വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കണം- കേന്ദ്രമന്ത്രി
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിൽ ഓരോരുത്തർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലത്ത് ആരംഭിച്ച അർബൻ ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാനസിക ആരോഗ്യത്തെ ശാരീരികാരോഗ്യം പോലെ തന്നെ ഗൗരവത്തിൽ സമീപിക്കുന്ന സ്ഥിതി ഉണ്ടാവണം. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നിർഭയത്വത്തോടെ പങ്കുവെക്കാൻ ഉതകുന്ന അവസരങ്ങൾ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി ഓർമ്മപ്പെടുത്തി.മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
‘എല്ലാവർക്കും ആരോഗ്യം’ എന്ന കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യനയത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾ. കേന്ദ്ര ഗ്രാൻ്റ് ഉപയോഗിച്ച് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ഹെൽത്ത് സെൻ്ററുകളാണ് ആകെ ലക്ഷ്യമാക്കിയത്. മാർച്ച് 24 നകം ലക്ഷ്യം സാക്ഷാത്കരിക്കാനാണ് കോർപ്പറേഷൻ ശ്രമം. 14ാമത് ഹെൽത്ത് സെൻ്ററാണ് ചേവരമ്പലത്ത് ആരംഭിച്ചത്.
നഗരപരിധിയിലെ എല്ലാ ജനങ്ങൾക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഒരുപോലെ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഓരോ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ കീഴിലും മൂന്ന് വീതം ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾ എന്ന തോതിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെ ഒ.പി സേവനം ഇത്തരം സെൻ്ററുകളിൽ ലഭ്യമാക്കും. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെ നാലു ജീവനക്കാരാണ് സെൻ്ററിൽ ഉണ്ടാവുക. ദിവസേന നൂറ്റമ്പതോളം പേർക്കുള്ള സൗകര്യം ഉറപ്പാക്കും.
ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷൻ, പകർച്ചവ്യാധി നിയന്ത്രണവും ചികിത്സയും, പകർച്ചേതര രോഗ ചികിത്സ തുടങ്ങി സാധാരണ പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ലഭ്യമാകുന്ന സേവനങ്ങൾ കൂടാതെ കൗമാരക്കാർക്കുള്ള പ്രത്യേക ക്ലിനിക്കുകൾ, ജീവിതശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ, വയോജനങ്ങൾക്കുള്ള സായാഹ്നോല്ലാസകേന്ദ്രം എന്നീ നിലയിലും ഹെൽത്ത് സെന്റർ പ്രവർത്തിക്കും.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ആയുഷ് മിഷൻ എന്നിവയുമായി ചേർന്നാണ് വെൽനസ്സ് സെൻ്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ടവതരണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് മുഖ്യാതിഥിയായി.