അഷ്ടപതിയിലെ നായികേ യക്ഷഗായികേ…

കെ.കെ.മേനോന്‍
സമയം സായംസന്ധ്യയോട് അടുത്തു കാണും. മേഘങ്ങളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന സൂര്യന്റെ രശ്മികൾ മാത്രം കാണാം. ആകാശത്ത്‌ സിന്ദൂരം എഴുതാൻ തുടങ്ങിയ സന്ധ്യയിൽ എവിടെനിന്നോ പക്ഷികളുടെ ശബ്ദം കേൾക്കാം. ബാൽക്കണിയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കൂടും തേടി പറന്നകലുന്ന പക്ഷികൾ. ചെറിയ ചാറ്റൽ മഴക്ക് ശേഷം ഒരു ചെറിയ തണുപ്പ്. അടുത്തെവിടെയോ നിന്നൊരാൾ വളരെ പരിചയമുള്ള ഒരു പാട്ട് പാടുന്നതു കേട്ടപ്പോൾ അതുകഴിഞ്ഞ കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകളായി. തീഷ്ണതയാർന്ന അനുഭവ ചിത്രങ്ങളുടെ തിളക്കമാർന്ന ഓർമ്മകൾ. കൗമാര യൗവ്വന കാലങ്ങളിലെ അതിഘോഷങ്ങളുടെ മരിക്കാത്ത ഓർമ്മകൾ.

ബാൽക്കണിയിലൂടെ പുറത്ത് തെരുവിലേക്ക്‌ നോക്കിയപ്പോൾ ഒരാൾ – മധ്യവയസ്കൻ എന്ന് തോന്നുന്ന രൂപം- അവിടെ ഒരു ചെറിയ കല്ലിന്റെ മുകളിൽ ഇരുന്ന്‌ പാടുന്നു. ശ്രദ്ധിച്ച്, കാതുകൂർപ്പിച്ചു നിന്നു. അധികം ട്രാഫിക് ഇല്ലാതിരുന്നതിനാൽ പാട്ട് ഒരുവിധം നന്നായി കേൾക്കാം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം- ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന ചിത്രത്തിലെ ‘ അഷ്ടപതിയിലെ നായികേ ‘ എന്ന ഗാനം. പരിസരം മറന്നു, മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞുപോയി. എന്തൊക്കെയോ ചിത്രങ്ങൾ മനസ്സിലൂടെ മിന്നൽ പിണരുകൾ പോലെ കടന്നുപോയി. ഒരു നാല് പതിറ്റാണ്ട് മുമ്പേയുള്ള കലാലയ ജീവിതത്തിലെ അവിസ്മരണീയമായ, അസൂയാർഹമായ ദിനങ്ങൾ.
പ്രേമം, പ്രണയം എന്നീ വികാരങ്ങൾ ഇല്ലാത്ത ചെറുപ്പക്കാർ വിരളം എന്നു പറയാം. ഇനി അഥവാ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് ആയിരിക്കും. ആ കാലങ്ങളിൽ എനിക്ക്

അങ്ങനെ തോന്നാറുണ്ട്. അത്തരം വികാരങ്ങൾ – എല്ലാം അഭിനിവേശങ്ങൾ, സ്വപ്നങ്ങൾ, സ്വപ്നങ്ങളിലെ കാമുകിമാർ എന്നൊക്കെ പറയാം. ഒന്നും തീഷ്ണവും ഗൗരവ പൂർണവുമായ
പ്രണയങ്ങൾ ആയിരുന്നില്ല. കാല്പനിക പ്രണയം എന്നു വിശേഷിപ്പിക്കാം.

യേശുദാസ്,ജയചന്ദ്രൻ എന്നീ ഗായകരുടെ ഗാനങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടവയായിരുന്നു. ഏകാന്തതയിൽ എന്റെതായ ലോകത്തിൽ, മനസ്സിൽ ഞാൻ വരയ്ക്കാറുള്ള ചിത്രങ്ങൾ! ഓരോ ഗാനങ്ങൾക്കും എൻ്റേ തായ ഭാവനകൾ നൽകി മനസ്സിനെ വേറെ ഏതോ ലോകത്തിലേക്ക് ആനയിച്ചിരുന്ന നിമിഷങ്ങൾ! ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു ലഹരി, അത് പറയാൻ വാക്കുകൾ ഇല്ല. 

കലാലയ ജീവിതത്തിലെ ഏറ്റവും നല്ല സമയങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന, ആർട്സ്ഫെസ്റ്റിവലും, അതിനോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളും. മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ദിവസങ്ങൾക്ക് മുൻപേ തുടങ്ങും. ആ ദിവസങ്ങളിലൊന്നും ക്ലാസിൽ പോകാറില്ല, പ്രൊഫസറുടെ അനുവാദത്തോടുകൂടി തന്നെ. രണ്ടാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ഡിസോൺ ആർട്സ് ഫെസ്റ്റിവലിലേക്കു ള്ള മത്സരങ്ങൾ നടക്കുന്ന സമയം. വൈകുന്നേരം നാലുമണിയായിക്കാണും. ലളിത ഗാനം മത്സരത്തിന് പേര് കൊടുത്തവരെ ഓരോന്നായി വിളിക്കുവാൻ തുടങ്ങി. സുഹൃത്തുക്കളുടെ കൂടെ പിറകിൽ നിന്നിരുന്ന എന്റെ പേര് വിളിച്ചപ്പോൾ, എനിക്കൊരു ഇടിവെട്ടേറ്റതു പോലെയായി. തീരെ അപ്രതീക്ഷിതമായ ആ സംഭവത്തിനു ഉത്തരവാദികൾ എന്റെ സുഹൃത്തുക്കളായിരുന്നു. ഞാൻ അറിയാതെ മത്സരത്തിന് എന്റെ പേര് കൊടുത്തു, അതെനിക്കൊരു വെല്ലുവിളി ആവട്ടെ എന്ന് കരുതിക്കാണും

ചിലരെല്ലാം. സുഹൃത്തുക്കൾ എല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ എന്നെ തള്ളി സ്റ്റേജിന്റെ പുറകിൽ എത്തിച്ചു. എനിക്ക് ആകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു. കൈകൾ തണുത്തു വിറങ്ങലിച്ച പോലെ, തൊണ്ട വരണ്ടു പൊട്ടാൻ പോകുന്ന പോലെ. രണ്ടാംതവണയും പേരു വിളിച്ചപ്പോൾ സ്റ്റേജിൽ കയറാതിരിക്കാൻ കഴിഞ്ഞില്ല.

ധൈര്യം സംഭരിച്ച്, എല്ലാ ദൈവങ്ങളെയും ഓർത്ത്, സ്റ്റേജിൽ കയറിയപ്പോൾ ഏതു ഗാനം പാടണമെന്ന് അറിയാതെ ഒരു നിമിഷം കണ്ണുമടച്ചു നിന്നു. പെട്ടെന്നാണ് ആ ഗാനം മനസ്സിൽ ഓർമ്മ വന്നത്. അന്ന് വളരെ പ്രചാരത്തിലുള്ള, ജയചന്ദ്രൻ പാടിയ ഗാനം നന്നായി പാടാൻ പറ്റുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. സ്റ്റേജിനു മുന്നിലേക്ക് നോക്കിയപ്പോൾ എല്ലാ കണ്ണുകളും എന്നിലേക്ക്. ആ മുഖങ്ങളിൽ നവരസങ്ങൾ കാണാൻ സാധിച്ചു. എപ്പോഴും കാണാൻ ആഗ്രഹിച്ച ആ പെൺകുട്ടിയെ അവിടെ ഒന്നും കണ്ടില്ല. ഒരുപക്ഷേ എന്റെ പാട്ടിനു ലഭിച്ചേക്കാവുന്ന കൂവൽ കേൾക്കാൻ ശക്തിയില്ലാത്ത കാരണം അവൾ

അവിടെനിന്ന് പോയി കാണും എന്ന് വിചാരിച്ചു. കരഘോഷങ്ങളോടോപ്പം, കൂവലും തുടങ്ങിയപ്പോൾ ഞാൻ പാടാൻ തുടങ്ങി. സങ്കല്പത്തിലെ കാമുകിയെ മനസ്സിൽ കണ്ടു കൊണ്ട്, അവൾക്കായി ഞാൻ പാടി.
” അഷ്ടപതിയിലെ നായികേ, യക്ഷ ഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാൽ
അനശ്വരയായി നീ അനശ്വരയായി നീ”
പ്രതീക്ഷച്ചതിലും നന്നായി പാടുവാൻ സാധിച്ചുവെന്നു മാത്രമല്ല, ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തപ്പോൾ, എന്റെ സുഹൃത്തുക്കൾക്കു, അവർ എന്നെ ദ്രോഹിക്കാൻ വേണ്ടിയാണെങ്കിലും, ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയാൻ മറന്നില്ല.

ഭാര്യയുടെ വിളി കേട്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. ഒരു സ്വപ്നം പോലെ മനസ്സിൽ തെളിഞ്ഞു വന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ശ്രമിച്ചു. പുറത്തു തെരുവില്‍ ഇരുന്ന് പാടിയിരുന്ന ആ മനുഷ്യനെ കുറിച്ചോർത്തു, നോക്കിയപ്പോൾ അയാളെ അവിടെയെങ്ങും കാണാൻ സാധിച്ചില്ല. അയാൾ ആരായിരുന്നു? എന്തിന് അയാൾ അവിടെ വന്നു? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. ഭാര്യ കൊണ്ടു വന്ന ചൂട് ചായയും കഴിച്ച് പുറത്തേക് നോക്കിയപ്പോൾ ഇരുട്ടായി തുടങ്ങിയിരുന്നു. വീണ്ടും മനസ്സ് പഴയ നാളുകളിലെ ഓർമകളിലേക് വഴുതി വീണു.

കലാലയ നാളുകളിലെ അനുഭവങ്ങൾ ഓരോന്നും വിട്ടൊഴിയാതെ വീണ്ടും മനസ്സിൽ പൊന്തിവന്നു. ഉൽക്കടമായ ആഗ്രഹങ്ങൾ മനസ്സിൽ വെച്ചു നടന്നിരുന്ന ആ കാലങ്ങൾ അപൂർണമായ ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ട് പെട്ടെന്ന് കടന്നു പോയി. കോളേജ് ദിനങ്ങൾ പകരുന്ന അനുഭവങ്ങൾ പലതാണ്, അവ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന സ്വാധീനം ഏറെയാണ് .കഴിഞ്ഞ് പോയ കാലങ്ങളെ കുറിച്ച്, എത്രയോ വർഷങ്ങൾക്കു ശേഷം ഇപ്പോൾ ദൂരെയിരുന്ന്, കുറിക്കുമ്പോഴുള്ള സുഖം അനിർവചനീയമാണ്. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും സജീവം തന്നെ.

അടുത്തവർഷം അതായത് എന്റെ ഫൈനൽ ഇയറിന് , ഇലക്ഷൻ നടക്കാതിരുന്നത് കാരണം കോളേജ് ആർട്സ്ക്ലബ്‌ സെക്രട്ടറിയായി എന്നെ നോമിനേറ്റ് ചെയ്തു. ആ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ എല്ലാ ചുമതലയും, ഭാരിച്ച ഉത്തരവാദിത്വങ്ങളുമാണ് എനിക്ക് ഏറ്റെടുക്കേണ്ടി വന്നത്. സുഹൃത്തുക്കളുടെയെല്ലാം അകമഴിഞ്ഞ സഹകരണത്തോടെ, ഏറ്റെടുത്ത കാര്യങ്ങൾ എല്ലാം വളരെ നന്നായി, ഉത്തരവാദിത്വത്തോട് കൂടി ചെയ്തു തീർക്കുവാൻ കഴിഞ്ഞെങ്കിലും, ഇതിനായി കുറേ ദിവസങ്ങൾ ക്ലാസിൽ കയറാൻ സാധിക്കാതെ വന്നു.

കോളേജ് വാർഷിക ദിനാഘോഷങ്ങൾ അടുത്തു വരികയായിരുന്നു.  അധ്യയന വർഷത്തിലെ ഏറ്റവും അവസാനത്തെ ഒരു ഫങ്ഷൻ എന്ന് പറയാം. അതുകഴിഞ്ഞാൽ പിന്നെ റിവിഷൻ ഹോളിഡേയ്സ്, യൂണിവേഴ്സിറ്റി പരീക്ഷകൾ, അങ്ങനെ ആ വർഷം അവസാനിക്കും. കണ്ടുപരിചയിച്ച പല മുഖങ്ങളെയും പിന്നെ ഒരിക്കലും കാണാൻ സാധിക്കുകയില്ല, എന്നറിയാമായിരുന്നു. എങ്കിലും മനുഷ്യബന്ധങ്ങളുടെ നശ്വരതയും, നൈമിഷികതയും ജീവിതാനുഭവങ്ങൾ ആയിത്തീരുമെന്ന്

അന്ന് പൂർണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഓട്ടോഗ്രാഫുകൾ അങ്ങുമിങ്ങും കൈമാറി, കുറിപ്പുകൾ വാങ്ങുന്നു കൊടുക്കുന്നു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് കലാലയാങ്കണത്തിൽ ഇരിക്കുമ്പോൾ വെറുതെ മനസ്സിൽ തോന്നി, എനിക്കിഷ്ടപ്പെട്ട അവൾ ഓട്ടോഗ്രാഫു മായി എന്റെ അടുക്കൽ വരുമോയെന്ന് ? മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, മനസ്സിൽ ഇങ്ങനെ തോന്നി.

” സ്മരിക്കാൻ, ജീവിക്കാൻ, ദിവ്യ സ്നേഹത്തിൽ കോരിത്തരിക്കാൻ രണ്ടക്ഷരം ഈയെടിൽ കുറിക്കില്ല”

പക്ഷേ അവൾ വന്നില്ല, വരില്ല എന്ന് അറിയാമായിരുന്നു. കാരണം അവളോട് എനിക്ക് പ്രണയമായിരുന്നില്ല, ഒരിക്കൽ പോലും സംസാരിച്ചിട്ടും ഇല്ല. അവളോട് ഒരു ആരാധനയോ ഇഷ്ടമോ എന്തൊക്കെയായിരുന്നു. കോളേജ് ദിനാഘോഷങ്ങളിൽ മുഖ്യ ഇനം ഗാനമേള യായിരുന്നു. അകമ്പടിക്ക് കോളേജ് ഓർകെസ്ട്രാ. ഞാൻ രണ്ടു ഗാനങ്ങൾ പാടാനാണ് തീരുമാനിച്ചിരുന്നത്. ഒന്ന് വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന യുഗ്മ ഗാനം, മറ്റൊന്ന് എന്റെ സങ്കല്പങ്ങളിലെ കാമുകിക്കായി, കരിനീല കണ്ണുള്ള അവളോട് ഒരു ഗാനത്തിലൂടെ എന്റെ പ്രണയം അറിയിക്കുവാനായി.
” കരിനീല കണ്ണുള്ള പെണ്ണേ,
നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി ”
ശ്രീകുമാരൻ തമ്പി രചിച്ച, ദക്ഷിണാമൂർത്തി സംഗീതം നൽകിയ ലളിതഗാനം. അന്ന് ഇടയ്ക്കൊക്കെ റേഡിയോയിൽ കേൾക്കുന്നതൊഴിച്ച് ആ പാട്ടു കേൾക്കാൻ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല. വയലിൻ വായിക്കുന്ന എന്റെ കസിൻ സഹോദരനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, പൂർണ്ണമനസ്സോടെ എന്നെ സഹായിക്കാം എന്ന് വാക്ക് നൽകി. ഓർകെസ്ട്രാ റിഹേഴ്സൽ ദിവസം എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, ആ ഗാനം കസിൻ തന്റെ gruntic spool tape recorder ൽ കേൾപ്പിച്ചു തന്നു. ആ ഗാനം കേട്ടപ്പോൾ അനന്യമായ എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയാതെ ഞാൻ വിഷമിച്ചു. കരിനീല കണ്ണുള്ള പെണ്ണെ, എന്ന ഗാനം ഞാൻ സ്റ്റേജിൽ അവതരിപ്പിച്ചു. എവിടേയെങ്കിലും ഇരുന്ന് അവൾ ഞാൻ പാടുന്നത് കേട്ടു കാണും. അടയാളപ്പെടുത്താത്ത പ്രണയകാവ്യത്തിലെ നായികയോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ.

കോളേജ് ദിനാഘോഷങ്ങളോട് കൂടി, കോളേജ് ജീവിതത്തിനു തിരശ്ശീല വീണു. വളരെ വേദനാജനകമായ അനുഭവങ്ങൾ,യാത്ര പറയലുകൾ… ദിവസേന കണ്ടു മുട്ടാറുള്ള പല മുഖങ്ങളെയും, ആ പരീക്ഷ നാളുകളിൽ

കാണാതെയായി. മൂന്നു വർഷത്തെ സംഭവബഹുലമായ കലാലയ ജീവിതം അവസാനിച്ചു എന്നു തന്നെ പറയാം. കലാലയത്തോട് യാത്രയും നന്ദിയും പറഞ്ഞ് പടികളിറങ്ങുമ്പോൾ, അകക്കരൾ വിങ്ങി പൊട്ടുകയായിരുന്നു.

വീണ്ടും ഭാര്യയുടെ വിളി കേട്ടപ്പോൾ നിദ്രയിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം ഒമ്പത് മണി. അത്താഴഭക്ഷണത്തിനുള്ള വിളിയായിരുന്നു. ഭാര്യയോടൊപ്പമിരിന്നു ഭക്ഷണം കഴിക്കുമ്പോഴും മനസ്സ് എവിടെയൊക്കെയോ പാറി പറക്കുകയായിരുന്നു. ഒരു ശബ്ദം കേട്ട് ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോൾ, മിന്നലും, ഇടിവെട്ടും. ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പാ യിരുന്നു. അധികം താമസിയാതെ പെയ്തമഴയിൽ, പ്രകൃതി പോലും എന്നോട് പങ്കുചേർന്ന് ദുഃഖിക്കുന്ന പോലെ തോന്നി. തോരാത്ത കണ്ണുനീർ നിലയ്ക്കാത്ത മഴത്തുള്ളികളായി ഭൂമിയിൽ പതിഞ്ഞപ്പോൾ, പാട്ടുപാടിയ ആ മധ്യവയസ്കനെ കുറിച്ച് ഞാനോർത്തു. കഴിഞ്ഞ കാലങ്ങളിലെ നല്ല ഓർമകളെ താലോലിച്ചു കൊണ്ട്, വേർപിരിഞ്ഞുപോയ പ്രണയിനിയെ കുറിച്ചാണോ അയാൾ പാടിയത്? അതോ പഴയ കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകളു മായി എന്നെ ആ ഗാനം കേൾപ്പിക്കാൻ അവിടെ വന്നതാണോ? അതൊരു അതുല്യമായ
അനുഭവമായിരുന്നു എന്നു ഇന്നും തോന്നാറുണ്ട്.

ചിത്രങ്ങള്‍: ഷൈജു അഴീക്കോട്‌