സഞ്ജീവനി കർക്കടക ഫെസ്റ്റിന് തുടക്കമായി
ആരോഗ്യ സംരക്ഷണത്തിനായുള്ള ഔഷധ കൂട്ടുകളും കർക്കട കഞ്ഞിക്കിറ്റും എല്ലാമായി കുടുംബശ്രീയുടെ സഞ്ജീവനി കർക്കടക ഫെസ്റ്റ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ച ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു അധ്യക്ഷത വഹിച്ചു.
കർക്കടക മരുന്ന്, പോഷകപൊടി, ഈന്തപ്പഴലേഹ്യം, കർക്കടക കഞ്ഞിയും കിറ്റും, മുളയരി പായസം എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ കുടുംബശ്രി സംരംഭകർ തയ്യാറാക്കുന്ന കമ്പറവപ്പൊടി, കൂവപ്പൊടി, അച്ചാറുകൾ, മഞ്ഞൾ, മസാല പൊടികൾ തുടങ്ങിയ നാടൻ ഉത്പ്പന്നങ്ങളും വാങ്ങാം. കുടുംബശ്രി സംരംഭകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്താനും വിൽപ്പന നടത്താനും അവസരമൊരുക്കുകയാണ് ഫെസ്റ്റിലൂടെ. ഓഗസ്റ്റ് അഞ്ച് വരെയാണ് സഞ്ജീവനി ഫെസ്റ്റ്.