ഗായത്രി അരുണിൻ്റെ ‘അച്ഛപ്പം കഥകൾ’ മോഹൻലാൽ പ്രകാശനം ചെയ്തു
സിനിമ സീരിയൽ താരം ഗായത്രി അരുണിൻ്റെ ‘അച്ഛപ്പം കഥകൾ’ എന്ന പുസ്തകം നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. ‘അച്ഛനോർമ്മകളിൽ ജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രിയപ്പെട്ട ഗായത്രി അരുൺ എഴുതിയ ‘അച്ഛപ്പം കഥകൾ’ ഞാൻ ഹൃദയപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു ‘ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ കോപ്പി
മഞ്ജുവാര്യർ സ്വീകരിച്ചു. ഏത് കാര്യത്തിലും തമാശ കണ്ടെത്തി പിന്നീട് അത് പറഞ്ഞു രസിക്കുന്ന അച്ഛൻ്റെ ഹാസ്യം തന്നെയാണ് പുസ്തകത്തിലെ വിഷയം. ചേർത്തല നഗരസഭാ കൗൺസിലറായിരുന്ന എൻ. രാമചന്ദ്രൻ നായരാണ് ഗായത്രിയുടെ അച്ഛൻ. ‘അച്ഛനിൽ നിന്ന് കിട്ടുന്ന കൗതുകങ്ങളും അച്ഛന് പിണയുന്ന അബദ്ധങ്ങളും മറ്റും എഴുതി ഫേസ് ബുക്കിലിട്ടിരുന്നു. അച്ഛന് ഇത് വളരെ ഇഷ്ടപ്പെട്ടു. അങ്ങിനെ ഞാൻ തുടർച്ചയായി എഴുതി. ചില സുഹൃത്തുക്കളാണ് ഇത് പുസ്തകമാക്കാമെന്ന
നിർദ്ദേശം വെച്ചത്. പുസ്തകത്തിൻ്റെ പേരിലെ കൗതുകം വെളിപ്പെടുത്തുന്നില്ല. അത് വായനക്കാർ വായിച്ചു തന്നെ അറിയട്ടെ. ആദ്യ കഥയിൽ തന്നെ ഞാൻ അതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട് ‘ – ഗായത്രി പറഞ്ഞു. അച്ഛപ്പം ഉണ്ടാക്കിയ കാരക്കാപ്പം, ഇന്ത്യയും ‘ബാക്കിസ്ഥാനും,’ ആയിരം ചുംബനങ്ങൾ കുത്തിനിറച്ച കത്ത് എന്നിങ്ങനെ പത്തുകഥകളുടെ സമാഹാരമാണിത്. കഴിഞ്ഞവർഷം അന്തരിച്ച അച്ഛനുള്ള സമ്മാനമായിട്ടാണ് ഗായത്രി പുസ്തകം സമർപ്പിക്കുന്നത്.
വയനാട്ടിലെ നിയതം ബുക്ക്സാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർവ്വോപരി പാലാക്കാരൻ, ഓർമ്മ ,തൃശ്ശൂർ പൂരം, മമ്മൂട്ടി നായകനായ വൺ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗായത്രി ‘പരസ്പ്പരം’ സീരിയലിലൂടെയാണ് പ്രശസ്തയായത്. ഇതിൽ ദീപ്തി ഐ.പി.എസ്. എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
👍
പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന രസകരമായ കുറിപ്പ്.