നമുക്ക് വേണ്ടത് കുടുംബ ഡോക്ടർമാർ – ഡോ.പി.കെ.ശശിധരൻ

ഡോ.പി.കെ.ശശിധരൻ

കഴിഞ്ഞ ദിവസത്തെ പത്ര വാർത്ത ഇങ്ങനെയായിരുന്നു.
എല്ലാ ആശുപത്രികളും ഇപ്പോൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ശരിയാണ്, സർക്കാർ ആശുപത്രികളും സ്വകാര്യ ആസ്പത്രികളും ഒരുപോലെ നിറയുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? നമ്മൾ എന്തുചെയ്യണം?

1. ഇപ്പോഴത്തെ നിലയിൽ രോഗികളുടെ വർദ്ധനവ് ഇനിയും തുടരുക തന്നെ ചെയ്യും.
2. കൂടുതൽ മെഡിക്കൽ കോളേജുകളും കൂടുതൽ ത്രിതീയ പരിചരണ കേന്ദ്രങ്ങളും നിർമ്മിക്കുന്നതിൽ ഒരു അർത്ഥവുമില്ല.
3. രാജ്യത്തുടനീളമുള്ള എല്ലാ വ്യക്തികൾക്കും എല്ലാ കുടുംബങ്ങൾക്കും പ്രാപ്യമായ പരിശീലനം ലഭിച്ച കുടുംബ ഡോക്ടർമാരെ (ഫാമിലി ഡോക്‌ടർമാരെ) ലഭ്യമാക്കുക എന്നതായിരിക്കണം ഇപ്പോൾ ഇന്ത്യയുടെ പ്രധാന ശ്രദ്ധ അർഹിക്കുന്ന വിഷയം. മികച്ച ആരോഗ്യ സൂചികയുള്ള കേരളത്തിൽ തന്നെ നമുക്ക് അതിനു തുടക്കമിടാം, രാജ്യത്തിനാകെ കേരളം മാതൃകയാകണം.
4. എം.ബി.ബി.എസ് പരിശീലനം കൊണ്ട് മാത്രം ഒരാളും നല്ല ഫാമിലി ഡോക്‌ടറാകില്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും എല്ലാവർക്കും ഉണ്ടാവണം. അവരുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും അവർക്കു നഷ്ടപ്പെട്ടുപോയ അഭിരുചിയും മനോഭാവവും പരിപോഷിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധയോടെയുള്ള ആസൂത്രിതമായ പരിശീലനം ആവശ്യമാണ്.
5. എല്ലാ ക്ലിനിക്കുകളിലും പി.എച്ച്.സി. കളിലും സി.എച്ച്.സി. കളിലും പരിശീലനം സിദ്ധിച്ച കുടുംബ ഡോക്ടർമാർ മാത്രമേയുണ്ടാവാൻ പാടുള്ളു .ഫാമിലി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ രോഗികൾ ആശുപത്രികളിൽ വരാവൂ എന്ന നിയമം വേണം
6. സമൂഹത്തിൽ ആരോഗ്യ സംരക്ഷണം നടപ്പാക്കി, പ്രാഥമിക പ്രതിരോധം നടപ്പാക്കണം. രോഗഭാരം കുറയ്ക്കുന്നതിനുള്ള ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണായക ഘടകങ്ങൾ ലഭ്യമാക്കൽ, ചികിത്സയുടെ ആവശ്യകത കുറക്കൽ എന്നിവയിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നാൽ മാത്രമേ രോഗ പരിചരണ സംവിധാനങ്ങൾ പോലും നിലനിൽക്കുകയുള്ളു.
7. കോവിഡിന് മുമ്പു തന്നെ രോഗങ്ങൾ, ജനസംഖ്യാ വളർച്ചയ്ക്ക് ആനുപാതികമല്ലാതെയാണ് വർദ്ധിച്ചിരുന്നത്. ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയ ഘടകങ്ങളെ നമ്മൾ അവഗണിച്ചതിനാലാണ് അത് സംഭവിച്ചത്. ആരും സമീകൃതാഹാരം കഴിക്കുന്നില്ല. പച്ചക്കറികളും പഴങ്ങളും പലരും ഉപേക്ഷിച്ച മട്ടാണ്. പക്ഷേ അധിക കാർബോഹൈഡ്രേറ്റ് എപ്പോഴും കഴിക്കുന്നു. ദുശ്ശീലങ്ങളും തെറ്റായ ജീവിത ശൈലിയും കൂടി വരുന്നു. ശരിയായ മാലിന്യ നിർമാർജനത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും അഭാവം, സുരക്ഷിതമായ കുടിവെള്ളത്തിന്റെ അഭാവം എന്നിങ്ങനെ പലതും നിലനിൽക്കുന്നു- ഇതാണ് രോഗങ്ങൾ പെരുകാൻ കാരണം.
8. ഇങ്ങനെ ഒരവസ്ഥയിൽ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയാൻ മതിയായ ഫാമിലി ഡോക്ടർമാരില്ല. ജലദോഷത്തിന് പോലും അവർ തൃതീയ പരിചരണം ഉൾപ്പെടെയുള്ള ആശുപത്രികളിൽ എത്തുന്നു.
9. ആശുപത്രികളിലാണെങ്കിലോ, ക്ലിനിക്കൽ പ്രശ്നങ്ങൾ വേഗത്തിലും ഫലപ്രദമായും കൂടുതൽ ലബോറട്ടറി പരിശോധനകൾ ഇല്ലാതെയും രോഗ നിർണയം നടത്തുന്ന ജനറൽ മെഡിസിൻ അല്ലെങ്കിൽ ഇന്റേണൽ മെഡിസിൻ ഡോക്ടർമാർ അപ്രത്യക്ഷമാവുകയാണ്. അഥവാ അവർ ഉണ്ടെങ്കിൽ തന്നെ രോഗികൾ അവരെ മറികടന്ന് സിംഗിൾ സിസ്റ്റം സ്പെഷ്യലിസ്റ്റുകളെ നേരിട്ട് സമീപിക്കുന്നു. ലോകത്തിലെ ഏറ്റവും മോശം ആരോഗ്യസംവിധാനം നില നിൽക്കുന്ന അമേരിക്കയിലെ ആശുപത്രികളിൽ പോലും ജനറൽ മെഡിസിൻ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അവിടെപോലും വേണ്ടത്ര കുടുംബ ഡോക്ടർമാരും ഉണ്ട് .
10. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പി.എച്ച്.സി കളെ എഫ്.എച്ച്.സി. എന്ന് പുനർനാമകരണം ചെയ്താൽ മാത്രം പോര. ഇവിടങ്ങളിൽ പരിശീലനം സിദ്ധിച്ച ഫാമിലി ഡോക്ടർമാരുണ്ടായിരിക്കണം. കേരളം ഇതര സംസ്ഥാനങ്ങൾക്ക് ഇനിയെങ്കിലും മാതൃക കാണിക്കണം .
11. കടുപ്പിച്ച കോവിഡ് നിയന്ത്രണ പരിപാടികൾ ജനങ്ങളെ ഭയചകിതരും ആശങ്കാകുലരുമാക്കി മാറ്റി. അതിനു വേണ്ടി സ്വീകരിച്ച നടപടി വിവിധ കാരണങ്ങളാൽ രോഗ ഭീതി ഒന്നുകൂടി കൂടുതൽ വളർത്തുകയും അവരുടെ അനാവശ്യ മുൻകരുതൽ വർദ്ധിപ്പിക്കുകയും മാത്രമാണ് ചെയ്തത്. ഇത് അസാധാരണമായ രോഗീ വർദ്ധനവിന് മറ്റൊരു കാരണമാണ്.

(കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ ആൻ്റ് ഹിമറ്റോളജി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമാണ് ഡോ. പി.കെ.ശശിധരൻ.)

Content highlights: We need family doctors- Dr. P. K Sasidharan

 

2 thoughts on “നമുക്ക് വേണ്ടത് കുടുംബ ഡോക്ടർമാർ – ഡോ.പി.കെ.ശശിധരൻ

  1. Dr Sashidharan has a valid point.But then, people will have to accept his view.. And doctors too should accept this view… Today every Dr wants to become specialists and super specialists….Then how will we implement this? Creating an awareness and educating the masses over period of time may yield results….

  2. ഡോക്ടറുടെ വിലയേറിയ അഭിപ്രായം ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണം.

Leave a Reply

Your email address will not be published. Required fields are marked *