പൊങ്ങച്ചം നിറയണം, അന്നത്തെ ഇംഗ്ലീഷല്ല  ഇന്നത്തെ ഇംഗ്ലീഷ്

പ്രൊഫ. കെ. നരേന്ദ്രനാഥ്
 
ചെറുപ്പത്തിൽ ഇംഗ്ലീഷു പഠിക്കുമ്പോൾ അതൊരു പുസ്തക ഭാഷയായിരുന്നു. മലയാളം മാത്രമേ അറിയുള്ളുവെങ്കിൽ നമ്മൾക്ക് എത്തിപ്പിടിക്കാവുന്ന ആശയങ്ങളും സാഹിത്യ സൃഷ്ടികളും കേരളമെന്ന ചെറിയ പ്രദേശത്തുള്ള ആളുകളിൽ നിന്നുള്ളവയായതു കൊണ്ടുള്ള പരിമിതിയിൽ  തൃപ്തിപ്പെടണമായിരുന്നു. ഹിന്ദി പഠിച്ചാൽ ഉത്തരേന്ത്യയിലെ കുറേ സ്ഥലത്ത് ഉപയോഗപ്പെടുമായിരിക്കും. പണ്ട് തൊഴിലന്വേഷിച്ചു ബോംബെയിലേക്കു പോകുന്നവർ സ്വാഭാവികമായി ഹിന്ദിയിൽ അനായാസമായി ബാത്ചീത് ചെയ്തു കൊണ്ട് തിരിച്ചു വരുമായിരുന്നു. മൈ ഹും, ഹൊ, ഹൈ എന്നൊന്നും പശ്നമല്ലായിരുന്നു. വ്യത്യസ്ത മാതൃഭാഷകളുള്ള ആളുകൾ പറയുന്നതു കേട്ടു പഠിക്കുന്ന ഹിന്ദിയ്ക്ക്
 
 
വളരെ അയവുള്ള വ്യാകരണമായിരുന്നു. പിന്നീട് ഹിന്ദി സിനിമ കാണാനും ഒരു പരിധി വരെ ഹിന്ദി പഠനം ഉപയോഗപ്പെട്ടു. ഹിന്ദിഎഴുതാനും വായിക്കാനുമല്ല, പകരം പറയാനും കേൾക്കാനുമുള്ള ഭാഷയായാണ് ഒരു ചെറിയ വിഭാഗം മലയാളികൾക്ക് ഉപയോഗപ്പെട്ടത്.
ഇംഗ്ലീഷിന്റെ കാര്യം വളരെ വ്യത്യസ്തമാണ്. അത് വായിക്കാനും എഴുതാനുമുള്ള ഭാഷയായിട്ടാണ് അന്ന് കണ്ടിരുന്നത്. ഒരു പരിധി വരെ കേൾക്കാനും. സംസാരം  മിക്കവാറും ക്ലാസ് മുറികളിൽ മതിയായിരുന്നു. ഇംഗ്ലീഷിലുള്ള പത്രമാസികകളും പുസ്തകങ്ങളും ഗ്രാമീണ വായനശാലകളിൽപ്പോലും സുലഭമായിരുന്നു. ഗലീലിയോവിന്റെ കയ്യിലെത്തിയ ഒരു ദൂരദർശിനിപോലെയായി രുന്നു ഇംഗ്ലീഷ്. വലിയ ഒരു ലോകം ഏറ്റവും ചുരുങ്ങിയ സമയത്തിൽ അത് നമ്മുടെ മുമ്പിലെത്തിക്കുന്നു. ഇന്നത്തെ ഇന്റർനെറ്റുമായി അതിനു സാമ്യമുണ്ട്. വിശാലമായ ഒരു പശ്ചാത്തലത്തിൽ നമുക്കു നമ്മളെയും വിലയിരുത്താനാവുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ പുതിയ വാതായനങ്ങൾ തുറക്കപ്പടുന്നു. നമുക്കു വിശ്വപൗരമാരാകാനുള്ള അവസരം വരുന്നു. പാരമ്പര്യത്തിന്റെയും പവിത്രീകരിക്കപ്പെട്ട് സ്ഥിരപ്പെടുത്തി തളംകെട്ടിയ ആശയലോകത്തിന്റെയും അടഞ്ഞ ലോകത്തിൽ നിന്നു നമ്മൾ ചരിത്രത്തോടൊപ്പം ചലിക്കുന്ന പുതിയ
മനുഷ്യരാകുന്നു.
 
 
പക്ഷേ ആ ഇംഗ്ലീഷല്ല ഇന്നത്തെ ഇംഗ്ലീഷ്. Communicative English എന്നൊരു പ്രയോഗം തന്നെ മുമ്പ് ഉണ്ടായിരുന്നില്ല. ഭാഷ പ്രാഥമികമായി ആശയ വിനിമയ (communication) ത്തിനുള്ള ഉപാധിയാകയാൽ അതിനു വേണ്ടി പ്രത്യേകിച്ചൊരു ഇംഗ്ലീഷ് പഠനം ആവശ്യമില്ലായിരുന്നു. അതു വേണ്ടി വന്നത് മുഖ്യമായി ആഗോളവൽക്കരണത്തോടു കൂടിയാണ്. ഒരു ഉപഭോക്തൃ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞോ, അതല്ലെങ്കിൽ അത്തരം ആവശ്യങ്ങൾ കൃത്രിമമായി ജനമനസ്സുകളിൽ ഉണ്ടാക്കിയോ പുതിയ കച്ചവട സംരംഭങ്ങൾ തുടങ്ങുക, വിപണിയുടെ വിപുലീകരണത്തിനു വേണ്ടി ജനങ്ങളെ ആകർഷിക്കുക, ഉൽപന്നങ്ങളെക്കാൾ കൂടുതലായി പരസ്യങ്ങൾക്കു പ്രാധാന്യം നൽകുക, ധാർമികതയേയും പരിസ്ഥിതിയെയും മറന്ന് ലാഭത്തിൽ മാത്രം ശ്രദ്ധയൂന്നുക തുടങ്ങിയവ ജീവിതവിജയത്തിന്റെ നിർദ്ദാക്ഷിണ്യമായ സൂചികകളാകുന്ന ഒരു കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.
 
 
മാതാപിതാക്കൾക്ക് മക്കളെക്കുറിച്ചും മക്കൾക്ക് തങ്ങളെക്കുറിച്ചു തന്നെയുമുള്ള അത്തരമൊരു വികലമായ ലോകവീക്ഷണത്തിന്റെ ഉപോൽപ്പന്നമാണ് communicative English. നിങ്ങളൊരു ഓഫീസിലെ  റസപ്ഷനിസ്റ്റാണെങ്കിൽ ഉപയോക്താവിനെ ആകർഷിക്കാനോ, അതല്ലെങ്കിൽ ഒരു മീറ്റിംഗിലോ ചായ സൽക്കാരത്തിലോ അതിഥികളെ സ്വീകരിക്കേണ്ടി  വരുമ്പോഴോ, ഒരു ജനപ്രിയ ടി വി പരിപാടിയുടെ ആങ്കറിങ് നടത്തുമ്പോഴോ, എന്തിന്, ഒരു convent educated പ്രേമബന്ധത്തിലോ വരെ, വളരെ പൊങ്ങച്ചം നിറഞ്ഞ ഒരു lisping English ആവശ്യമായി വരും. ആ ഇംഗ്ലീഷിന്റെ പേരാണ് communicative English.
 
 
വാസ്തവത്തിൽ എന്താണ് ഈ നല്ല (അഭിജാത) ഇംഗ്ലീഷ് ? എന്റെ ചെറുപ്പ കാലത്ത് പറയപ്പെട്ടിരുന്നത് King’s English, Queen’s English, BBC English എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന ഒരു പഴയ അച്ചടി ഇംഗ്ലീഷ് ആയിരുന്നു. ഇന്ന് അത് അമേരിക്കൻ ഇംഗ്ലീഷ് എന്നു പറയപ്പെടുന്ന ഒന്നാണ്. I want to go എന്നതിനു പകരം I wanna go എന്നു പറയണം. യഥാർത്ഥത്തിൽ കൃത്യമായി standard ഭാഷ എന്നു പറയാവുന്ന ഒന്നില്ല. ആറു നാട്ടിൽ നൂറു ഭാഷ എന്നത് ഇംഗ്ലീഷിന്റെ വകഭേദങ്ങൾക്കും പ്രസക്തമാണ്. ഇതേ വൈവിധ്യം അമേരിക്കൻ ഇംഗ്ലീഷ്, ഇന്ത്യൻ ഇംഗ്ലീഷ് എന്നൊക്കെപ്പറയുന്നവയ്ക്കുമുണ്ട്. ലോകത്തിലെ (പ്രത്യേകിച്ചും ആഫ്രിക്ക) ഇംഗ്ലീഷു ഭാഷയിലെഴുതപ്പെട്ട പല കൃതികളും പ്രാദേശിക തനിമ നിലനിർത്തുക വഴിയും കൂടിയാണ് മഹത്തരമായി കണക്കാക്കപ്പെടുന്നത്. Standard (decent) ഭാഷ എന്നത് പ്രയോഗത്തിൽ യന്ത്രത്തിൽ ചുട്ടെടുത്ത ചപ്പാത്തി മാതിരിയാണ്.
കൃതിമത്വവും യാന്ത്രികതയും മുഴച്ചു നില്ക്കും.
 
 
ഭാഷയിൽ മാത്രമായി കൃത്രിമത്വം ഒതുങ്ങി നിൽക്കുന്നില്ല. വസ്ത്രധാരണത്തിലും, പെരുമാറ്റത്തിലും, ശരീര ചലനങ്ങളിലും, ചിരിയുടെ ശബ്ദത്തിലും വരെ  ഈ വൈദേശികച്ഛായയുള്ള sophistication പ്രകടമാവുന്നതിനെ കൂടിയാണ് decency, smartness എന്നൊക്കെ പറയുന്നത്. അങ്ങനെ മൊത്തത്തിൽ നിങ്ങൾ സ്വയം ഒരു കച്ചവടച്ചരക്കാവുമ്പോൾ, തുണിക്കടയിലെ കൂട്ടിലിട്ട അലങ്കരിച്ച പാവ (mannikin) യെപ്പോലെ പൂർണതയായി. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ കാണാറുള്ള ( പ്രത്യേകിച്ചും സാഹിത്യ) ചർച്ചകളിലെ ക്ലീഷെകളുടെ പെരുമഴയിൽ കുതിർന്ന പ്രശംസാവചനങ്ങൾ മാത്രമായ വിലയിരുത്തലുകളും, ചില വെബിനാറുകളിലെ കൃത്യമായി മനസ്സിലാക്കാതെ നടത്തുന്ന, സാങ്കേതിക പദാവലികൾ കൊണ്ടുള്ള ഞാണിന്മേൽക്കളികളുമൊക്കെ ഇതേ ജനുസ്സിൽപ്പെട്ട അഭ്യാസ പ്രകടനങ്ങളാണ്.
 
( കാസർകോട് ഗവ.കോളേജ് ഇംഗ്ലീഷ് വകുപ്പിലെ മുൻ  അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ )
 

Leave a Reply

Your email address will not be published. Required fields are marked *