കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തിങ്കളാഴ്ച തുടങ്ങും

പൊതുജനങ്ങൾക്ക് രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവേശനം

കേരള നിയമസഭ സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും.

സാഹിത്യകാരൻ ടി. പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തോമസ് കെ. തോമസ് നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എന്നിവർ പ്രസംഗിക്കും.

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ്  ജനുവരി15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും. 

പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങിയ പരിപാടികൾ നടക്കും. കലാസാംസ്‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. പുസ്തകോത്സവ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ നിയമസഭ അങ്കണത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *