ആലപ്പുഴ മെഡി. കോളേജിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ കൂടി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങും
ആലപ്പുഴ വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിക്കും. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീന്‍ പവാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ കൂടി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള 120 കോടി രൂപയും സംസ്ഥാന സര്‍ക്കാർ അനുവദിച്ച 57 കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ആശുപത്രിക്ക് ആറു നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി എന്നിവയാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള മറ്റു വിഭാഗങ്ങള്‍. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. 12 മെഡിക്കല്‍ ഐ.സി.യു, എട്ട് സര്‍ജിക്കല്‍ ഐ.സി.യു എന്നിവയുൾപ്പെടെ 50 ഐ.സി. യു. കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. നൂതന ഉപകരണങ്ങള്‍ അടക്കം സജ്ജീകരിച്ച പോസ്റ്റ് കാത്ത്, സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുകൾ ആറ് എണ്ണം വീതം പുതിയ ബ്ലോക്കിലുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരികുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പുതിയ ആശുപത്രി ആരംഭിക്കുന്നതോടെ കയര്‍ മേഖലയിലേയും തീരദേശത്തേയും പാവപ്പെട്ട ജനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ ലഭ്യമാകുമെന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എച്ച്. സലാം എം.എല്‍.എ. പറഞ്ഞു.