വയലാർ രാമവർമ്മ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
അഞ്ചാമത് യുവകലാസാഹിതി വയലാർ രാമവർമ്മ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം രചിച്ച ‘അഭിന്നം’ എന്ന കവിതാ സമാഹാരത്തിന്. പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഡി.സി.ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന കവിതകളാണ് ‘അഭിന്നം’ എന്ന കവിതാ സമാഹാരത്തിലുള്ളതെന്ന് പുരസ്കാര സമിതി വിലയിരുത്തി. ചേർത്തല വയലാർ രാഘവപ്പറമ്പിൽ ചെയർമാൻ വയലാർ ശരശ്ചന്ദ്രവർമ്മയുടെ
അധ്യക്ഷതയിൽ ചേർന്ന പുരസ്കാര സമിതി യോഗത്തിൽ അംഗങ്ങളായ കവി ആലങ്കോട് ലീലാകൃഷ്ണൻ, ഇ.എം. സതീശൻ, ഡോ.പ്രദീപ് കൂടയ്ക്കൽ, അസീഫ് റഹീം എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 4 ന് നാലു മണിക്ക് വയലാർ സ്മൃതി മണ്ഡപത്തിലെ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കുമെന്ന് യുവകലാസാഹിതി
പുരസ്കാര നിർണ്ണയ സമിതി കൺവീനർ അസീഫ് റഹിം അറിയിച്ചു.
1965 ൽ കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്താണ് ദിവാകരൻ ജനിച്ചത്. പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. ജിയോളജിയിൽ റാങ്കോടെ എം.എസ്.സി.ബിരുദാനന്തര ബിരുദം നേടി. മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൽ നിന്ന് സീനിയർ ജിയോളജിസ്റ്റായി വിരമിച്ചു.
നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, മുത്തശ്ശി കാത്തിരിക്കുന്നു, കൊയക്കട്ട, ഉറവിടം, അഭിന്നം തുടങ്ങി ഒമ്പത് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ്
മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, അബുദാബി ശക്തി അവാർഡ്, മഹാകവി.പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്കാരം, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം, വി.വി.കെ.പുരസ്കാരം, മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. ഭാര്യ: നിഷ മകൾ: ഹർഷ.