ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള
തീയ്യതി നീട്ടി. എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌ക്കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌ക്കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്ക്കാരം എന്നിവയ്ക്കായി ഫെബ്രുവരി 10 വരെ യാണ് കൃതികൾ സമർപ്പിക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഈ തീയതി ഫെബ്രുവരി 20 വരെ നീട്ടിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ഓരോ വിഭാഗത്തിനും നൽകുന്ന അവാർഡ്.
2022 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാർഡിനും വിവർത്തന അവാർഡിനും സമർപ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സംസ്‌കാരപഠനങ്ങൾ എന്നീ മേഖലകളിൽനിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗ ങ്ങളിലും അവാർഡിനായി പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയിൽനിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്‌ക്കാരത്തിന് പരിഗണിക്കുക.
2022 ജനുവരിയ്ക്കും ഡിസംബറിനുമിടയിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ പ്രബന്ധ ങ്ങളുടെ മലയാള വിവർത്തനമായിരിക്കണം ഗവേഷണ പുരസ് ക്കാരത്തിനുള്ള സമർപ്പണങ്ങൾ. മറ്റുഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമർപ്പിക്കാൻ. ഗവേഷണപ്രബന്ധങ്ങൾ അംഗീകരിച്ചുവെന്നുള്ള സർവകലാശാലകളുടെ സാക്ഷ്യപത്രംകൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവിധ സർവകലാശാലകളിൽ നടക്കുന്ന ജ്ഞാനോത്പാദനത്തെ മലയാളഭാഷയിലേക്ക് എത്തിക്കാനുള്ള ഉപാധിയായിക്കൂടിയാണ് ഈ പുരസ്‌കാരം വിഭാവനം ചെയ്തിട്ടുള്ളത്.
പുരസ്‌ക്കാരത്തിനുള്ള സമർപ്പണങ്ങൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ഫെബ്രുവരി 20 വൈകിട്ട് അഞ്ചിനകം ലഭിക്കണം. വൈജ്ഞാനിക പുരസ്‌ക്കാരത്തിനും വിവർത്തന പുരസ്‌ക്കാരത്തിനും സമർപ്പിക്കുന്ന പുസ്തകങ്ങളുടെ നാല് കോപ്പി വീതമാണ് അയക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങളുടെ നാല് വീതം പകർപ്പുകളാണ് അയക്കേണ്ടത്. ഓരോ മേഖലയിലും മൂന്ന് വിദഗ്ധർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിക്കുകയെന്നും ഡയറക്ടർ പറഞ്ഞു. അസി. ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്, ഡോ. ഷിബു ശ്രീധർ, പി.ആർ.ഒ. റാഫി പൂക്കോം എന്നിവർ പങ്കെടുത്തു.