അനന്തപുരി ഓർമ്മകളുമായി ‘ചെത്തി നടന്ന എൺപതുകൾ’

ശരീരത്തിലൂടെ ഓടുന്ന രക്തത്തിലെ പഞ്ചസാരയുടെയും സമ്മർദ്ദത്തിൻ്റെയും അളവറിയാതെ ഓടി നടന്ന ബാല്യം. ആ കാലത്തിലൂടെ ഒന്നുകൂടി സഞ്ചരിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ഈ അനുഭവവുമായി ‘ചെത്തി നടന്ന എൺപതുകൾ ‘ എന്ന ഓർമ്മ പുസ്തകത്തിലൂടെ ജയ് കിരൺ തിരുവനന്തപുരം നഗരത്തിലെയും നാട്ടുവഴികളിലെയും ചിത്രങ്ങൾ വരച്ചിട്ടിരിക്കുകയാണ്. മണ്ണെണ്ണ വിളക്കും വോൾട്ടേജില്ലാത്ത മഞ്ഞ ബൾബും കത്തിയിരുന്ന കാലത്ത് നിന്ന് ഇൻ്റർനെറ്റ് യുഗത്തിലെത്തിയപ്പോഴുള്ള മാറ്റങ്ങൾ പുസ്തകം കാട്ടിത്തരുന്നു.

അണ്ണാ… ഒരു പഴ സർബത്ത് … കിഴക്കേകോട്ടയുടെ മുന്നിൽ വലിയ ആൽമര ചോട്ടിലെ തിരക്കുള്ള കടയിൽ എപ്പോഴും മുഴങ്ങിക്കേട്ട വാക്കുകൾ ! ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൻ്റെ അരികിൽ ബാബാ സ്റ്റുഡിയോയോടു ചേർന്നുള്ള കടയിൽ ഏറ്റവുമധികം ചെലവായിരുന്നത് സർബത്താണ്. കടക്കാരൻ അയ്യപ്പൻ ഐസിട്ട സർബത്ത് പലകമേൽ വെക്കേണ്ടത താമസം. പല കൈകൾ പല വഴിക്ക് അതെടുത്ത് കാലിയാക്കും. അമ്പതു പൈസയുടെ സർബത്ത് ആ വേനലിൽ ഞങ്ങൾക്ക് അമൃത് കിട്ടിയതുപോലെയായിരുന്നു. കിഴക്കേകോട്ട ഒരു അനുഭവം തന്നെയായിരുന്നു എന്ന് ജയ് കിരൺ പറയുന്നു.

പത്മനാഭ സ്വാമി ക്ഷേത്രവും പത്മതീർത്ഥവും ഗാന്ധി പാർക്കും ചാല കമ്പോളവും ഉണ്ടാക്കുന്ന ഗൃഹാതുരത്വത്തെക്കുറിച്ച് വിവരിക്കുന്ന ‘ഓർമ്മകൾ അടയാളങ്ങൾ ‘ എന്ന ആദ്യ അദ്ധ്യായം തന്നെ നഗരത്തിൻ്റെ പഴയ കാഴ്ചകൾ തുറന്നിടുന്നു. കോട്ടയ്ക്കകത്തെ അയോധ്യ ഭവൻ ഹോട്ടൽ, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, പഴവങ്ങാടി, ശ്രീ വിശാഖ്

സിനിമാ തീയേറ്റർ, കരമനയിലെ വീട്ടിലേക്കുള്ള യാത്ര… ഇങ്ങനെ ആ കാഴ്ചകൾ പലതാണ്. കുട്ടികളുടെ ഹരമായിരുന്നു സൈക്കിൾ യജ്ഞം. ട്യൂബ് ലൈറ്റിൻ്റെ വെളിച്ചത്തിൽ മൈക്കിലുടെ ഒഴുകിയെത്തുന്ന സിനിമാ പാട്ട്. സൈക്കിളിൽ വട്ടം കറങ്ങി യജ്ഞം നടത്തുന്ന അഭ്യാസി. അവരുടെ തമാശകൾ രാത്രി വൈകിയും കണ്ടിരുന്ന ദിവസങ്ങൾ. കരമനയും കരമനയാറും, കലാലയ കാൽവെപ്പുകൾ, ഓണക്കാലം, സൈക്കിൾ എന്ന വികാരം, റേഡിയോ യുഗം, ടെലിഫോൺ, ടെലിവിഷൻ എന്നീ അധ്യായങ്ങളിലെ ഓർമ്മകൾ പലതും വായനക്കാർക്ക് സ്വന്തം അനുഭവമായി തോന്നും.

ഉത്രാടപ്പൂനിലാവേ വാ…. മുറ്റത്തേ പൂക്കളത്തിൽ വാടിയ പൂവനിയിൽ ഇത്തിരി പാൽ ചുരത്താൻ വാ… എന്ന തരംഗിണിയുടെ യേശുദാസ് പാടിയ ഗാനത്തിൻ്റെ ഓർമ്മകളുമായി ഓണക്കാലത്തേക്കുള്ള യാത്ര ഗൃഹാതുരത്വമുണർത്തുന്നു. അന്നത്തെ ടേപ്പ് റിക്കാർഡറും കാസറ്റുകളും ഗോലി കളിയും കുട്ടിയും കോലും കളിയും പുക്കളവുമെല്ലാം മനസ്സിൽ തങ്ങിനിൽക്കും. കാർട്ടൂണിസ്റ്റ് വാമനപുരം മണിയുടെ രേഖാചിത്രങ്ങൾ ഈ ഓർമ്മകളിൽ കുളിരായി അനുഭവപ്പെടുന്നു. മോഡൽ സ്കൂളിലെ കൊമ്പൻ മീശക്കാരനായ സാർ ചരിത്ര ക്ലാസിൽ ഒന്നാം പാനിപ്പറ്റ് യുദ്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം തപ്പി തപ്പി പറഞ്ഞതിൻ്റെ ഓർമ്മ പങ്കുവെക്കുന്നത് രസാവഹമായാണ്. ‘എടേ നിൻ്റെ ഭാവനയൊക്കെ കൊള്ളാം… മരക്കഴുതേ… നിനക്ക് വേണേൽ എഴുത്തുകാരനാവാം. പക്ഷെ ചരിത്രം പഠിക്കാൻ വായിക്കണം – എന്നാണ് മാഷ് അന്ന് പറഞ്ഞത്.

മീശക്കാരനായ അധ്യാപകൻ്റെ വാക്കുകൾ കേട്ട് ഇന്നും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുമ്പോൾ അന്നത്തെ അധ്യാപകരുടെ വിദ്യാർത്ഥി സ്നേഹവും അർപ്പണബോധവും തന്നെയാണ് ഓർത്തു പോകുന്നതെന്ന് പുസ്തക രചയിതാവ് ജയ് കിരൺ കുറിക്കുന്നു. (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്  ജിയോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജയ് കിരൺ കെ.പി.)
ചെത്തി നടന്ന എൺപതുകൾ – പ്രസാധകർ : പരിധി പബ്ലിക്കേഷൻസ് തിരുവനന്തപുരം.വില: 150 രൂപ

Leave a Reply

Your email address will not be published. Required fields are marked *