എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്ക്കാരമായ 2024 ലെ എഴുത്തച്ഛൻ പുരസ്ക്കാരം കഥാകൃത്തും  നോവലിസ്റ്റുമായ എൻ.എസ് മാധവന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. എസ്.കെ. വസന്തൻ ചെയർമാനായ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ചെറുകഥ എന്ന സാഹിത്യശില്പത്തിന് കരുത്തും കാമ്പും നൽകുന്നതിൽ എൻ.എസ്. മാധവൻ നൽകിയ സംഭാവന നിസ്സീമമാണ്. ചടുലവും ലളിതവും നിശിതവുമാണ് അദ്ദേഹത്തിൻറെ ഭാഷാശൈലി. പ്രാദേശികമായ ക്യാൻവാസിൽ മനുഷ്യാനുഭവത്തിന്റെ പ്രാപഞ്ചികാനുഭവങ്ങളെ കൃതഹസ്തനായ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി.

അതിസങ്കീർണ്ണമായ രചനാശൈലിയോ ദുർഗ്രാഹ്യമായ ആശയങ്ങളോ അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവില്ല.
മലയാള സാഹിത്യത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരിലൊരാളായ എൻ.എസ്. മാധവന് ഈ പുരസ്ക്കാരം നൽകുന്നതിൽ  ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

1948 ൽ എറണാകുളത്താണ് എൻ.എസ്.മാധവൻ  ജനിച്ചത്. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1975ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.

1970 ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ, മുട്ടത്തുവർക്കി പുരസ്ക്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു.  ഭാര്യ ഷീലാ റെഡ്ഡി. ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ മകളാണ്.

ലന്തൻബത്തേരിയിലെ ലുത്തിനിയകൾ(നോവൽ), ചുളൈമേട്ടിലെ ശവങ്ങൾ, തിരുത്ത്, നിലവിളി, ഹിഗ്വിറ്റ, പഞ്ചകന്യകകൾ, ഭീമച്ചൻ (ചെറുകഥാ സമാഹാരങ്ങൾ) എന്നിവയാണ്‌ പ്രധാന കൃതികൾ.

Leave a Reply

Your email address will not be published. Required fields are marked *