‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കെ.പി.ഉണ്ണികൃഷ്ണൻ്റെ സാന്നിധ്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പുസ്തകം സ്വീകരിച്ചു. മാതൃഭൂമി സ്പെഷൽ കറസ്പോണ്ടൻ്റ് എം.പി. സൂര്യദാസാണ് പുസ്തകം രചിച്ചത്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ഹാളിലായിരുന്നു പ്രകാശന ചടങ്ങ്.

രാജ്യം കണ്ട മികച്ച പാർലമെൻ്റേറിയന്മാരിൽ ഒരാളാണ് കെ.പി.ഉണ്ണികൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ പതിറ്റാണ്ടുകൾ പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിനുണ്ട്. ദേശീയ

രാഷ്ട്രീയത്തെ വലിയ തോതിൽ സ്വാധീനിക്കുവാനുള്ള ഇടപെടലായിരുന്നു ആ ഘട്ടങ്ങളിൽ ഉണ്ണികൃഷ്ണൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അത് രേഖപ്പെടുത്താൻ പുസ്തകമെഴുതിയ എം.പി. സൂര്യദാസ് തയ്യാറായി എന്നത് അഭിനന്ദനാർഹമാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം സ്പന്ദിക്കുന്ന പുസ്തകമാണിത്. ഉണ്ണികൃഷ്ണൻ്റെ ജീവിത പശ്ചാത്തലത്തിനിടയിൽ നമ്മുടെ രാജ്യത്തുണ്ടായ സംഭവ വികാസങ്ങളടക്കം പുസ്തകത്തിലുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭൂമി ചെയർമാനും മാനേജിങ് ഡയരക്ടറുമായ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.  മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എല്‍.എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.കെ. വിജയന്‍, 

ബി.ജെ.പി. നേതാവ്  പി.കെ.കൃഷ്ണദാസ്, മാതൃഭൂമി ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസ്സിനസ്) മയൂര ശ്രേയാംസ് കുമാര്‍, മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ, എം.പി. സൂര്യദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കെ. പി.ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി. മാതൃഭൂമി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *