ചണപാക്കറ്റുകൾ കൊണ്ട് വീട്ടിനകത്ത് വെർട്ടിക്കൽ ഗാർഡൻ
പ്ലാസ്റ്റിക്ക് ചട്ടി കമ്പിവലയിൽ നിരയായി അടുക്കി വെച്ചാണ് വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കുന്നത്. പല നിറത്തിലുള്ള ഇലച്ചെടികൾ ഇതിൽ നട്ട് നമ്മുടെ ഇഷ്ടമനുസരിച്ച് ഗാർഡൻ ഉണ്ടാക്കാം. എത്ര വലിയ ഗാർഡനും ഇത്തരത്തിൽ ഉണ്ടാക്കാം. നഗരങ്ങളിലെ വലിയ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ ഇത്തരം പൂന്തോട്ടങ്ങൾ ഇഷ്ടം പോലെ കാണാം.
വീട്ടിനകത്ത് ഇത്തരത്തിൽ പ്ലാസ്റ്റിക്ക് ചട്ടികൾ കമ്പി വലയിൽ നിരത്തി വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കിയാൽ ഇത് വൃത്തിയായി വെക്കാൻ ബുദ്ധിമുട്ടാണ്. അകത്തെ ടൈൽസിൽ മണ്ണും വെള്ളവും വീണ് വൃത്തികേടാകും. ഇത് എല്ലായ്പ്പോഴും തുടച്ചു വൃത്തിയാക്കേണ്ടി വരും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ചണ ബാഗുകളുടെ വെർട്ടിക്കൽ കർട്ടൻ വിപണിയിലിറങ്ങിയിരിക്കുന്നത്.
നിരനിരയായുള്ള ഈ ബാഗുകളിൽ മണ്ണും വളവും കൂട്ടി കുഴച്ചിട്ട് ചെടികൾ നടാം. അധികം വെള്ളം ഒഴിക്കേണ്ടതില്ല. ഇനി കൂടുതൽ വെള്ളം ഉണ്ടെങ്കിൽ ചണ ബാഗ് അത് വലിച്ചെടുക്കും. രണ്ടു മടക്കുള്ള ബാഗായതിനാൽ വെള്ളം ഇതിൽ തങ്ങിനിൽക്കും. 4×4, 8 x 8, 10 x 5 എന്നിങ്ങനെ നിരകളുള്ള പല തരം ബാഗുകൾ ഓൺലൈനായി വാങ്ങാൻ കിട്ടും. ഇത്തരം പൂന്തോട്ടം ഇപ്പോൾ നഗരങ്ങളിലെ ഫ്ലാറ്റുകളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ബാഗിലിടാൻ മണ്ണും വളവും കിട്ടാത്ത സഹചര്യമാണെങ്കിൽ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ടിന്നുകളിൽ പകുതി വെള്ളം നിറച്ച് മണി പ്ലാന്റ് പോലുള്ള വെള്ളത്തിലും വളരുന്ന ചെടികൾ വളർത്താം. മാത്രമല്ല പാഴാക്കി കളയുന്ന പാൽ പായ്ക്കറ്റിലും എണ്ണയുടെ പായ്ക്കറ്റിലും മറ്റും ചെടികൾ നട്ട് ചണ പാക്കറ്റുകളിൽ വെക്കാം.