറുകഥാലോകത്ത് ടി. പത്മനാഭനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. ലോകത്തിന്റെ തിന്മകളെയും അസഹിഷ്ണുതയെയും ടി പത്മനാഭൻ കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്. മാനവികമായ നന്മയും പ്രകാശവും നിറയുന്ന സാഹിത്യ സൃഷ്ടിയായതിനാലാണ് എന്നും പൂക്കുന്ന പൂമരമായി ടി പത്മനാഭൻ കലാരംഗത്തും അനുവാചകരുടെ ഹൃദയ രംഗത്തും ഉയർന്നുനിൽക്കുന്നത് –  മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍, മാത്യു ടി. തോമസ്, തോമസ് കെ. തോമസ് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരളനിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ എന്നിവ ഇതോടൊപ്പം നടക്കുന്നുണ്ട്.
.

Leave a Reply

Your email address will not be published. Required fields are marked *