രാജാരവിവർമ്മ സഞ്ചരിച്ച വഴികളിലൂടെ മനു എസ്.പിള്ള
എൻ. ഇ. സുധീർ
” കൊല്ലം 1862 – ൽ തിരുവിതാംകൂർ മഹാരാജാവിനെ മുഖം കാണിക്കാനായി രവിവർമ്മയെ കൊട്ടാരത്തിൽ കൊണ്ടുചെന്നപ്പോൾ ആ തലമുറയിലെ തന്നെ ഏറ്റവും തിളക്കമേറിയ വ്യക്തിത്വങ്ങളിൽ ഒന്നാവാൻ വിധിക്കപ്പെട്ടവനാണ് ഈ ബാലൻ എന്ന കാര്യം മഹാരാജാവിന് ഊഹിക്കാൻ കഴിയുമായിരുന്നില്ല ….”
പത്തൊമ്പതാം നൂറ്റാണ്ടിൽ കിളിമാനൂരിൽ ജനിച്ച് മാവേലിക്കരയിൽ നിന്നും വിവാഹം ചെയ്ത രാജാരവിവർമ്മയെപ്പറ്റിയുള്ള ആഖ്യാനത്തിലൂടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റൊരു മാവേലിക്കരക്കാരന്റെ പ്രസിദ്ധമായ ചരിത്ര പുസ്തകം തുടങ്ങുന്നത്. മനു എസ്. പിള്ള എഴുതിയ ‘ഐവറി ത്രോൺ’ എന്ന പുസ്തകത്തിലെ ചിത്രമെഴുത്തു തമ്പുരാൻ എന്ന ആദ്യ അദ്ധ്യായം രാജാ രവിവർമ്മയെപ്പറ്റിയാണ്. ആ പുസ്തകത്തിലൂടെ മനു എസ്. പിള്ള
ഇന്ത്യയിലെ ചരിത്രമെഴുത്ത് രീതിയെ മാറ്റിമറിച്ചു. ആ യുവാവ് മുന്നോട്ടു വെച്ച ചരിത്രമെഴുത്തിന്റെ ആഖ്യാന രീതി ഏറെ സ്വീകാര്യമായി. ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കാൻ പുതിയൊരു പാത അയാൾ തുറന്നിട്ടു. ക്രിയേറ്റിവ് ഹിസ്റ്ററി റൈറ്റിങ്ങ് എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം.
അപൂർവ്വമായ വിവരങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തി വിസ്മയിപ്പിക്കുന്ന രചനാകൗശലത്തോടെ ചരിത്രമെഴുതി വായനക്കാരെ കൊതിപ്പിക്കുന്ന ഈ യുവ ചരിത്രകാരൻ ഇന്ത്യൻ പ്രസാധക ലോകത്തെ അത്ഭുതപ്പെടുത്തി. അയാളെക്കൊണ്ട് പുസ്തകമെഴുതിക്കുന്നതിൽ വൻകിട പ്രസാധകർ മത്സരബുദ്ധി കാണിച്ചു തുടങ്ങി. മനുവിന്റെ പുതിയ കൃതികൾക്ക് വായനക്കാർ കൗതുകത്തോടെ കാത്തിരിപ്പ് തുടങ്ങി.
മനുവിന്റെ നിലവിലെ രണ്ടു പുസ്തക പ്രൊജക്ടുകളിൽ ഒന്ന് ഈ മാസം പുറത്തുവരികയാണ്. “False Allies : India’s Maharajas in the Age of Ravi Varma ” എന്ന പുതിയ രചന 1860 മുതൽ 1900 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പ്രിൻസ് ലി സ്റ്റേറ്റുകളിലൂടെ രാജാരവിവർമ്മ സഞ്ചരിച്ച
വഴികളിലൂടെയുള്ള ഒരു ചരിത്രകാരന്റെ സഞ്ചാരമാണ്. ആ കാലഘട്ടത്തിലെ രാജ ഭരണാധികാരികളുടെ വേറിട്ട ഒരു ചിത്രമാണ് ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നത്.
ഈ രാജാക്കന്മാരെക്കുറിച്ച് പൊതുവിൽ നിലനില്ക്കുന്ന വിയോജനാഭിപ്രായങ്ങൾ പൂർണ്ണമായും ശരിയല്ലെന്നും അവരിൽ പലരും മിടുക്കരായ ഭരണാധികാരികളും സമൂഹത്തെ മുന്നോട്ടു നയിക്കാൻ കുറച്ചെങ്കിലും ശ്രമിച്ചവരുമാണ്. രാജാക്കന്മാർ, കൊളോണിയൽ ദാസന്മാർ എന്നൊക്കെ പറഞ്ഞ് എല്ലാവരേയും പൊതുവായി തള്ളിക്കളയേണ്ടതില്ലെന്നും വലിയ ഗവേഷണങ്ങളുടെ പിൻബലത്തോടെ മനു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ആധുനിക ഇന്ത്യയെ കുറച്ചു കൂടി വസ്തുനിഷ്ഠമായി മനസ്സിലാക്കാന് ഈ പുസ്തകം തീർച്ചയായും വഴിയൊരുക്കും.
👍