തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക്
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ എസ്.എം.എ. ക്ലിനിക്കാണിത്. ക്ലിനിക്ക് മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു
എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച എന്ന നിലയിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുന്നതാണ്. എസ്.എംഎ. രോഗികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കായിരിക്കുമിത്.
എസ്.എം.എ ബാധിച്ചവര്‍ക്കും, സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവശ്യമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പീഡിയാട്രിക്
ന്യൂറോളജിസ്റ്റ്, കുഞ്ഞുങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ജനിതക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും ജനിതക സ്‌പെഷ്യലിസ്റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി ശ്വാസകോശ രോഗ വിദഗ്ദ്ധന്‍, എന്നിവരുടെ സേവനം ഇവിടെ ലഭിക്കും.
എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉടലെടുക്കുമ്പോള്‍ നേരിടാനായി ഇന്റന്‍സിവിസ്റ്റ് അസ്ഥിരോഗ വിദഗ്ധന്‍, വളര്‍ച്ചയും പോഷണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കായി ശിശുരോഗ വിദഗ്ദ്ധന്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് സാന്ത്വന പരിചരണ വിഭാഗം തുടങ്ങി ഒരു ടീമിന്റെ കൂട്ടായ സേവനം ഈ ക്ലിനിക്കിലൂടെ ലഭിക്കും.