മനോരോഗം ശാപമല്ല; വേണ്ടത് കരുണയും കരുതലും

വിദ്യാധരൻ പെരുമ്പള

ഒക്ടോബർ10 ലോക മാനസികാരോഗ്യ ദിനമാണ്. മനോരോഗം ഒരു ശാപമല്ല. നമ്മുടെ കരുണയും കരുതലും വേണ്ടവരാണ് മാനസിക രോഗം ബാധിച്ചവർ. അവരെ ചേർത്ത് പിടിക്കുക. മാനസികാരോഗ്യ ദിനത്തിൽ ഓർക്കേണ്ടത് ഇതാണ്.

2017 ലെ മാനസികാരോഗ്യ പരിരക്ഷാ നിയമം മാനസിക ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം വരുത്തി. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട  സവിശേഷത അത് മനോരോഗത്തെ നിർവചിക്കുന്നു എന്നുള്ളതാണ്.1987 ലെ മാനസികാരോഗ്യ നിയമത്തിൽ ‘മനോരോഗി’യെ നിർവചിച്ചിരുന്നു. പക്ഷെ മനോരോഗത്തെ നിർവചിച്ചിരുന്നില്ല.

മറ്റൊരു പ്രത്യേകത അധ്യായം അഞ്ചിൽ പറയുന്നത് മാനസിക രോഗം ബാധിച്ചവരുടെ അവകാശങ്ങളാണ്. ഏതൊരു പൗരനും ഉള്ളതുപോലെ അന്തസ്സായി ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ട്. ആതുരാലയങ്ങളില്‍ പ്രവേശിക്കപ്പെടുന്ന മറ്റുരോഗങ്ങൾ ബാധിച്ചവർക്ക് ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും മാനസിക രോഗം ബാധിച്ചവർക്കുമുണ്ട്. കൂടാതെ സ്വകാര്യതയ്ക്കുള്ള അവകാശവും നിയമസഹായത്തിനുള്ള അവകാശവും അവർക്കുണ്ട്. ഈ രംഗത്തെ തികച്ചും നൂതന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമമാണ് മാനസികാരോഗ്യ പരിരക്ഷാ നിയമം.

എന്റെ സർവീസ് ജീവിതത്തിലെ 14 മാസം സബ് ജഡ്ജിയായിരിക്കെ ഞാൻ തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറി ആയിരുന്നു.തിരുവനന്തപുരം പേരൂർക്കട ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ നിരന്തര ഇടപെടലുകൾ ഞാൻ ഓർക്കുന്നു. രോഗം ഭേദമായിട്ടും ബന്ധുക്കൾ സ്വീകരിക്കാത്ത, ആരും തിരിഞ്ഞു നോക്കാത്ത ഒട്ടനവധി മനുഷ്യരുടെ പുനരധിവാസം ഒരു വെല്ലുവിളിയായിരുന്നു.

നിരന്തരമായ പ്രവർത്തനത്തിലൂടെ ഒട്ടേറെ പേരെ ബന്ധുക്കളുടെ അടുത്തയക്കാനും മറ്റു പുനരധിവാസ കേന്ദ്രങ്ങളിൽ അയക്കാനും സാധിച്ചു. സെക്രട്ടറി എന്ന നിലയിൽ  പലതവണ അന്തേവാസികളോട് സംസാരിക്കാൻ കഴിഞ്ഞു. കരളുപിളർക്കുന്ന മനുഷ്യ ജീവിതാനുഭവങ്ങളിലൂടെ  കടന്നു പോയി.

മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ച അഭിഭാഷകരായ ജെ.സന്ധ്യ, രഞ്ജിനി. അഞ്ജു തമ്പി, പാരലീഗൽ വളന്റിയർമാരായ തമീസ, ഗിരീഷ് കുമാർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

മാനസിക രോഗം ബാധിച്ചവരുടെ അവകാശത്തെ പറ്റി പറഞ്ഞുവല്ലോ. നിയമത്തിലെ 21(2) പ്രകാരം രോഗി, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടിയുള്ള അമ്മയാണെങ്കിൽ കുട്ടിയെ അമ്മയിൽ നിന്നും വേർപ്പെടുത്താൻ പാടില്ല എന്നുണ്ട്. അപ്പോൾ അമ്മയ്ക്കും കുട്ടിക്കും മാത്രമായി പ്രത്യേക വാർഡുകൾ ആവശ്യമാണ്‌. കേരളത്തിലെ ഒരു മാനസികാരോഗ്യ ആശുപത്രിയിലും അങ്ങനെ ഒരു വാർഡ് ഉണ്ടായിരുന്നില്ല.

എന്നാൽ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ടെക്നോ പാർക്കിലെ ജമിനി സോഫ്റ്റ്‌വേർ സൊല്യൂഷൻസ് എന്ന ഐ. ടി. കമ്പനിയുടെ സി.എസ്.ആർ ഫണ്ട്‌ ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി വാർഡ് നിർമ്മിക്കുകയുണ്ടായി. ആ വാർഡ് നിർമ്മാണത്തിന് നിമിത്തമായത് നിയമ സേവന അതോറിറ്റി ആയിരുന്നു. വാർഡ് എഴുത്തുകാരനും എം.പി യുമായ ശശി തരൂരാണ് ഉദ്ഘാടനം ചെയ്തത്. (മുൻ ജില്ലാ ജഡ്ജിയാണ് ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *