ഇലഞ്ഞിപ്പൂമണമൊഴുകി വന്ന നാലുകെട്ടിലെ രാത്രികൾ

കെ.കെ.മേനോൻ

ഞങ്ങളുടെ പഴയ തറവാട് മൂന്നര പതിറ്റാണ്ട് മുമ്പ് പൊളിച്ചുമാറ്റി അച്ഛൻ പുതിയ വീട് നിർമ്മിച്ചു. വളരെ വേദനയോടെ മാത്രമേ എനിക്കിപ്പോഴും അതേക്കുറിച്ച് ഓർമ്മിക്കാൻ സാധിക്കൂ. അവിസ്മരണീയമായ ബാല്യകാലങ്ങൾ… എന്റെ എല്ലാ വികൃതികൾക്കും സാക്ഷ്യം വഹിച്ച നടുമുറ്റം, അകത്തളങ്ങൾ, ഇടനാഴികൾ… അങ്ങനെ ആ നാലുകെട്ട് ഓർമ്മയായി കഴിഞ്ഞപ്പോൾ അച്ഛൻ്റെ അമ്മയുടെ അലമാരയ്ക്കകത്ത് സൂക്ഷിച്ചു വെച്ച് ആരും കാണാതെ എനിക്ക് നൽകിയിരുന്ന മധുരപലഹാരങ്ങളുടെ മാധുര്യം, അച്ഛമ്മയുടെ ഓർമ്മകൾക്കൊപ്പം ഇന്നും സജീവമാണ്. നിറവാർന്ന ഓർമ്മകളുടെ വർണ്ണ ചിത്രങ്ങൾ….. ആ വസന്ത കാലങ്ങളുടെ മായാത്ത ഓർമ്മകൾ…

കോളേജ് വിദ്യാഭ്യാസ കാലങ്ങളിൽ പഠിക്കുന്നതിനായി ഞാൻ രാത്രികാലങ്ങൾ ഞങ്ങളുടെ വീടിന്റെ മുൻവശത്തുള്ള പത്തായപ്പുരയിലായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. വളരെ വലിയ

പത്തായപ്പുര. പണ്ടുകാലങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ നെല്ല് സൂക്ഷിക്കുന്ന വലിയ പത്തായം താഴെ. മുകളിൽ വിശാലമായ കിടപ്പുമുറികൾ. വളരെ മനോഹരമായ അന്തരീക്ഷം പ്രദാനം ചെയ്തിരുന്ന മുറികൾ. ജനാലകൾ തുറന്നു വെച്ചാൽ കുറച്ചകലെ മെയിൻ റോഡ്. റോഡരികിൽ രണ്ട് വലിയ പേരാലുകൾ, പിന്നെയും കുറച്ചു മാറി ഞങ്ങളുടെ തറവാട്ട് മുറ്റത്തുള്ള വലിയ പാലമരം, പാമ്പിൻ കാവ്….. അങ്ങനെ ഭരതന്റെയോ പത്മരാജന്റെയോ ചിത്രങ്ങളിലെ പോലെയുള്ള ഒരു അന്തരീക്ഷം. എല്ലാം തെളിവാർന്ന ഓർമ്മകൾ…

യൗവ്വനത്തിന്റെ നിറവിൽ മനസ്സിൽ വന്നു പോയിരുന്ന നിരവധി മുഖങ്ങൾ. ഏകാന്തമായ രാത്രികളിൽ, പാലപ്പൂവിന്റെ മണം അലയടിച്ച്‌
മനസ്സിനെ മത്തുപിടിപ്പിക്കുന്ന രാത്രികളിൽ, നിത്യകാമുകിക്കായുള്ള കാത്തിരിപ്പ്… അവളുടെ കാൽ ചിലങ്കകളുടെ ധ്വനികൾ പിന്തുടർന്നു പോയി പാല മരത്തിൻ ചുവട്ടിൽ കാത്തുനിന്നപ്പോൾ… ആരോ വന്ന് തട്ടിയുണർത്തിയ പോലെ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന രാത്രികൾ… പ്രണയത്തിന്റെയും, കാമമോഹ സങ്കൽപ്പങ്ങളുടെയും ഗന്ധം

ഉണർത്തിയ രാത്രികൾ… കാമുകിയുടെ സന്ദേശവുമായി വരുന്ന രാക്കിളിക്കായുള്ള കാത്തിരിപ്പിന്റെ രാത്രികൾ…. നിലാവുള്ള രാത്രികൾ പുലരാതിരിക്കാനായി ശിവനെ പ്രാർത്ഥിച്ച രാത്രികൾ…. ഇന്ദ്രവല്ലരി പൂച്ചൂടി വന്ന ഹേമന്തരാത്രികൾ.. ഇലഞ്ഞിപ്പൂമണമൊഴുകി വന്ന രാത്രികൾ… അങ്ങനെ എന്തു പറഞ്ഞാലും എത്ര പറഞ്ഞാലും തീരാത്ത അനുഭൂതി പകർന്ന സുവർണ്ണ രാത്രികൾ…

എല്ലാത്തിനും മൂകസാക്ഷികളായി നോക്കി നിന്നിരുന്ന പത്തായപ്പുരയും പാല മരവും പേരാലും പാമ്പിൻ കാവും… അതിരാവിലെ മൂന്നു മണിയോടുകൂടി കേട്ടിരുന്ന മധ്യമാവതി രാഗം… വേനൽക്കാല പൂരങ്ങളുടെ കാലത്ത് ദൂരെയേതോ ഭഗവതി ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ച് നടന്നിരുന്ന കഥകളിയിലെ അരങ്ങിൽ നിന്നുയരുന്ന പദം.. നളചരിതം മൂന്നാം ദിവസത്തിൽ നിന്നുള്ള രംഗം.. മധ്യമാവതി രാഗത്തിൽ. നളനെ വിട്ടു പിരിയേണ്ടി വന്ന ദമയന്തിയുടെ ദുഃഖം, വീണ്ടും കണ്ടുമുട്ടാനായുള്ള സുദീർഘമായ കാത്തിരിപ്പ് – മലയാളസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രണയകാവ്യം, നളചരിതം. ഉണ്ണായിവാരിയരുടെ കാലത്തിന് അതീതമായ അമൂല്യ

സൃഷ്ടി. പ്രണയം എന്ന വികാരത്തെ നമ്മൾ കാണാത്ത, സങ്കല്പിക്കാത്ത വർണ്ണചിത്രങ്ങളെ കൊണ്ട് അലങ്കരിച്ച കവിശ്രേഷ്ഠൻ. പൂരക്കാലത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ ദൂരെ നിന്നും കേൾക്കാറുള്ള തായമ്പക. തായമ്പക ആചാര്യൻ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ കൂറു കൊട്ടിക്കയറി ഇരുകിടയും കലാശവും കഴിയുമ്പോഴേക്കും നിദ്രാ ദേവിയുടെ അനുഗ്രഹത്തിനായി അക്ഷമയായി കാത്തുനിന്ന കൺപോളകൾ താനേ അടഞ്ഞു സുഖനിദ്രയിലേക്ക് വഴുതി പോവുകയും ചെയ്യാറുണ്ട്.

ചിത്രങ്ങള്‍: ഷൈജു അഴീക്കോട്‌